Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday 14 October 2017

യേശു ക്രിസ്തു ദൈവ വചനം

ബൈബിളില്‍ യേശുക്രിസ്തുവിനെ ദൈവ വചനം എന്ന് വിശേഷിപ്പിച്ചിട്ടുണ്ട് (യോഹ.1:1). എന്താണ് ദൈവത്തിന്‍റെ വചനം എന്ന് അറിയാത്ത ദാവാക്കാര്‍ ഈ പ്രസ്താവനയ്ക്ക് മുന്നില്‍ അസ്തപ്രജ്ഞരായി നില്‍ക്കാന്‍ തുടങ്ങിയിട്ട് കൊല്ലം 1400 കഴിഞ്ഞു. അവരെ സംബന്ധിച്ച് ദൈവവചനം എന്ന് പറഞ്ഞാല്‍ അത് കിത്താബ് ആണ്, കിത്താബ് മാത്രമാണ്, കിത്താബല്ലാതെ വേറെ ഒന്നുമല്ല! അതുകൊണ്ടാണ് യേശുക്രിസ്തു എന്ന വ്യക്തിയെ ദൈവവചനം എന്ന് വിളിച്ചിരിക്കുന്നത് അവര്‍ക്ക് കല്ലുകടിയായി നില്‍ക്കുന്നത്. യേശുക്രിസ്തു ദൈവ വചനമാണെങ്കില്‍ ബൈബിള്‍ യേശുക്രിസ്തു ആണോ, ബൈബിള്‍ ദൈവം ആണോ തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങളും പുട്ടിന് തേങ്ങാപ്പീര പോലെ ചില വിവരദോഷികള്‍ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നത് കേള്‍ക്കാം. അവരുടെ വിവരദോഷം മാറ്റാന്‍ കഴിയും എന്ന പ്രതീക്ഷ ഇല്ലെങ്കിലും അവരുടെ ഈ മണ്ടന്‍ ചോദ്യങ്ങള്‍ കേട്ട് ആരെങ്കിലും ആശയക്കുഴപ്പത്തില്‍ ആയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് സത്യം ബോധ്യപ്പെടുത്തിക്കൊടുക്കാന്‍ വേണ്ടിയാണ് ഈ ലേഖനം പോസ്റ്റ്‌ ചെയ്യുന്നത്.
യേശുക്രിസ്തുവിനെ ദൈവത്തിന്‍റെ ജ്ഞാനം എന്ന് ബൈബിള്‍ വിളിച്ചിട്ടുണ്ട് (1.കൊരി.1:24,30). ഒരു മനുഷ്യന്‍റെ ജ്ഞാനം അയാളുടെ ഉള്ളിലാണ് ഇരിക്കുന്നത്. അതുപോലെ ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്‍റെ ഉള്ളില്‍ ജ്ഞാനം ഉണ്ടാകാന്‍ കാലം കുറെ എടുക്കണം. ജനിച്ച ഉടനെയോ ശൈശവകാലത്തോ ബാല്യകാലത്തോ ഒരുവനില്‍ ജ്ഞാനം ഉണ്ടായിരിക്കില്ല. വായിച്ചും കണ്ടും കേട്ടും അറിഞ്ഞുമാണ് ഒരാളില്‍ ജ്ഞാനം ഉണ്ടാകുന്നത്. എന്നാല്‍ ദൈവത്തിന്‍റെ കാര്യത്തില്‍ ഇങ്ങനെ ഒരു പ്രശ്നം ഇല്ല. ദൈവത്തിന് ജ്ഞാനം ഇല്ലാതിരുന്ന ഒരു കാലം ഒരിക്കലും ഉണ്ടായിട്ടില്ല. അങ്ങനെയൊരു കാലം ഉണ്ടായിരുന്നെങ്കില്‍ ദൈവത്തിനെ സര്‍വ്വജ്ഞാനി എന്ന് വിളിക്കാന്‍ കഴിയുകയില്ല. സര്‍വ്വജ്ഞാനിയല്ലാത്തയാളെ ദൈവം എന്ന് വിളിക്കാനും കഴിയുകയില്ല.
മനുഷ്യന്‍റെ ജ്ഞാനത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. ഇന്നലെ വരെ സത്യമാണെന്ന് ധരിച്ചു വെച്ചിരുന്ന ഒരു കാര്യം ഇന്ന് അസത്യമാണെന്ന് ബോധ്യമായാല്‍ അസത്യമായതിനെ തള്ളുവാനും സത്യമായതിനെ സ്വീകരിക്കാനും അവന്‍ സന്നദ്ധനാകും. അതുപോലെ, ഇന്നലെ വരെ അറിയാതിരുന്ന കാര്യം ഇന്ന് അറിഞ്ഞെന്ന് വരാം. എങ്ങനെയായാലും ഇതെല്ലാം അവന്‍റെ ജ്ഞാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ദൈവത്തിനു ജ്ഞാനത്തിന്‍റെ ഏറ്റക്കുറച്ചിലുകള്‍ ഒരിക്കലും ഉണ്ടാകുന്നില്ല. മനുഷ്യന് ഓരോ ദിവസം കഴിയുന്തോറും ജ്ഞാനം കൂടിക്കൂടി വരുന്നതുപോലെ ദൈവത്തിന് ജ്ഞാനം കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തില്‍ അവന്‍ തികഞ്ഞവനാണ്. ഇന്ന് അവന് പുതുതായി എന്തെങ്കിലും ജ്ഞാനം ലഭിച്ചു എന്ന് പറഞ്ഞാല്‍ അതിന്‍റെയര്‍ത്ഥം ഇന്നലെ അവന് ആ ജ്ഞാനം ഇല്ലായിരുന്നു എന്നാണ്. ഇത് ദൈവത്തിന്‍റെ സര്‍വ്വജ്ഞാനത്തിന് എതിരാണ്. ചുരുക്കത്തില്‍ ദൈവം നിത്യനായിരിക്കുന്നത് പോലെത്തന്നെ ദൈവത്തിന്‍റെ ജ്ഞാനവും നിത്യമാണ്, ആ ജ്ഞാനത്തിന് ആരംഭമോ അവസാനമോ ഇല്ല.
ജ്ഞാനത്തില്‍ നിന്നാണ് ചിന്ത ഉണ്ടാകുന്നത്. ഒരുവന്‍റെ ജ്ഞാനവും ചിന്തകളും അവന്‍റെ ഉള്ളില്‍ നിന്ന് പുറത്തു വരുന്നത് വാക്കുകളായിട്ടാണ് അഥവാ വചനമായിട്ടാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തില്‍നിന്നു പുറത്തു വരുന്നതും വചനമായിട്ടാണ്. അതുകൊണ്ടാണ് ദൈവജ്ഞാനമായ യേശുക്രിസ്തുവിനെ ദൈവവചനം എന്നും വിളിക്കുന്നത്‌. ദൈവത്തിന്‍റെ ജ്ഞാനം നിത്യമായിരിക്കുന്നത് പോലെത്തന്നെ, ആ ജ്ഞാനത്തില്‍ നിന്നുത്ഭൂതമായ വചനവും നിത്യമാണ്. ദൈവത്തിന്‍റെ ജ്ഞാനം ദൈവത്തിന്‍റെ ഉള്ളില്‍ ദൈവത്തോടു കൂടെത്തന്നെ ഉണ്ട്. അതിനാലാണ് യോഹന്നാന്‍ സുവിശേഷത്തിന്‍റെ ആമുഖത്തില്‍ ദൈവാത്മാവ്: “ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു” (യോഹ.1:1,2) എന്ന് പറഞ്ഞിരിക്കുന്നത്.
ഒരുവന്‍റെ വാക്കുകള്‍ എന്നത് അവനില്‍ നിന്നുത്ഭവിക്കുന്നതാണ്, അഥവാ അവന്‍ ജനിപ്പിക്കുന്നതാണ്. ജനിക്കുക എന്ന് പറഞ്ഞാല്‍ ഉണ്ടാകുക എന്നല്ല അര്‍ത്ഥം എന്ന് ദാവാക്കാര്‍ക്കറിയില്ല. ജനനം എന്നാല്‍ ഉള്ളില്‍ ഉള്ളത് പുറത്തു വരുന്ന പ്രക്രിയയാണ്, അത് സൃഷ്ടി കര്‍മ്മമല്ല. വചനത്തെ ജനിപ്പിക്കുക എന്ന് പറഞ്ഞാ;ല്‍ വചനത്തെ സൃഷ്ടിക്കുകയല്ല, മറിച്ചു തന്‍റെ ഉള്ളിലുള്ള വചനത്തെ പുറത്തു വിടുന്നതാണ്. ഒരു വ്യക്തിയുടെ വചനങ്ങളുടെ പിതൃത്വം അവനു തന്നെയാണ്. ദൈവത്തിന്‍റെ വചനത്തിന്‍റെ പിതൃത്വം ദൈവത്തിനാണ്. അതുകൊണ്ട് വചനത്തെ ജനിപ്പിച്ച ദൈവത്തിനെ പിതാവ് എന്നും ജനിച്ച വചനത്തെ പുത്രന്‍ എന്നും ബൈബിള്‍ വിളിക്കുന്നു. അനാദികാലത്ത് ദൈവത്തില്‍ ജ്ഞാനമായി ഉണ്ടായിരുന്നവന്‍, ലോകസൃഷ്ടിമുതല്‍ വചനമായി ദൈവത്തില്‍ നിന്ന് പുറത്തുവന്ന വചനം, കാലത്തിന്‍റെ തികവില്‍ മനുഷ്യ ശരീരം ധരിച്ചു സ്ത്രീയില്‍ നിന്ന് വന്നതാണ് യേശുക്രിസ്തു. അതുകൊണ്ടാണ് ദൈവാത്മാവ്‌ ഇപ്രകാരം പറഞ്ഞത്: ‘വചനം ജഡമായിത്തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു’ (യോഹ.1:14) എന്ന്‍.
പിതാവിന്‍റെ ഉള്ളില്‍നിന്നു പുത്രന്‍ പുറത്തു വന്നപ്പോഴും പിതാവിന് തന്നില്‍ത്തന്നെ ജീവനുള്ളതു പോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുള്ളവനായിട്ടാണ് നില്‍ക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ പിതാവിന് സ്വയാസ്തിക്യം ഉള്ളതുപോലെ പുത്രനും സ്വയാസ്തിക്യം ഉണ്ട്. പിതാവിന്‍റെ നിലനില്‍പ്പിന് ആരും കാരണമല്ലാത്തതുപോലെ പുത്രന്‍റെ നിലനില്‍പ്പിനും ആരും കാരണമല്ല. “പിതാവിന്നു തന്നില്‍തന്നേ ജീവനുള്ളതുപോലെ അവന്‍ പുത്രന്നും തന്നില്‍തന്നേ ജീവനുള്ളവന്‍ ആകുമാറു വരം നല്കിയിരിക്കുന്നു” (യോഹ.5:26) എന്ന് യേശുക്രിസ്തു പറഞ്ഞതിന് കാരണമിതാണ്.
ബൈബിള്‍ ദൈവത്തിന്‍റെ വചനമാണെന്ന് പറയുമ്പോള്‍ യേശുക്രിസ്തുവിനെ പോലെ, ദൈവത്തില്‍ നിന്ന് പുറത്തു വന്ന വചനം എന്ന നിലയിലല്ല ക്രൈസ്തവര്‍ അതിനെ കാണുന്നത്. “ദൈവം മനുഷ്യരാശിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് വേണ്ടി നല്‍കിയ വചനം” എന്ന അര്‍ത്ഥത്തിലാണ് ക്രൈസ്തവര്‍ ബൈബിളിനെ കാണുന്നത്. ഞങ്ങള്‍ക്ക് രണ്ട് ദൈവവചനമുണ്ട്. ഒന്ന് എഴുതപ്പെട്ട ദൈവവചനം, അത് ഞങ്ങളുടെ കൈവശമിരിക്കുന്നു. രണ്ട്, എഴുതപ്പെടാത്ത ദൈവവചനം, അത് സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു. എഴുതപ്പെട്ട ദൈവചനം നിത്യമായതല്ല, അതിന് ആരംഭവും അവസാനവും ഉണ്ട്. ഉല്‍പത്തി.1:1-ല്‍ അത് ആരംഭിക്കുകയും വെളിപ്പാട് 22:21-ല്‍ അവസാനിക്കുകയും ചെയ്യുന്നു. ആരംഭവും അവസാനവും ഉള്ള ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. എഴുതപ്പെട്ട ദൈവവചനത്തെ നശിപ്പിക്കാന്‍ കഴിയും. അത് തീയിലിട്ടാല്‍ കത്തിപ്പോകും. നശിപ്പിക്കപ്പെടുന്ന ഒന്നിനെ നിത്യമായത് എന്ന് പറയാന്‍ കഴിയില്ല. മാത്രമല്ല, ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലേക്ക് ചെല്ലുമ്പോള്‍ അവിടെ ഞങ്ങള്‍ക്ക് ഈ എഴുതപ്പെട്ട ദൈവവചനം ആവശ്യമില്ല. അവിടെ ഞങ്ങള്‍ക്ക് എഴുതപ്പെടാത്ത ദൈവവചനം അഥവാ യേശുക്രിസ്തു ഉണ്ട്.
എഴുതപ്പെടാത്ത ദൈവവചനം അഥവാ പുത്രനായ യേശുക്രിസ്തു സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നവനാണ്. അവന്‍ ആരംഭവും അവസാനവും ഇല്ലാത്തവനാണ്, ഇന്നലെയും ഇന്നും എന്നന്നേക്കും അനന്യനാണ്, മാറ്റമില്ലാത്തവനാണ്. അതുകൊണ്ടുതന്നെ ചിരന്തനനുമാണ്. അവന്‍ സൃഷ്ടിയല്ല, അവനിലൂടെയാണ് സൃഷ്ടിപ്പ് നടന്നത് തന്നെ. “യഹോവയുടെ വചനത്താല്‍ ആകാശവും അവന്‍റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി” (സങ്കീ. 33:6) എന്നാണ് ബൈബിള്‍ പറയുന്നത്. ഈ ദൈവവചനം ജഡം ധരിച്ചതാണ് യേശുക്രിസ്തു എന്ന് ബൈബിള്‍ സുവ്യക്തവും ഖണ്ഡിതവുമായി പറയുന്നു.
ഞങ്ങളെ സംബന്ധിച്ച് യേശുക്രിസ്തുവിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും ബൈബിളിനെ ദൈവവചനം എന്ന് വിളിക്കുമ്പോഴും അതിന്‍റെ രണ്ടിന്‍റെയും അര്‍ത്ഥവ്യത്യാസം എന്താണെന്ന് മനസ്സിലാക്കിയിട്ടു തന്നെയാണ് വിളിക്കുന്നത്‌.
പക്ഷെ എന്താണ് ഇസ്ലാമിന്‍റെ സ്ഥിതി? ഇസ്ലാമില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എന്താണ്? അല്ലാഹുവിന്‍റെ വചനം സൃഷ്ടിയാണോ അല്ലയോ എന്ന കാര്യത്തില്‍പ്പോലും മുസ്ലീങ്ങള്‍ക്ക് ഏകാഭിപ്രായമല്ല ഉള്ളത്. അവര്‍ക്ക് ആകെ ഒരേയൊരു വചനം മാത്രമേയുള്ളൂ, അത് ഖുര്‍ആന്‍ ആണ്. ഖുര്‍ആന്‍ സൃഷ്ടിയാണ് എന്ന് വാദിച്ചതിന്‍റെ പേരിലും സൃഷ്ടിയല്ല എന്ന് വാദിച്ചതിന്‍റെ പേരിലും തല പോയ ആയിരക്കണക്കിനാളുകളെ ഇസ്ലാമിക ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയും.
അല്ലാഹുവിന്‍റെ അടുക്കല്‍ ഒരു പുസ്തകം ഉള്ളതിനെ കുറിച്ച് ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നത് നോക്കാം: “അല്ല, അത്‌ മഹത്വമേറിയ ഒരു ഖുര്‍ആനാകുന്നു. സംരക്ഷിതമായ ഒരു ഫലകത്തിലാണ്‌ അതുള്ളത്‌” (സൂറാ.85:21,22). “തീര്‍ച്ചയായും നാം ഇതിനെ അറബി ഭാഷയിലുള്ള ഒരു ഖുര്‍ആന്‍ ആക്കിയിരിക്കുന്നത്‌ നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുവാന്‍ വേണ്ടിയാകുന്നു. തീര്‍ച്ചയായും അത്‌ മൂലഗ്രന്ഥത്തില്‍ നമ്മുടെ അടുക്കല്‍ (സൂക്ഷിക്കപ്പെട്ടതത്രെ.) അത്‌ ഉന്നതവും വിജ്ഞാനസമ്പന്നവും തന്നെയാകുന്നു” (സൂറാ.43:3,4)
ഖുര്‍ആനെ കുറിച്ച് മുഹമ്മദ്‌ പറഞ്ഞിരിക്കുന്നത്, “എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പ്, അള്ളാഹു തന്‍റെ അടുക്കല്‍ ഉള്ള ഒരു പുസ്തകത്തില്‍ ഇപ്രകാരം എഴുതി: എന്‍റെ കരുണ എന്‍റെ കോപത്തിന് മുന്‍പേ പോകുന്നതാണ്.’ ആ പുസ്തകം അവന്‍റെ സിംഹാസനത്തിന്‍റെ അടുക്കല്‍ ഉണ്ട്.” (സ്വഹീഹ് ബുഖാരി, വാല്യം 9: ബുക്ക് 93; ഹദീസ് നമ്പര്‍ 643).
എല്ലാ സൃഷ്ടികളേയും സൃഷ്ടിക്കുന്നതിനു മുന്‍പാണ് അല്ലാഹു ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത് എന്ന് പറയുമ്പോള്‍ ഈ പുസ്തകം സൃഷ്ടിയല്ല എന്ന് വരുന്നു. സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവായിരിക്കണം. ഇസ്ലാമിക വിശ്വാസമനുസരിച്ച് അല്ലാഹുവല്ലാതെ വേറെ ഒരു സ്രഷ്ടാവില്ല. അപ്പോള്‍ ഖുര്‍ആന്‍റെ സ്ഥാനം എവിടെയാണ്? ഇവിടെ വേറൊരു ചോദ്യം കൂടി വരുന്നുണ്ട്: പേനയില്ലാതെ അല്ലാഹു എങ്ങനെ എഴുതി? ഈ ചോദ്യത്തിനുത്തരം ഹദീസ് നല്‍കുന്നുണ്ട്. സുനാന്‍ അല്‍-തിര്‍മിദി, വോളിയം 5, ബുക്ക് 44, ഹദീസ് നമ്പര്‍ 3319-ല്‍ നാം വായിക്കുന്നത് ‘അല്ലാഹു ഏറ്റവും ആദ്യം സൃഷ്ടിച്ചത് പേനയാണെന്നും ആ പേനയോടു അല്ലാഹു എഴുതാന്‍ കല്‍പിക്കുകയായിരുന്നു’ എന്നുമാണ്! ഈ പേനയെക്കുറിച്ചു പറയുന്ന വേറൊരു ഹദീസ് ഇതാണ്:
ജാബിര്‍ നിവേദനം: സുറാഖത്ത് ബ്നു മാലിക് വന്നിട്ട് പറഞ്ഞു: ‘അല്ലാഹുവിന്‍റെ ദൂതരെ, ഞങ്ങള്‍ ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടവരാണ് എന്ന നിലക്ക് ഞങ്ങള്‍ക്ക് ഞങ്ങളുടെ മതം വിവരിച്ചു തന്നാലും.എന്തിനാണ് ഇന്ന് ഞങ്ങള്‍ കര്‍മ്മം ചെയ്യുന്നത്? പേനകള്‍ ഉണങ്ങിയിട്ടില്ലേ? വിധികള്‍ നടപ്പിലാകുകയും ചെയ്തിട്ടില്ലേ? അല്ലെങ്കില്‍ എന്തിനാണ് ഭാവി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്?’ നബി പറഞ്ഞു: ‘എന്നാല്‍ പേനകള്‍ ഉണങ്ങിയതിനാലും, വിധികള്‍ നടപ്പിലായതിനാലും എന്തിനാണ് കര്‍മ്മം ചെയ്യുന്നത് എന്നല്ലേ?’- സുഹൈര്‍ പറയുകയാണ്‌: പിന്നീട് (നിവേദകരില്‍ ഒരാളായ) അബൂസുബൈര്‍ എനിക്ക് മനസ്സിലാകാത്ത എന്തോ ഒന്ന് സംസാരിച്ചു. ഞാന്‍ ചോദിച്ചു: എന്താണ് പറഞ്ഞത്? അപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ കര്‍മ്മം ചെയ്യുക, എല്ലാം എളുപ്പമാക്കുന്നതാണ്.’ (സ്വഹീഹ് മുസ്ലീം, വാല്യം 3, ഭാഗം 46, ഹദീസ് നമ്പര്‍ 8(2648)
ഇവിടെ പേനകള്‍ ഉണങ്ങിയിട്ടില്ലേ എന്ന് ചോദിക്കുന്നത് സൃഷ്ടിപ്പിനു മുന്‍പ് തന്നെ ഓരോ ജീവജാലങ്ങളെക്കുറിച്ച് എഴുതാനുള്ളതെല്ലാം എഴുതി വെച്ചു കഴിഞ്ഞിരിക്കുന്നു, ഇനി അവന്‍ നല്ലത് ചെയ്താലും ചീത്ത ചെയ്താലും പ്രത്യേകിച്ച് ഒന്നും എഴുതാനില്ലല്ലോ എന്ന അര്‍ത്ഥത്തിലാണ്. നിത്യമായ ഒരു പുസ്തകം ഉണ്ടെന്ന് ഇവിടെയും പറയുന്നു. ഖുര്‍ആന്‍ നിത്യമായതാണെങ്കില്‍ ഇസ്ലാമിന്‍റെ തൗഹീദ് അവിടെ തകരും. അല്ലാഹുവും ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നുവെന്ന് വരും.
തീര്‍ന്നിട്ടില്ല, ഈ ഖുര്‍ആനിലെ രണ്ട് അദ്ധ്യായങ്ങള്‍ അന്ത്യകാലത്ത് പക്ഷികളെപ്പോലെ രണ്ട് ചിറകും വെച്ച് പറന്നു വരും എന്നാണ് മുഹമ്മദ്‌ പറഞ്ഞത്:
അബൂഉമാമതല്‍ ബാഹിലിയ്യി നിവേദനം: റസൂല്‍ പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. നിശ്ചയമായും അത് (ഖുര്‍ആന്‍) ഖിയാമത് നാളില്‍ അതിന്‍റെ ആളുകള്‍ക്ക് (പാരായണം ചെയ്തവര്‍ക്ക്) ശുപാര്‍ശ ചെയ്യുന്നതായി വരുന്നതാണ്. (അതുകൊണ്ട്) പ്രകാശം നല്‍കുന്ന രണ്ട് സൂറഃകള്‍ ഓതുവിന്‍. അതായത്, സൂറത്തുല്‍ ബഖറയും, സൂറത് ആലുഇംറാനും. ഇത് രണ്ടും ഖിയാമത്ത് നാളില്‍ (ഓതുന്നവര്‍ക്ക്) മേഘകുടകളെ പോലെ വരും (തണല്‍ നല്‍കും). അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെ ആയിരിക്കും. (ആ രണ്ട് സൂറത്തും) അത് രണ്ടും പാരായണം ചെയ്തവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും. (അതിനാല്‍) നിങ്ങള്‍ സൂറത്തുല്‍ ബഖറ ഓതുവിന്‍. നിശ്ചയം അത് എടുക്കല്‍ (പാരായണം ചെയ്യല്‍) അനുഗ്രഹവും അതുപേക്ഷിക്കല്‍ (പാരായണം ചെയ്യാതിരിക്കല്‍) നഷ്ടവുമാകുന്നു). (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 252 (804)
നവ്വാസ് ബ്നു സംആനില്‍കിലാബിയ്യി പറയുന്നത് കേട്ടതായി ജുബൈര്‍ ബ്നു നുഫൈര്‍ നിവേദനം ചെയ്ത ഹദീസ്. റസൂല്‍ പറയുന്നതായി ഞാന്‍ കേട്ടു: ‘ഖിയാമത്ത് നാളില്‍ ഖുര്‍ആനിനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചിരുന്ന ആളുകളെയും കൊണ്ടുവരും. സൂറത്തുല്‍ ബഖറയും ആലുഇംറാന്‍ സൂറത്തുമായിരിക്കും മുന്നിലുണ്ടായിരിക്കുക. ഈ രണ്ട് സൂറത്തുകള്‍ക്ക് നബി മൂന്ന് ഉപമകള്‍ പറഞ്ഞിട്ടുണ്ട്. ഇതേവരെ ഞാനത് മറന്നിട്ടില്ല. അവ നിഴല്‍ നല്‍കുന്ന രണ്ട് മേഘം പോലെയോ അല്ലെങ്കില്‍ രണ്ടിന്‍റെയും ഇടയ്ക്ക് പ്രകാശം നല്‍കുന്ന രണ്ട് കറുത്ത കുട പോലെയോ ആയിരിക്കും. അല്ലെങ്കില്‍ അണിയായി പറക്കുന്ന രണ്ട് കൂട്ടം പക്ഷികളെപ്പോലെയോ ആയിരിക്കും. അത് രണ്ടും (രണ്ട് സൂറത്തുകളും) അത് പാരായണം ചെയ്യുന്നവര്‍ക്കായി ന്യായവാദം നടത്തുകയും ചെയ്യും.’ (സ്വഹീഹ് മുസ്ലീം, വാല്യം 1, ഭാഗം 6, ഹദീസ് നമ്പര്‍ 253 (805).
സുനാന്‍ ഇബ്നു മജാ, വോളിയം 5, ബുക്ക് 33, ഹദീസ് നമ്പര്‍ 3781-ല്‍ പറയുന്നത് “ഈ ഖുര്‍ആന്‍ പുനരുത്ഥാന നാളില്‍ ഒരു വിളറിയ മനുഷ്യനെ പോലെ വന്നിട്ട് ‘നിന്നെ രാത്രിയില്‍ ഉണര്‍ത്തിയതും പകല്‍ നിനക്ക് ദാഹമുണ്ടാക്കിയതും ഞാനാണ്’ എന്ന് പറയും” എന്നാണ്.
എല്ലാം സൃഷ്ടിക്കും മുന്‍പേ അല്ലാഹുവിന്‍റെ അടുക്കല്‍ ഉണ്ടായിരുന്നതും പക്ഷികളെപ്പോലെ രണ്ട് ചിറകുകള്‍ വെച്ച് പറന്നു വരുന്നതും വിളറിയ മനുഷ്യനെപ്പോലെ നടന്ന് വരുന്നതും മനുഷ്യര്‍ക്ക് വേണ്ടി സാക്ഷി നില്‍ക്കുന്നതുമായ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ ഏകദൈവവിശ്വാസത്തിന്‍റെ (തൗഹീദ്) കടക്കല്‍ കത്തിവെക്കുന്നതാണ്.
ഖുര്‍ആന്‍ സൃഷ്ടിയല്ല എന്ന് വന്നാല്‍ ഉണ്ടാകുന്ന ഒരു വലിയ പ്രശ്നമുണ്ട്. വല്യ വായില്‍ മുസ്ലീങ്ങള്‍ പാടിക്കൊണ്ട് നടക്കുന്ന തൗഹീദ് അതോടെ പൊളിയും എന്നതാണ് അത്. കാരണം ഖുര്‍ആന്‍ സൃഷ്ടിയല്ലെങ്കില്‍ പിന്നെ സ്രഷ്ടാവ്‌ ആയിരിക്കണം. സൃഷ്ടിയും സ്രഷ്ടാവും അല്ലാതെ മൂന്നാമതൊന്ന് ഇല്ലല്ലോ. അപ്പൊ അല്ലാഹുവും സ്രഷ്ടാവ്‌, ഖുര്‍ആനും സ്രഷ്ടാവ്‌. രണ്ടു സ്രഷ്ടാവ്‌ വന്നാല്‍ തൗഹീദ് എങ്ങനെ ശരിയാകും? മാത്രമല്ല, ഖുര്‍ആന്‍ നിത്യമാണ് എന്ന് വന്നാലും പ്രശ്നമാണ്. നിത്യമായി നിലനില്‍ക്കുന്നത് ദൈവം മാത്രമാണ്. അപ്പോള്‍ അല്ലാഹുവും നിത്യമായി നിലനില്‍ക്കുന്നു, ഖുര്‍ആനും നിത്യമായി നിലനില്‍ക്കുന്നു. തൗഹീദ് വീണ്ടും പൊളിയുന്നു...
ദൈവവചനം സൃഷ്ടിയല്ല, ദൈവവചനം ദൈവമാണ്, ദൈവവചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നതാണ് എന്നൊക്കെ ക്രിസ്ത്യാനികള്‍ പറയുന്നത്‌ കേട്ടപ്പോള്‍ മുഹമ്മദ്‌ വിചാരിച്ചത് ബൈബിളിനെക്കുറിച്ചാണ് ഈ പറയുന്നതെന്നാ. അതുകൊണ്ടാണ് ദൈവവചനത്തിനുള്ളതായി ക്രൈസ്തവര്‍ പറഞ്ഞ എല്ലാ ഗുണങ്ങളും ഖുര്‍ആന് ഉള്ളതായി മുഹമ്മദ്‌ തട്ടിവിട്ടത്. പക്ഷേ ക്രൈസ്തവര്‍ ദൈവവചനമെന്നു പറഞ്ഞത് ബൈബിളിനെ ഉദ്ദേശിച്ചല്ല, യേശുക്രിസ്തുവിനെ ഉദ്ദേശിച്ചാണെന്നും യേശുക്രിസ്തുവിന് കൊടുത്തിരിക്കുന്ന ഈ വിശേഷണങ്ങള്‍ എല്ലാം ഖുര്‍ആന് നല്‍കിയാല്‍ താന്‍ വലിയ വായില്‍ പറഞ്ഞുകൊണ്ട് നടന്ന തൗഹീദ് വെള്ളത്തിലാകും എന്ന് മനസ്സിലാക്കാനുള്ള ബോധം മാത്രം മുഹമ്മദിന് പോയില്ല!!
എന്തായാലും, ഇസ്ലാമിക വിശ്വാസത്തില്‍ അല്ലാഹുവിന്‍റെ വചനത്തിന്‍റെ സ്ഥാനം എവിടെയാണ് എന്നുപോലും മുസ്ലീങ്ങള്‍ക്ക് ഈ 1400 കൊല്ലമായിട്ട് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അങ്ങനെയുള്ള കൂട്ടരാണ് ദൈവത്തിന്‍റെ വചനമായ ബൈബിളിനും ദൈവവചനമായ യേശുക്രിസ്തുവിനും നേരെ ഓരോ ആരോപണങ്ങളുമായി വരുന്നത്!

കടപ്പാട്: അനില്‍ കുമാര്‍ അയ്യപ്പന്‍

No comments:

Post a Comment