Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Wednesday 13 May 2015

19 ആം നൂറ്റാണ്ടിലെ മിഷനറി നവോഥാനസംഭാവന കേരളത്തില്‍!

വിവരങ്ങള്‍ നല്‍കിയതിനു കടപ്പാട് : അനില്‍ കുമാര്‍ വി അയ്യപ്പന്‍

☨  “ആണ്ടുതോറും, പണ്ഡിതരായി ഗണിക്കപ്പെടുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയെന്നത് ബംഗാളിലെ സമ്പന്നരായ ആളുകളുടെ ഒരു പതിവായി തീര്‍ന്നിരിക്കുന്നു. മിക്കപ്പോഴും പിതാവിന്‍റെ കാലശേഷം പുത്രനും എന്ന രീതിയിലേക്ക് ഇത്തരം സമ്മാനദാനങ്ങള്‍ അധഃപതിച്ചിട്ടുണ്ടെന്നു പറയാതെ വയ്യ. സമ്മാനം നല്‍കുന്നവന്‍റെ പ്രതിജ്ഞക്കനുസൃതമായി ധാന്യമോ വസ്ത്രമോ പണമോ ആയിരിക്കാം സമ്മാനം. ഇത്തരം അവസരങ്ങളില്‍ ആയിരം രൂപ വരെ മൂല്യമുള്ള വസ്തുക്കള്‍ ഒരൊറ്റ ദായകനില്‍ നിന്നും ഒരു ബ്രാഹ്മണന് ലഭിക്കാറുണ്ട്. സാധാരണയായി ഉത്സവങ്ങളോടനുബന്ധിച്ചാണ് ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്നത്.”
☨  “ബ്രാഹ്മണര്‍ക്ക് വരുമാനമുണ്ടാക്കാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ് ശിഷ്യന്മാരെ സമാഹരിക്കുന്നതും അവരുടെ ആത്മീയ ഗുരുവായി തീരുന്നതും. ചില ദേവന്മാരുടെ പേരുകള്‍ ഉരുവിട്ടുകൊണ്ട് രോഗം ഭേദമാക്കാമെന്നവകാശപ്പെടുന്നതും ഘട്ടകര്‍ എന്ന നിലയില്‍ വിവാഹബന്ധങ്ങള്‍ ഉറപ്പിക്കുന്നത് വരെ ചില ബ്രാഹ്മണര്‍ തൊഴിലായി കൊണ്ടുനടക്കും. വലിയ ഉത്സവങ്ങളുടെ വേളകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ ഉള്‍പ്പെടെ കല്‍ക്കത്തയിലെ അയ്യായിരത്തില്‍ കുറയാത്ത ബ്രാഹ്മണര്‍ സമ്പന്നരായ ഹിന്ദുക്കളുടെ ദാനം കൊണ്ടാണ് നിലനിന്നു പോരുന്നത്.”
………
☨ “എന്നാല്‍, ‘ദേവോത്തമരു’ടെ ഏറ്റവും വലിയ അവലംബം ദേവന്മാരുടെ പേരില്‍ സമര്‍പ്പിക്കുന്ന പാര്‍പ്പിടങ്ങള്‍, ഭൂമി, കുളങ്ങള്‍, തോട്ടങ്ങള്‍ തുടങ്ങിയവയാണ്. ബ്രഹ്മോത്തരര്‍ എന്ന പേരില്‍ ഇത്തരം ഭക്തിക്കു പ്രതിഫലമായി സ്വര്‍ഗ്ഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന മുന്‍ രാജാക്കന്മാരും സമ്പന്നരുമാണ് ഇങ്ങനെ ദാനം നല്‍കുന്നവര്‍. ഭൂമിയിലും ഭൂമിക്ക് മുകളിലുമുള്ള ഇത്തരം മൂര്‍ത്തികള്‍ക്ക് പാര്‍പ്പിടങ്ങള്‍, വൃക്ഷങ്ങള്‍, ഭൂമി, കുളങ്ങള്‍ എന്നിവ ദാനമായി നല്‍കുന്നത് ഇന്നും അസാധാരണമല്ല. എന്നലാത് മുന്‍കാലങ്ങളിലെപ്പോലെ വ്യാപകമല്ലെന്ന വ്യത്യാസമേയുള്ളൂ. വരുമാനത്തെ ബാധിച്ചേക്കാം എന്നതിനാല്‍ ഇത്തരം ഭൂമി കൈമാറ്റത്തില്‍ ഈസ്റ്റിന്ത്യാ കമ്പനി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഞാന്‍ അറിയുകയുണ്ടായി.”
“എന്തായാലും, ഈ മട്ടില്‍ പുരോഹിതന്മാരുടെയും ബ്രാഹ്മണരുടേയും പക്കല്‍ കുന്നുകൂടിയിട്ടുള്ള സ്വത്തുക്കള്‍ക്ക് അതിഭീമമായ വില വരുമെന്നാണ് നിര്‍ണ്ണയിച്ചിട്ടുള്ളത്. ആണ്ടുതോറും പതിനഞ്ചോ ഇരുപതോ ലക്ഷം രൂപ കരം ചുമത്താവുന്നത്ര സ്വത്തുക്കള്‍ ബര്‍ദ്വാന്‍ ജില്ലയില്‍ മാത്രം ബ്രാഹ്മണര്‍ക്ക് ദാനമായി ലഭിച്ചിട്ടുണ്ടെന്നാണ് എനിക്കറിയാന്‍ കഴിഞ്ഞിട്ടുള്ളത്. നാദിയ ജില്ലയില്‍ മാത്രം ദൈവങ്ങളുടെ പേരില്‍ വ്യത്യസ്ത രാജാക്കന്മാര്‍ ബ്രാഹ്മണര്‍ക്ക്‌ ദാനം ചെയ്തിട്ടുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം 18 ലക്ഷം ബിഗ അഥവാ ആറ് ലക്ഷം ഏക്കറാണ്. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ ബ്രാഹ്മണരുമായി താരതമ്യപ്പെടുത്തിയാല്‍ കത്തോലിക്കാ രാജ്യങ്ങളിലെ പുരോഹിതന്മാര്‍ ദേശീയ സമ്പത്തിന്‍റെ വളരെ നിസ്സാരമായ ഭാഗം മാത്രമേ കവര്‍ന്നെടുക്കുന്നുള്ളൂ എന്ന് പറയേണ്ടി വരും.” (വാര്‍ഡ്‌, വാല്യം 1, പേജ്. 85-88)
………
☨ ബംഗാളിലെ തദ്ദേശീയരായ വ്യത്യസ്ത വിഭാഗങ്ങളെക്കുറിച്ച് സൂക്ഷ്മവും കൃത്യവുമായ അറിവുണ്ടായിരുന്ന മി. വാര്‍ഡ്‌ അദ്ദേഹത്തിന്‍റെ കാലഘട്ടത്തിലെ അവിടത്തെ ബ്രാഹ്മണരെക്കുറിച്ചാണ് ഇവിടെ വിവരിച്ചിട്ടുള്ളത്. എന്തായാലും ബംഗാളിലെ പലഭാഗങ്ങളിലും കഴിഞ്ഞ കുറേ\വര്‍ഷങ്ങള്‍ക്കകം ബ്രാഹ്മണ വിഭാഗങ്ങള്‍ക്കിടയില്‍ ഗണ്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ബ്രിട്ടീഷ്‌ സര്‍ക്കാരിന്‍റെ ശ്രമഫലമായി വിദ്യാഭ്യാസത്തിന്‍റെ വ്യാപനം, യൂറോപ്യന്മാരുമായുള്ള ഇടപഴകല്‍, ക്രിസ്ത്യന്‍ മിഷനുകളുടെ സ്വാധീനം എന്നിവയൊക്കെ അതിന് കാരണങ്ങളായിട്ടുണ്ട്. വിജ്ഞാനസമ്പാദനത്തില്‍ അതീവ തല്പരരായ ബംഗാളിലെ പല ബ്രാഹ്മണരും സാംസ്കാരികമായി വളരെ പുരോഗതി നേടുകയുണ്ടായി. പൂര്‍വ്വാധികം ആര്‍ജ്ജവത്തോടെ ആ ദിശയിലേക്കുള്ള പ്രയാണം അവര്‍ തുടരുമെന്ന് നമുക്കാശിക്കാം.” (ഡോ.ജോണ്‍ വില്‍സണ്‍, ‘ഇന്ത്യന്‍ ജാതി വ്യവസ്ഥ’, പുറം 519, 520)
………
☨ “ചുറുചുറുക്കുള്ള ഒരു ഭരണ പ്രക്രിയ റെസിഡണ്ട് കല്ലന്‍റെയോ തിരുവിതാംകൂറിന്‍റെയോ സ്വഭാവമായിരുന്നില്ല. അടിമ സമ്പ്രദായം സംബന്ധിച്ച് മിഷനറിമാരുമായുള്ള എഴുത്തുകുത്തുകള്‍ അലസമായങ്ങനെ ഇഴഞ്ഞു നീങ്ങി. 1848-മാര്‍ച്ചില്‍ മിഷണറിമാര്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. ആ ഹര്‍ജിയില്‍ ബ്രിട്ടീഷ്‌ ഇന്ത്യയില്‍ അടിമത്തത്തിനുണ്ടായിരുന്ന നിയമാപരമായ അംഗീകാരം 1843-ലെ അഞ്ചാം ആക്ടിനനുസരിച്ചു പിന്‍വലിച്ചിരിക്കുന്നു എന്നും അധീശാധികാരത്തിന്‍റെ ഈ മാര്‍ഗ്ഗം തിരുവിതാംകൂറും സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു (petition, 19 march 1848: TGER, Cover No.286. Benedicate Hjejle, Slavery Agricultural\ Bondage in South India in the Ninteenth Centuary, (Copenhaugen: Scandinavian Institute of Asian Studies, 1967), p.98, point out that the act had little effect). ആഗസ്റ്റ്‌ മാസത്തില്‍ റസിഡണ്ട് കല്ലന്‍ ദിവാനെഴുതി: “ഈ പ്രശ്നം സംബന്ധിച്ച് എന്തെങ്കിലും ചിലത് നാം തീര്‍ച്ചയായും ചെയ്യണം… നിങ്ങള്‍ക്കറിയാമല്ലോ, വളരെ മുന്‍പ്‌ തന്നെ ഞാന്‍ അതില്‍ ദത്തശ്രദ്ധനാണെന്ന്” (Cullen to Krishna Rao, 15 Aug.1848, TGER, Cover No.286).
1849 മാര്‍ച്ചില്‍ കല്ലന്‍ ഒരു മെമ്മോറാണ്ടം തയ്യാറാക്കി. തിരുവിതാംകൂറിലെ അടിമകള്‍ പൊതുവേ, മറ്റേതൊരു രാജ്യത്തിലെ അടിമകളേക്കാളും അധ:പതിച്ചവരും ദുരിതപൂര്‍ണ്ണമായ അവസ്ഥയില്‍ കഴിയുന്നവരുമാണ്, എനിങ്ങനെയാണ് ആ മെമ്മോറാണ്ടം ഉപസംഹരിച്ചത്. എന്നുമാത്രമല്ല, സര്‍ക്കാര്‍ അടിമകളുടെ സന്താനങ്ങളെ മോചിപ്പിക്കുകയും അടിമകളുടെ യോഗക്ഷേമം സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അതില്‍ (Memorandum by Cullen 12 March 1849: TGER Cover No.286) 1850, മെയ്‌ മാസത്തില്‍ ഈസ്റ്റിന്ത്യാ കമ്പനി ഡയറക്ടര്‍മാരുടെ കോടതിയുടെ കല്പനയനുസരിച്ചു മദ്രാസ്‌ ഗവണ്‍മെന്‍റെ തിരുവിതാംകൂറിലെ അടിമത്തവ്യവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ റസിഡണ്ട് കല്ലനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍, 1853 വരേയും ഈ അന്വേഷണത്തിന് മറുപടി നല്‍കുകയുണ്ടായില്ല (MPP, 26 July 1853, Range 321, Vol. IV, p.2557).
………
☨ ഭരണകൂടത്തിന്‍റെ ഉന്നതകേന്ദ്രങ്ങളില്‍ കൂടിയാലോചനകള്‍ നടക്കുമ്പോള്‍ തന്നെ തടസ്സങ്ങള്‍ മെല്ലെമെല്ലെ കുറഞ്ഞുകൊണ്ടിരുന്നു. 1847- ആയപ്പോഴേക്കും മിഷണറിമാര്‍ അടിമകളുമായി അടുത്തു ബന്ധപ്പെട്ടു കഴിയാന്‍ തുടങ്ങിയിട്ട് എട്ടൊമ്പത് കൊല്ലം ആയിരുന്നു. യാക്കോബായക്കാരുമായുള്ള തെറ്റിപ്പിരിയലിനെ തുടര്‍ന്ന് സി.എം.എസുകാര്‍ അടിമജാതിക്കാരുമായി കൂടുതല്‍ അടുത്ത് ബന്ധപ്പെട്ടു. അതേസമയം തന്നെ എല്‍.എം.എസുകാര്‍ 1828-ല്‍ അഞ്ച് മിഷണറിമാരെക്കൂടി ചേര്‍ത്ത് കൂടുതല്‍ ശക്തമാകുകയും അവരുടെ പ്രതിനിധികളുമായി അടിമകള്‍ കൂടുതല്‍ അടുക്കുകയും ചെയ്തു. അടിമകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള വാദം വെറുമൊരു കേവല താല്പര്യത്തില്‍നിന്നും ഉയിര്‍കൊണ്ടതായിരുന്നില്ല. അടിമകള്‍ അത്യാകാംക്ഷയോടെ മിഷനറിമാരുടെ നേര്‍ക്ക്‌ സഹായത്തിനു വേണ്ടി കൈകള്‍ നീട്ടി. സ്വതന്ത്രനായ ഒരടിമ തന്‍റെ പ്രിയപ്പെട്ടവളെ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കുന്നതിന് ഹെന്‍ട്രി ബെക്കര്‍ ജൂനിയറിനോട് പണം ചോദിക്കയുണ്ടായി. അദ്ദേഹം അവന് ഏഴു രൂപാ കൊടുത്തു. ആ തുക കൊണ്ട് അയാള്‍ തന്‍റെ ഭാര്യയേയും അവളുടെ സഹോദരനെയും അടിമത്തത്തില്‍ നിന്നും മോചിപ്പിച്ചു. അനന്തരം ആ കുടുംബം ഒന്നോടെ മിഷനില്‍ ചേരാന്‍ അപേക്ഷിച്ചു. “എനിക്ക് കഴിവുണ്ടായിരുന്നുവെങ്കില്‍ ഈ ദാരുണമായ അടിമത്തത്തില്‍ നിന്നും വളരെയധികം പേരെ ഞാന്‍ മോചിപ്പിക്കുമായിരുന്നു” എന്ന് ബെക്കര്‍ എഴുതി. കുട്ടികളെ അടിമകളായി വില്‍ക്കുന്നതിനെ തടയുന്നതിന് വേണ്ടി ഒരു അനാഥാലയം ആരംഭിക്കുന്നതിനു അദ്ദേഹം നിര്‍ദ്ദേശിക്കുകയുണ്ടായി (Rev. Henry Baker, Jr. to the Secratery, CMS, 12 Oct. 1847: CMSA, No.29 of 1847). ഇതുപോലെ ദക്ഷിണ തിരുവിതാംകൂറിലും അടിമകള്‍ എല്‍.എം.എസ് മിഷണറിമാരെ സമീപിക്കുകയുണ്ടായിട്ടുണ്ട്. റവറണ്ട്. ചാള്‍സ് മാള്‍ട്ട് ഇങ്ങനെ എഴുതിയിരിക്കുന്നു:
“അടിമകള്‍, മുഖ്യമായും എന്‍റെ ജില്ലയില്‍ പാര്‍ക്കുന്നതു കൊണ്ട് അവര്‍ക്കുവേണ്ടി ഞാന്‍ സമരം ചെയ്യേണ്ടി വന്നു. എന്തുകൊണ്ടെന്നാല്‍ അവര്‍, അത്രമാത്രം അടിച്ചമര്‍ത്തപ്പെട്ടവരും മര്‍ദ്ദിതരുമാകയാല്‍, അവരുടെ മര്‍ദ്ദിതര്‍ക്കെതിരെ നിവര്‍ന്നു നില്‍ക്കാന്‍ അശക്തരാണ്. ഏറിയകൂറും ലൌകികമായ ലക്ഷ്യങ്ങളാണ് നമ്മളോടൊപ്പം ചേരുന്നതിനു അടിമകളെ പ്രേരിപ്പിച്ചത്. എന്തായാലും ക്രൈസ്തവ വിദ്യാഭ്യാസത്തിലേക്ക് അവരെ കൊണ്ടുവരുവാന്‍ കഴിഞ്ഞു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് മറ്റൊരു മാര്‍ഗ്ഗവും ഉണ്ടായിരുന്നില്ല. ഞാന്‍ അതില്‍ അത്യന്തം ആനന്ദിക്കുകയും ചെയ്യുന്നു.” (Rev. Charls Mault to the Foreign Secratery, LMS, 4 Feb. 1851: CCWM, Travancore, Box 4, Folder 2, Jacket 8).
………
☨ രണ്ട് മിഷണറി സംഘങ്ങളും അടിമകള്‍ക്ക്‌ വേണ്ടി സ്കൂളുകള്‍ തുറന്നു. ഇത് മിഷനുകളെ അടിമകളുടെ ഉടമകളുമായി കൂടുതല്‍ സംഘട്ടനത്തിലെത്തിച്ചു. “അടിമകളുടെ വിദ്യാഭ്യാസത്തെ അടിമകളുടെ ഉടമകള്‍ ശക്തിയായി എതിര്‍ത്തു. മാത്രമല്ല, തുടര്‍ച്ചയായി അവരെ വേലക്ക്‌ വിളിച്ചുകൊണ്ട് പോകുകയും ചിലപ്പോള്‍ അവരെ മര്‍ദ്ദിക്കുകയും ചെയ്തു” എന്ന് റവ.ഹെന്‍ട്രി ബെക്കര്‍ സീനിയര്‍ എഴുതി ((Rev. Henry Baker, Sr. to the Secratery, CMS, 14 July 1845, quoted in W.S.Hunt, The Anglican Church in Travancore, and coching, 1816-1916, Vol. II (Kottayam: CMS Press, 1933), p.57). ഒരു സി.എം.എസ്. സുറിയാനി അയാളുടെ സുവിശേഷപ്രചാരണസഞ്ചാരത്തിനിടയില്‍ അനുഭവപ്പെട്ട ഒരു വസ്തുത ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “എല്ലാ വിഭാഗത്തിലുംപെട്ട ജനങ്ങളുടെ ഇടയില്‍ കൊടിയ ഭയം കൊടികുത്തിയിരിക്കുന്നു. അതായത്, അടിമകളുടെ വിദ്യാഭ്യാസത്തെ തുടര്‍ന്ന് അവരുടെ മോചനം ഉണ്ടാവും, അതിന്‍റെ ഫലമായി കാര്‍ഷിക താല്പര്യം നശിക്കും. അതുകൊണ്ട് രാജ്യത്തിന്‍റെ ഏറ്റവും നല്ല താല്പര്യങ്ങളുടെ ശത്രുക്കളായി ഞങ്ങളെ ഗണിക്കുന്നു.” (Rev. George Matthen quoted in CMS, Annual Report, Vol. XXI, 1851-2, P.145) (റോബിന്‍ ജെഫ്രി: ‘നായര്‍ മേധാവിത്വത്തിന്‍റെ പതനം’, പുറം.69 മുതല്‍ 71 വരെയുള്ള ഭാഗങ്ങളില്‍ നിന്നും എടുത്തിട്ടുള്ളത്.)
മൂര്‍ക്കോത്ത് കുഞ്ഞപ്പ എഴുതുന്നു:
“ബാസല്‍ മിഷന്‍കാര്‍ അല്‍പകാലം കൊണ്ട് ബാസല്‍ മിഷനില്‍ ചേര്‍ന്ന ക്രിസ്ത്യാനികളെ ഒരൊറ്റ സമുദായമായി വാര്‍ത്തെടുത്തു. നാനാജാതികളില്‍ നിന്നു വന്നു ചേര്‍ന്നവരില്‍ ബ്രാഹ്മണനും തമ്പുരാനും മുതല്‍ പുലയന്‍വരെ പന്തിഭോജനത്തിനും തമ്മില്‍ തമ്മില്‍ വിവാഹത്തിനു പോലും വിരോധമില്ലാത്തവരാക്കിത്തീര്‍ത്ത ബാസല്‍ മിഷന്‍ സംഘക്കാരുടെ സാമൂഹ്യഘടനാ വൈഭവവും മനഃശാസ്ത്രപടുത്വവും അദ്വിതീയമാണ്. ആ സാമൂഹിക ഘടനാ വിജയമാണ് വടക്കേ മലബാറിലെ ഹിന്ദുക്കളുടെ ഇടയില്‍ പോലും ജാതിവ്യത്യാസം അര്‍ത്ഥശൂന്യമാണെന്ന ബോധം ഉളവാക്കിയത്. കേരളത്തിലെ വേറൊരു പ്രദേശത്തും വടക്കേ മലബാറിലുണ്ടായത് പോലെ ഒരു ക്രിസ്തീയ സമ്മിശ്ര സമുദായം ഇത്ര അനായാസമായി ഉടലെടുത്തില്ല എന്നുപോലും പറയാന്‍ തോന്നുന്നു. രാജ്യസമാചാരം ഇതിനൊക്കെ സഹായകമായ ഒരു പ്രസിദ്ധീകരണമായിരുന്നു.” (മൂര്‍ക്കോത്ത് കുഞ്ഞപ്പ: ‘സംസ്കാരതരംഗിണി’ പുറം.99)
ബാസല്‍ മിഷനില്‍ മാത്രമല്ല, സി.എം.എസിലും, എല്‍.എം.എസിലും ബ്രാഹ്മണര്‍ മുതല്‍ പുലയര്‍ വരെയുള്ളവര്‍ ഉണ്ടായിരുന്നു. സ്നാനപ്പെട്ടു കഴിഞ്ഞാല്‍ ജാതി മുദ്ര തുടച്ചു കളയുകയായിരുന്നു മിഷണറിമാര്‍ ചെയ്തത്. ജാതിസംബന്ധമായ യാതൊരു പരിഗണനകളും സവര്‍ണ്ണരില്‍ നിന്ന് വന്നവര്‍ക്ക് നല്‍കിയില്ല.
1871-ല്‍ ആദ്യത്തെ മിശ്രവിവാഹം തിരുവല്ലായില്‍ നടന്നു. ക്രിസ്തുമതം സ്വീകരിച്ച ഒരു നായര്‍ യുവാവും ക്രിസ്തുമതം സ്വീകരിച്ച ഒരു ചോഗപെണ്‍കുട്ടിയും തമ്മിലായിരുന്നു വിവാഹം. റവ.വില്യം ജോണ്‍ ആയിരുന്നു കാര്‍മ്മികന്‍.” (ഡോ.സാമുവല്‍ നെല്ലിമുകള്‍: കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം 463,464)
………
☨ “സാര്‍വ്വലൌകികമായ മനുഷ്യസ്നേഹത്തിന്‍റെ ഭയങ്കരനായ ശത്രുവാണ് ജാതി ചിന്തയും മതഭ്രാന്തും. പത്തൊമ്പതാം നൂറ്റാണ്ടില്‍ (അതിന് മുമ്പും) മതഭ്രാന്ത്‌ വളരെ കുറവായിരുന്നെങ്കിലും ജാതിഭ്രാന്ത്‌ വളരെ ശക്തമായിരുന്നു. ജാതി ഭ്രാന്ത്‌, വിദ്യാഭ്യാസപ്രവര്‍ത്തനത്തിന്‍റെയും സാമൂഹ്യപുരോഗതിയുടെയും സുവിശേഷ പ്രവര്‍ത്തനത്തിന്‍റെയും സുപ്രധാന മൂല്യങ്ങളെ മുരടിപ്പിക്കുന്ന മാരക രോഗമാണെന്ന് മിഷണറിമാര്‍ മനസ്സിലാക്കി. ജാതിരഹിതമായ ഒരു സമൂഹമായിരുന്നു അവരുടെ ലക്ഷ്യം. 1847-ല്‍ സി.എം.എസ് അവരുടെ നിലപാട്‌ വ്യക്തമാക്കി.
ജാതിക്കെതിരായ പ്രഖ്യാപനം
“ജാതി സമ്പ്രദായത്തിനെതിരെ ഒരു യുദ്ധ പ്രഖ്യാപനം തന്നെ ആവശ്യമാണെന്ന് ചിന്തിക്കുന്നത് ശരിയായിരിക്കും. ഈ പ്രഖ്യാപന രേഖ മദ്രാസ്‌ കറസ്പോണ്ടിംഗ് കമ്മറ്റിയിലെ ഓരോ അംഗത്തിന്‍റെയും ദക്ഷിണേന്ത്യയിലെ ഓരോ മിഷണറിയുടേയും ആദര്‍ശവും വീക്ഷണവും പ്രകാഷിപ്പിക്കുന്നതാണ്. പ്രധാന പ്രതിജ്ഞകള്‍ താഴെ പറയുന്നവയാണ്:
1 ജാതി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നത് യേശുക്രിസ്തുവിന്‍റെ സുവിശേഷത്തിന്‍റെ അന്തസത്തക്കും ചൈതന്യത്തിനും എതിരാണ്. അതില്‍ പറ്റിപ്പിടിക്കുന്നവരുടെ ആത്മാവിന് അത് ഹാനികരമാണ്.
2. ക്രൈസ്തവ സഭയിലെ അംഗങ്ങളുടെ സഹോദര സ്നേഹത്തിന്‍റെ പ്രായോഗികതക്കും ഈ രാജ്യത്ത്‌ സുവിശേഷത്തിന്‍റെ പ്രചരണത്തിനും ജാതി സമ്പ്രദായം ഒരു പ്രതിബന്ധമാണ്. കാരണം, അത് ജനനത്തിന്‍റെ പേരില്‍ ആയിത്തത്തെപ്പറ്റി തെറ്റായ ആശയം മനസ്സിലുറപ്പിക്കുന്നു. ഒരുവന്‍ ജനിച്ച അവസ്ഥയില്‍ തന്നെ അവനെയും കുടുംബത്തേയും അത് എന്നെക്കുമായു ഒതുക്കി നിര്‍ത്തുന്നു. അവന്‍റെ സ്വഭാവവും കഴിവുകളും എത്ര മികച്ചതായിരുന്നാലും സമൂഹത്തിന്‍റെ ഉയര്‍ന്ന തലത്തിലേക്കുള്ള അവന്‍റെ ഉയര്‍ച്ചയെ അത് തടഞ്ഞു നിര്‍ത്തുന്നു. ഈ കാരണങ്ങളാല്‍ ഞാന്‍ (ഓരോ മിഷണറിയും ടീച്ചറും മിഷന്‍ പ്രവര്‍ത്തകനും) ജാതി സമ്പ്രദായത്തെ നിന്ദിക്കുകയും നിരാകരിക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സഹായത്താല്‍ എന്‍റെ വാക്ക് കൊണ്ടും ജീവിതം കൊണ്ടും ഞാന്‍ അതിനെ നിരുത്സാഹപ്പെടുത്തും. ജാതി സമ്പ്രദായത്തിനെതിരെ ക്രിസ്തീയ സ്വാതന്ത്ര്യത്തെ പ്രയോഗിക്കുന്നവരെ ഞാന്‍ പിന്തുണക്കുകയും ഉയര്‍ത്തിക്കാണിക്കുകയും ചെയ്യും.” (C.M.S.Proceedings: 1846-1847)
ജാതിസമ്പ്രദായത്തിനെതിരെ പോരാടാന്‍ മിഷണറിമാര്‍ പോരാടാന്‍ പ്രതിജ്ഞാബദ്ധരായത് ഇങ്ങനെയാണ്.
………
☨ മിഷണറിമാരുടെ അധീനതയിലുള്ള വിദ്യാഭ്യാസരംഗത്തും പ്രോട്ടസ്റ്റന്‍റ് സഭയിലും ജാതി വ്യത്യാസം ഇല്ലാതാക്കാന്‍ അവര്‍ ശ്രമം ആരംഭിച്ചു. പ്രത്യേകം ജാതിക്കാര്‍ക്ക് വേണ്ടി ആരംഭിച്ച് നടത്തിക്കൊണ്ടിരുന്ന സ്കൂളുകളില്‍ മറ്റ് ജാതിക്കാരായ കുട്ടികള്‍ക്കും പ്രവേശനം നല്‍കി. അങ്ങനെ ‘നായര്‍ സ്കൂളുകളില്‍’ സുറിയാനികളെ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരിയിലെ നായര്‍ സ്കൂളില്‍ 1840-ല്‍ 15 സുറിയാനിക്കുട്ടികള്‍ പഠിക്കുന്നതായി ബേക്കര്‍ എഴുതിയിട്ടുണ്ട്. പ്രോട്ടസ്റ്റന്‍റ് മിഷണറിമാര്‍ നടത്തുന്ന സ്കൂളുകളില്‍ കത്തോലിക്കാസഭ അവരുടെ കുട്ടികളെ പഠിപ്പിക്കാന്‍ വിടുന്നത് വിലക്കിയിരുന്നു. അത് വകവെക്കാതെ രക്ഷാകര്‍ത്താക്കള്‍ അവരുടെ കുട്ടികളെ സ്കൂളില്‍ അയച്ചു. ചങ്ങനാശ്ശേരിയിലെ നായര്‍ സ്കൂളിനെപ്പറ്റി 1842 ഏപ്രില്‍ 26-ന് റവ.ബേക്കര്‍ (Sr) എഴുതിയിരിക്കുന്നു: “രണ്ട് മാസം മുമ്പ് കത്തോലിക്കാ പുരോഹിതന്‍ അള്‍ത്താരയില്‍ നിന്നുകൊണ്ട് വളരെ ഗൌരവത്തില്‍ സ്കൂളിനെ നിന്ദിച്ച് സംസാരിക്കുകയും റോമന്‍ കത്തോലിക്കാ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് വിലക്കുകയും ചെയ്തു. രണ്ടാഴ്ച കുട്ടികള്‍ വരാതെയിരുന്നെങ്കിലും പിന്നീട് എല്ലാവരും തിരിച്ചെത്തി. ചങ്ങനാശ്ശേരി സ്കൂളില്‍ ഹാജരാകുന്ന ആണ്‍കുട്ടികളില്‍ ബ്രാഹ്മണര്‍, നായര്‍, ക്രിസ്ത്യാനികള്‍ എന്നിവരുണ്ട്. എന്നാല്‍ മുഹമ്മദീയര്‍ ഇല്ല.” (Rev. H. Baker (Sr): Madras Church Mission Record 1842)
ബ്രാഹ്മണര്‍ പുതിയ വിദ്യാഭ്യാസത്തിന്‍റെ പാതയിലേക്ക് വന്നു തുടങ്ങിയത് ഒരു വലിയ മാറ്റമായിരുന്നു. എങ്കിലും അവരുടെ കുട്ടികളുടെ എണ്ണം വളരെ കുറവായിരുന്നു.
1840-മുതല്‍ മൂന്ന് നായര്‍ സ്കൂളുകള്‍ റവ.ബേക്കര്‍ (Sr.) നടത്തിയിരുന്നു. ഓരോന്നിലും അമ്പതും എഴുപതും കുട്ടികള്‍ ഓരോ വര്‍ഷവും കാണും. 1860 ആയപ്പോള്‍ നായര്‍, സുറിയാനി, വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചാണ് പഠിച്ചിരുന്നത്. “നായര്‍ സമുദായത്തിലുള്ളവരുമായി ഇടപെടുവാനും അവരുടെ ജാതി ചിന്ത കുറയ്ക്കുവാനും ഈ സ്കൂളുകള്‍ വളരെ സഹായിക്കുന്നു. ഇവിടെ എല്ലാ ആഴ്ചയും ഒരു ദിവസം വേദ ഭാഗം വായിച്ച് വ്യാഖ്യാനിക്കുന്നു. അത് കേള്‍ക്കാന്‍ പുറത്തു ധാരാളം ആളുകള്‍ വന്നുനില്‍ക്കും.” (Rev. H. Baker (Sr): M.C.M.R.) (ഡോ.സാമുവല്‍ നെല്ലിമുകളിന്‍റെ ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’ എന്ന കൃതിയുടെ പുറം 425 മുതല്‍ 427 വരെ)
………
☨ “തീര്‍ച്ചയായും അന്ധത ബാധിച്ച നേത്രഗോളത്തെ തുറക്കുന്നതാണ് വിദ്യാഭ്യാസം” എന്ന് റവ.ജി.പെറെറ്റ് 1850-ല്‍ എഴുതി. വീണ്ടും അദ്ദേഹം പറഞ്ഞു: “തന്‍റെ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാത്ത ഒരു പിതാവ്‌ ശിക്ഷാര്‍ഹനായ കുറ്റവാളിയാണ്.” ഇന്ത്യയെപ്പോലെ അന്ധവിശ്വാസവും അസമത്വവും നിറഞ്ഞു നിന്നിരുന്ന ഒരു രാജ്യത്ത് വിദ്യാഭ്യാസം എത്രമാത്രം ആവശ്യമായിരുന്നു എന്ന് ആദ്യത്തെ പ്രസ്താവം സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്‍റെ മാനുഷികവും സാര്‍വ്വലൌകികവുമായ പ്രയോജനത്തെയാണ് രണ്ടാമത്തെ അഭിപ്രായം സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസം മൌലികാവകാശമാണെന്ന അര്‍ത്ഥവും അതില്‍ അടങ്ങിയിരിക്കുന്നു. മക്കളുടെ വിദ്യാഭ്യാസം ഒരു പിതാവിന് പോലും നിഷേധിക്കാന്‍ അവകാശമില്ല. അത്യന്തം നൂതനവും സുദൃഢവും ആയ ഇത്തരം ആശയങ്ങള്‍ മിഷണറിമാര്‍ സമൂഹത്തില്‍ പ്രചരിച്ചതിന്‍റെ ഫലമായി പുതിയ വിദ്യാഭ്യാസത്തെപ്പറ്റി നാട്ടുകാര്‍ക്കുണ്ടായിരുന്ന മുന്‍വിധികള്‍ കുറയാന്‍ തുടങ്ങി. മതം മാറ്റുമെന്ന ആശങ്ക ഇല്ലാതായി. പുതിയ സ്കൂളുകള്‍ തുടങ്ങുന്നത് നാട്ടുകാര്‍ക്കും ഉത്സാഹമായി. 1848-ല്‍ സി.എം.സിന്‍റെ കോട്ടയം, തൃശ്ശൂര്‍, കൊച്ചി, മാവേലിക്കര, ആലപ്പുഴ എന്നീ മിഷന്‍ കേന്ദ്രങ്ങള്‍ക്ക്‌ കീഴില്‍ അറുപത് സ്കൂളുകള്‍ ഉണ്ടായിരുന്നു. ഗ്രാമര്‍ സ്കൂള്‍, കോളേജ്‌ എന്നിവ വേറെയും.
ഈ കാലഘട്ടത്തില്‍ ബ്രിട്ടീഷ്‌ മലബാറില്‍ ബാസല്‍മിഷന്‍ വിദ്യാഭ്യാസപ്രവര്‍ത്തനം ത്വരിതപ്പെടുത്തിയിരുന്നു. 1848-ല്‍ കല്ലായിയില്‍ ആരംഭിച്ച സ്കൂള്‍ വന്‍ വിജയമായിരുന്നു. ആദ്യം ഹൈസ്കൂളും പിന്നീട് കോളേജുമായി (മലബാര്‍ ക്രിസ്ത്യന്‍ കോളേജ്‌) അത് വളര്‍ന്നു.
………
☨ വിഭിന്ന ജാതിക്കാര്‍ തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിനും അവരെ തമ്മില്‍ യോജിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം സ്കൂള്‍ വിദ്യാഭ്യാസമായിരുന്നു. ഒരു ക്ലാസ്‌ മുറിയില്‍ ഉയര്‍ന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും ഒരുമിച്ചിരിക്കുന്നതിനെപ്പറ്റി നാട്ടുകാര്‍ക്ക്‌ സങ്കല്പിക്കാന്‍ കഴിയുമായിരുന്നില്ല. എന്നാല്‍ മിഷണറിമാര്‍ക്ക് അങ്ങനെ സങ്കല്‍പ്പിക്കാനായിരുന്നു എളുപ്പം. ആദ്യമായി അങ്ങനെ ഒരു പുതിയ സമൂഹം ക്ലാസ്‌ മുറിയില്‍ രൂപപ്പെടുത്തിയത് റവ. ജോസഫ്‌ ഫെന്‍, റവ,നോര്‍ട്ടന്‍, റവ.ജോസഫ്‌ പീറ്റ് എന്നിവര്‍ ആണ്. കോട്ടയം ഗ്രാമര്‍ സ്കൂളില്‍ ആദ്യം നായര്‍ കുട്ടികളും സിറിയന്‍ കുട്ടികളും പിന്നീട് ഈഴവ കുട്ടികളും ഒരേ ക്ലാസ്‌ മുറിയില്‍ ഇരുന്നു പഠിച്ചിരുന്ന കാര്യം മുമ്പ് എഴുതിയിട്ടുണ്ട്. മാവേലിക്കരയിലുള്ള തന്‍റെ സ്കൂളില്‍ നടപ്പാക്കിയ ധീരമായ നടപടിയെപ്പറ്റി അദ്ദേഹം എഴുതിയിട്ടുണ്ട്.
“മുതിര്‍ന്നവരുടെ മനസ്സില്‍ ഉള്ളിടത്തോളം ജാതി ചിന്ത കുട്ടികളുടെ മനസ്സില്‍ കാണുകയില്ല. ദൈവത്തിന്‍റെ മുന്‍പില്‍ സമന്മാരായ മനുഷ്യര്‍ ജാതിയുടെ പേരില്‍ താഴ്ന്നവരെന്നും ഉയര്‍ന്നവരെന്നും ആശുദ്ധരെന്നും ശുദ്ധരെന്നും പരസ്പരം അകന്നു നില്‍ക്കുന്നത് അപരിഷ്കൃതമാണ്. അതുകൊണ്ട് എന്‍റെ സ്കൂളുകളില്‍ വിഭിന്ന ജാതിക്കാരായ കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ പഠിക്കുന്ന അതേ സ്കൂളില്‍ താഴ്ന്ന ജാതിക്കാരായ കുട്ടികളും പഠിക്കണമെന്നു ഞാന്‍ നിര്‍ബന്ധിക്കുക തന്നെ ചെയ്തു. അത് മിഷണറി പ്രവര്‍ത്തനത്തിന് മറ്റൊരു പ്രതിബന്ധമായിരുന്നു. വിഭിന്ന ജാതിക്കാരായ കുട്ടികളെ ഒരു അദ്ധ്യാപകനാണ് പഠിപ്പിക്കുന്നതെങ്കില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട കുട്ടികളെ പ്രത്യേകം മുറിയില്‍ ഇരുത്തണമെന്നു ഉയര്‍ന്ന ജാതിക്കാരായ രക്ഷാകര്‍ത്താക്കന്മാര്‍ തീരുമാനിച്ചു. ഇത്തരം പ്രതിസന്ധികളോട് ഞാന്‍ സമരം ചെയ്തു. അവരെ നേരിടുവാന്‍ ഞാനൊരു പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. എന്‍റെയും അവരുടെയും മനസ്സിനെ പൊരുത്തപ്പെടുത്താവുന്ന അനുരഞ്ജനത്തിന്‍റെ പദ്ധതിയാണത്. എപ്പോള്‍ ചോദിച്ചാലും എന്‍റെ ഉദ്ദേശ്യം പൂര്‍ണ്ണമായി ഞാന്‍ വ്യക്തമാക്കും. എന്‍റെ വീക്ഷണത്തിന്‍റെ സത്യസന്ധത അവരെ ബോധ്യപ്പെടുത്തും. എന്‍റെ പ്രവര്‍ത്തനത്തോടുള്ള അനിഷ്ടം വ്യക്തമാക്കാന്‍ ഞാന്‍ അവരോട് അപേക്ഷിക്കും”
“സ്കൂളിലെ ജാതി വ്യത്യാസത്തെക്കുറിച്ച്: വ്യത്യസ്ത ജാതിക്കാര്‍ക്ക് പ്രത്യേക മുറികള്‍ അനുവദിക്കുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു. എന്തെന്നാല്‍ എല്ലാ കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കണം.” (Rev. Joseph Peet: Madras Church Missionery Record; 1851)
………
☨ ഇങ്ങനെ എഴുതിയത് അദ്ദേഹം തന്‍റെ സ്കൂളുകളില്‍ തന്‍റെ തീരുമാനം നടപ്പാക്കിയതിനു ശേഷമാണ്. ശ്രീ നാരായണ ഗുരു ജനിക്കുന്നതിനു അഞ്ച് വര്‍ഷം മുന്‍പാണത്. സ്വാഭാവികമായി കഠിനമായ എതിര്‍പ്പുകള്‍ സവര്‍ണ്ണവിഭാഗത്തില്‍നിന്നുണ്ടായി. എതിര്‍പ്പുകള്‍ കൂടുന്തോറും പീറ്റിന്‍റെ സമരവീര്യവും വര്‍ദ്ധിച്ചു കൊണ്ടിരുന്നു. യുക്തിക്ക് നിരക്കാത്തതും മനുഷ്യത്വരഹിതവുമായ ജീര്‍ണ്ണിച്ച ആചാരങ്ങളോടാണ് താന്‍ സമരം ചെയ്യുന്നതെന്ന് പീറ്റിനു നല്ല ബോധം ഉണ്ടായിരുന്നു.
ജാതിയുടെ പേരിലുള്ള വിഡ്ഢിത്തങ്ങള്‍ കണ്ട് ഉയര്‍ന്ന ജാതിക്കാരുമായി പലപ്പോഴും മിഷണറിമാര്‍ക്ക്‌ തര്‍ക്കിക്കേണ്ടതായി വന്നിട്ടുണ്ട്. 1857 ജനുവരി 17-ന് നടന്ന ഒരു സംഭവം റവ.ഉമ്മന്‍ മാമ്മന്‍ രേഖപ്പെടുത്തിയിരിക്കുന്നു.
“ഇന്ന് തിരുവല്ലായില്‍ നിന്ന് ഏതാനും അടിമ ക്രിസ്ത്യാനികളും വേദപഠനം ആഗ്രഹിക്കുന്ന അടിമകളും എന്നെ കാണാന്‍ വന്നു. അവര്‍ എന്‍റെ ഗേറ്റിനരികില്‍ നില്‍ക്കുമ്പോള്‍ നാട്ടിലെ പ്രമാണിയായ ഒരു നായര്‍ ആ വഴി വന്നു. താന്‍ അശുദ്ധനായി എന്ന് അദ്ദേഹത്തിന് തോന്നി. അദ്ദേഹം വേഗം എന്നെ വിളിച്ചു. ഞാന്‍ കൂടെക്കൂടെ അടിമകളെ വരുത്തി നായന്മാരെ ഉപദ്രവിക്കുന്നുണ്ടെന്നു പരാതി പറഞ്ഞു. ഇനി അടിമകള്‍ ഇവിടെ വന്നാല്‍ അവരെ അടിക്കും എന്നദ്ദേഹം ഭയപ്പെടുത്തി. അദ്ദേഹത്തെ ശാന്തനാക്കാന്‍ ഞാന്‍ ശ്രമിച്ചു. കുറെ ഉച്ചത്തില്‍ രോഷത്തോടെ സംസാരിച്ച ശേഷം ശുദ്ധി വീണ്ടെടുക്കാന്‍ കുളിക്കാന്‍ പോയി.” (Madras Church Missionery Record; 1858)
ഇത്തരം പരിഹാസ്യമായ സംഭവങ്ങള്‍ മിഷണറിമാരുടെ ജാതി വിരുദ്ധ ആദര്‍ശത്തെ ശക്തിപ്പെടുത്തി. ജാതി ചിന്തക്കെതിരായി ധാരാളം ലേഖനങ്ങള്‍ അവര്‍ പ്രസിദ്ധീകരിച്ചു. 1857-ലെ ഒരു ജേണലില്‍ നിന്നും ഒരു ഭാഗം ഉദ്ധരിക്കുന്നു:
“ജാതി ഒരു വലിയ സാമൂഹ്യ തിന്മയാണെന്നു മുന്‍പൊരു ലേഖനത്തില്‍ ഞങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഒരുതരം മതിഭ്രമം. ജാതി,വര്‍ഗ്ഗം എന്നിവ കല്പിച്ച് ഒരു വിഭാഗം ആളുകള്‍ അവരുടെ ജന്മം പവിത്രമാണെന്ന് വിശ്വസിച്ച് മറ്റുള്ളവരെ താഴ്ന്ന തട്ടില്‍ നിര്‍ത്താനുള്ള ഒരു തന്ത്രം എന്നല്ലാതെ ജാതി വിഭജനത്തില്‍ യുക്തിയില്ല.” (Church Missionery Intelligencer: 1857, p.255)
ജാതി വ്യവസ്ഥ എന്ന പമ്പര വിഡ്ഢിത്തത്തെപ്പറ്റി വീണ്ടും എഴുതിയിരിക്കുകയാണ്: “ഇന്ത്യയില്‍ മറ്റൊരിടത്തും ജാതി വ്യവസ്ഥ ഇത്രയും അലംഘ്യമായി നിലനില്‍ക്കുന്നില്ല. ജാതിവ്യവസ്ഥ പിശാചിന്‍റെ ഒരു സൂത്രമാണ്. എല്ലാ ജാതിക്കാര്‍ക്കും അതുമൂലം നാശം ഉണ്ടാകുന്നു. മനുഷ്യന്‍ മനുഷ്യനോട് അന്യായമായി പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സാണ് ജാതി സിദ്ധാന്തം. അനീതിയുടെയും ധര്‍മ്മലോപത്തിന്‍റെയും വെറുപ്പിന്‍റെയും പ്രവണതയ്ക്ക്‌ അത് മനസ്സില്‍ സ്ഥാനം നല്‍കുന്നു. ജാതി സമ്പ്രദായത്തെ ദൂരെ എറിയണം.” (Church Missionery Intelligencer: 1857, p.256) (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം. 428-431)
ഇന്‍ഡ്യയിലെ ജനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ വ്യത്യാസം നോക്കാതെ ഒരേതരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനു ആദ്യമായി പരിശ്രമിച്ചത് ഡാനിഷ് മിഷണറിയായ ഡോ.ജോണ്‍ ആയിരുന്നു. 1792-ല്‍ അദ്ദേഹം തഞ്ചാവൂരില്‍ മിഷണറിയായി വന്നു. അവിടെയുള്ള തമിഴ്‌ ബാലികാ ബാലന്മാരുടെ നിരക്ഷരതയും അജ്ഞതയും പ്രാകൃതത്വവും ദാരിദ്ര്യവും കണ്ട് അനുകമ്പ തോന്നിയ ഡോ.ജോണ്‍ കുറേ കുട്ടികളെ സംഘടിപ്പിച്ച് അവരെ പഠിപ്പിച്ചു. കുട്ടികള്‍ക്ക്‌ പഠിക്കാന്‍ താല്പര്യമുണ്ടെന്ന് കണ്ടപ്പോള്‍ ഡാനിഷ് മിഷന്‍റെ സഹായത്തോടെ മിഷന്‍റെ പരിധിയില്‍ സൗജന്യ സ്കൂളുകള്‍ (Free Schools) ആരംഭിക്കുന്ന ഒരു പദ്ധതിക്ക് അദ്ദേഹം രൂപം നല്‍കി. ‘നാട്ടുകാരെ പരിഷ്കൃതരാക്കുക’ അതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ഈ പദ്ധതിക്ക് പണം സ്വരൂപിക്കുന്നതിനു 1806-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പോയി. തിരികെ വന്ന്, വളരെ നിശ്ശബ്ദനായി വിനയത്തോടെ ഒരു സൗജന്യ വിദ്യാലയം ആരംഭിച്ചു. പെട്ടെന്ന് തമിഴ്‌ കുട്ടികളുടെ എണ്ണം എണ്‍പതായി ഉയര്‍ന്നു. എല്ലാ ജാതിയിലും പെട്ട പാവപ്പെട്ട രക്ഷിതാക്കള്‍ അവരുടെ കുട്ടികളെ പഠിപ്പിക്കണമെന്ന അഭ്യര്‍ത്ഥനയുമായി വന്നു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്കൂളുകളുടെ സംഖ്യ ഇരുപതായി.
തമിഴ്നാട്ടില്‍ ജാതിഭേദ ചിന്ത ഉണ്ടായിരുന്നെങ്കിലും അയിത്താചാരം, അസ്പൃശ്യത എന്നിവ കേരളത്തിലേപ്പോലെ തീവ്രമല്ലാതിരുന്നത് കൊണ്ട് കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രാഹ്മണരും ശൂദ്രരും ക്രിസ്ത്യാനികളും ഒരുമിച്ചിരുന്നു പഠിക്കാന്‍ തയ്യാറായി. അതുപോലെ, പറയര്‍ക്ക് വേണ്ടി ആരംഭിച്ച സ്കൂളുകളില്‍ ശൂദ്രരും ക്രിസ്ത്യാനികളും മുഹമ്മദീയരും പഠിക്കാന്‍ വന്നു.
ഡോ.ജോണിന്‍റെ വിദ്യാഭ്യാസപ്രവര്‍ത്തനം മറ്റുള്ളവര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. 1813-ല്‍ അപ്രതീക്ഷിതമായി അദ്ദേഹം മരിച്ചപ്പോള്‍ കല്‍ക്കട്ടാ ഗസറ്റില്‍ അദ്ദേഹത്തെപ്പറ്റി വന്ന ഒരു ലേഖനത്തിലെ ഭാഗം ഇങ്ങനെയാണ്: “എല്ലാത്തിനും ഉപരിയായി അദ്ദേഹത്തിന്‍റെ ലക്ഷ്യം ഇന്‍ഡ്യയിലെ നാട്ടുകാരായ കുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു. അത് അവരുടെ ധാര്‍മ്മികമായ പുരോഗതിക്ക് സഹായിക്കുമെന്ന് അദ്ദേഹം കരുതി. തന്‍റെ ഫ്രീ സ്കൂള്‍ പദ്ധതി ഇന്‍ഡ്യയിലെല്ലായിടത്തും വ്യാപിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. അതിനുള്ള രൂപരേഖ തയ്യാറാക്കി എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കണം എന്നദ്ദേഹം നിര്‍ദ്ദേശിച്ചു. ഇന്‍ഡ്യയിലെ പ്രാദേശിക ഭരണാധികാരികള്‍ക്കെല്ലാം തന്‍റെ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ തയ്യാറെടുത്തു വരുമ്പോള്‍, 1813-ല്‍ അദ്ദേഹം അന്തരിച്ചു.” (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം. 174, 175)
………
☨ കേരളത്തില്‍ ആധുനിക വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ച പ്രോട്ടസ്റ്റന്‍റ് മിഷണറിമാര്‍ സ്ഥാപിച്ച ആദ്യത്തെ സ്കൂളുകള്‍ പള്ളിയോടനുബന്ധിച്ചായിരുന്നില്ല. 1816-ഒടുവില്‍ ആലപ്പുഴയില്‍ റവ.തോമസ്‌ നോര്‍ട്ടനും 1817-ല്‍ കോട്ടയത്ത്‌ റവ.ബെഞ്ചമിന്‍ ബെയ്‌ലിയും സ്കൂളുകള്‍ ആരംഭിക്കുമ്പോള്‍ അവിടങ്ങളില്‍ പള്ളി ഉണ്ടായിരുന്നില്ല. രണ്ട് പേരും അവരുടെ വാസസ്ഥലത്തിനു അടുത്താണ് സ്കൂളുകള്‍ ആരംഭിച്ചത്. കോട്ടയത്ത് ബെയ്‌ലി താമസിച്ച സ്ഥലം കരം ഒഴിവായിട്ടു പതിച്ചു നല്‍കുന്നതിന് 1818- മെയ്‌ 30-ന് റാണി പാര്‍വ്വതിഭായ്‌ തുല്യം ചാര്‍ത്തിയ നീട്ടില്‍ ഇങ്ങനെ കാണുന്നു:
“മെസ്തര്‍ ബെഞ്ചമിന്‍ ബെയ്‌ലി പാതിരി കോട്ടയത്ത്‌ ചുങ്കത്തില്‍ കുന്നില്‍ ഒരു മംകളാവ് തീര്‍പ്പിച്ചു അവിടെ പാര്‍ത്ത് ധര്‍മ്മപ്പള്ളിക്കൂടം വച്ച് പഠിപ്പിച്ചു വരുന്നു എന്നും ആ സ്ഥലത്തിന് പണ്ടാരവകയില്‍ നിന്നും ഒരു ആധാരം കൊടുപ്പിക്കണമെന്നും ചോദിച്ചിരിക്കുന്നു. ഇപ്പോള്‍ മംകളാവ് വച്ച് പാര്‍പ്പിക്കുന്ന സ്ഥലം കരം ഒഴിവാക്കിയിട്ടു പതിച്ച് അനുഭവിച്ചു കൊള്ളത്തക്കവണ്ണം നമ്മുടെ സാധനം എഴുതിക്കെട്ടിച്ച് കൊടുത്തയച്ചു ആയവസ്ഥക്ക് എഴുതിവരികയും വേണം.” (തിരുവിതാംകൂര്‍ നീട്ട്, 993 ഇടവം)
………
☨ “റവ.ബെഞ്ചമിന്‍ ബെയ്‌ലിയുടെ പത്നി മിസ്സിസ് എലിസബത്ത്‌ എല്ലാ (Elizabeth Ella) 1818-ല്‍ കോട്ടയത്തെ അവരുടെ സ്വന്തം ഭവനത്തില്‍ ആദ്യം നാല് പെണ്‍കുട്ടികളെ താമസിച്ചു പഠിപ്പിച്ചു. അടുത്തവര്‍ഷം കുട്ടികളുടെ സംഖ്യ പന്ത്രണ്ടായി. കേരളത്തിലെ ആദ്യത്തെ പെണ്‍പള്ളിക്കൂടം ഇതായിരുന്നു.
അതുപോലെ മിസ്സിസ് ഫെന്‍, മിസ്സിസ് ബേക്കര്‍ എന്നീ മിഷണറി വനിതമാരും അവരുടെ ബംഗ്ലാവുകളില്‍ പെണ്‍കുട്ടികളെ താമസിപ്പിച്ചു പഠിപ്പിച്ചു. കുട്ടികളെല്ലാം 12 വയസ്സില്‍ താഴെയുള്ളവരായിരുന്നു. എഴുത്ത്, വായന, തയ്യല്‍ എന്നിവയാണ് അവരെ പഠിപ്പിച്ചിരുന്നത്.” (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം.481, 482)
………
☨ 1853-ല്‍ നോര്‍മ്മല്‍ സ്കൂളിലെ പരീക്ഷ നടത്തിയ റവ. ജോര്‍ജ്ജ് മാത്തന്‍ ഇങ്ങനെ എഴുതി: “സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ ആവശ്യവും പ്രാധാന്യവും ഇനിയും ഈ നാട്ടിലെ ഭൂരിഭാഗം ജനങ്ങളും മനസ്സിലാക്കിയിട്ടില്ല. സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് അപകടമാണെന്ന് ചിന്തിക്കുന്നവരാണ് ഏറേയും. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെ പുരോഗതിക്ക് ഏറ്റവും വലിയ തടസ്സം ശൈശവ വിവാഹമാണ്. പന്ത്രണ്ടും പതിമൂന്നും വയസ്സ് കഴിഞ്ഞാല്‍ കുട്ടികളെ സ്കൂളില്‍ വിടാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് മടിയാണ്” (Madras Church Missionery Record; 1853)
അവരെ വിവാഹം കഴിപ്പിക്കാന്‍ അവര്‍ക്ക്‌ തിടുക്കമാണ്. നോര്‍മ്മല്‍ സ്കൂളിലെ പെണ്‍കുട്ടികളെപ്പോലെ എല്ലാ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിക്കണം എന്നാണ് അദ്ദേഹം ആശിച്ചത്.
1854-ലും നോര്‍മ്മല്‍ സ്കൂളിലെ പരീക്ഷകള്‍ നടത്തിയ ശേഷം തന്‍റെ അഭിപ്രായം ജോര്‍ജ്ജ് മാത്തന്‍ ഒന്നുകൂടി ഉറപ്പിച്ചു: “ഇന്ത്യയില്‍ സ്ത്രീ വിദ്യാഭ്യാസത്തിന്‍റെ ആവശ്യവും പ്രാധാന്യവും നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരു സന്ദര്‍ഭമായിരുന്നു നോര്‍മ്മല്‍ സ്കൂളിലെ പരീക്ഷ. മൊത്തം 54 പെണ്‍കുട്ടികളുണ്ടായിരുന്നു. ഏഴ് മുതല്‍ പതിനഞ്ചു വയസ്സ് വരെയുള്ളവര്‍. എല്ലാവരും താമസിച്ചു പഠിക്കുന്നവര്‍. കുട്ടികള്‍ നന്നായി വായിക്കുകയും ഉത്തരം എഴുതുകയും ചെയ്തു. നമ്മുടെ നാട്ടു വിദ്യാഭ്യാസത്തിന്‍റെ സമ്പ്രദായം വളരെ തരംതാഴ്ന്നതും ദുഷിച്ചതുമാണ്. സ്ത്രീ വിദ്യാഭ്യാസം പാടെ നിരോധിച്ചിരിക്കുന്നു.”
നോര്‍മ്മല്‍ സ്കൂളിന്‍റെ പ്രധാന ലക്ഷ്യം സാധിക്കാന്‍ ഏഴ് വര്‍ഷത്തോളം വേണ്ടി വന്നു. 1850-ല്‍ രണ്ടോ മൂന്നോ പേര്‍ അദ്ധ്യാപികമാരാകാന്‍ യോഗ്യത നേടി. എന്നാല്‍ നാട്ടുകാരുടെ മനോഭാവം അനുകൂലമായിരുന്നില്ല. “ഒരു നോര്‍മ്മല്‍ സ്കൂള്‍ എന്ന നിലയില്‍ ഗ്രാമീണ സ്കൂളുകളിലേക്ക് അദ്ധ്യാപികമാരെ പരിശീലിപ്പിച്ചു വിടുക എന്ന അതിന്‍റെ മുഖ്യലക്ഷ്യത്തിനു ഇപ്പോള്‍ വലിയ പ്രാധാന്യമില്ലാതെ വന്നിരിക്കുന്നു. കാരണം സ്ത്രീകള്‍ സ്കൂളില്‍ പഠിപ്പിക്കുന്നതിനോട് അനുകൂലിക്കുവാന്‍ ജനങ്ങള്‍ ഇപ്പോഴും തയ്യാറായിട്ടില്ല.” (Madras Church Missionary Record, 1850) അക്കാലത്തു മിഷന്‍ പള്ളിക്കൂടങ്ങള്‍ പലതും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പഠിക്കുന്ന “മിക്സഡ്‌ സ്കൂളാ”യി തീര്‍ന്നിരുന്നു. അവിടെയും പെണ്‍പള്ളിക്കൂടങ്ങളിലും പഠിപ്പിക്കുവാനാണ് അദ്ധ്യാപികമാരെ പരിശീലിപ്പിച്ചത്.
നാട്ടുകാരുടെ മനോഭാവം മാറ്റിയെടുക്കുന്നതില്‍ മിഷണറി വനിതമാര്‍ വിജയിച്ചു. “1854-ല്‍ മിസ്സിസ് ജോണ്‍സണ്‍ന്‍റെ നോര്‍മ്മല്‍ സ്കൂളിലെ മൂന്ന് പേര്‍ അധ്യാപികമാരായി ജോലിയില്‍ പ്രവേശിച്ചു. അങ്ങനെ കേരളത്തിലെ സ്ത്രീകള്‍ ഉദ്യോഗത്തിന്‍റെ ആദ്യപടി കയറി.” (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം. 488, 489)
“തയ്യല്‍, എംബ്രോയിഡറി, എന്നിവ കൂടാതെ അദ്ധ്യാപനം, പകര്‍പ്പെഴുത്ത്, പ്രൂഫ്‌ റീഡിംഗ് തുടങ്ങിയ പുതിയ തൊഴില്‍ മേഖലകള്‍ സ്ത്രീകള്‍ക്ക് തുറന്നു കിട്ടി. അങ്ങനെ അവര്‍ക്ക് സമൂഹത്തില്‍ മാന്യത വര്‍ദ്ധിച്ചു.” (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം.490)
“1858 ഏപ്രില്‍ 19-മുതല്‍ മെയ്‌ 5-വരെ സി.എം.എസിന്‍റെ തിരുവിതാംകൂര്‍-കൊച്ചി മിഷനുകളിലെ മിഷണറിമാരുടെ ഒരു കോണ്‍ഫറന്‍സ്‌ കോട്ടയത്ത്‌ നടന്നു. മിഷണറി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തിയപ്പോള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം മൂലം സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തൃപ്തികരമാണെന്ന് കണ്ടു. വിദ്യഭ്യാസം പ്രചരിപ്പിക്കുവാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം എന്നവശ്യപ്പെട്ടുകൊണ്ട് ഒരു പ്രമേയം യോഗത്തില്‍ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഇന്ത്യയില്‍ മറ്റ് നാട്ടുരാജ്യങ്ങളില്‍ സര്‍ക്കാര്‍ മതേതര വിദ്യാഭ്യാസം നടപ്പാക്കിയിരുന്നു. പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇവയാണ്:
1. ബൈബിളിനെ ഒഴിവാക്കിക്കൊണ്ടാണെങ്കിലും സര്‍ക്കാരിന്‍റെ മതേതര വിദ്യാഭ്യാസം സിദ്ധിക്കുന്നത് അനേകം യുവതീയുവാക്കള്‍ക്ക്‌ യഥാര്‍ത്ഥത്തില്‍ പ്രയോജനകരമായിരിക്കും. ഇതുമൂലം നാട്ടില്‍ നിലവിലുള്ള യുക്തിരഹിതമായ ആചാരങ്ങള്‍, സമ്പ്രദായങ്ങള്‍ എന്നിവ സംബന്ധമായ തെറ്റിദ്ധാരണകള്‍ മാറുകയും ചരിത്രത്തെയും ശാസ്ത്രത്തെയും സംബന്ധിച്ച യഥാര്‍ത്ഥ അറിവ് നേടാന്‍ മനസ്സിനെ സജ്ജമാക്കുകയും ചെയ്യും എന്ന് ഈ കോണ്‍ഫറന്‍സ് വിശ്വസിക്കുന്നു.
2. ഈ രാജ്യത്ത്‌ എല്ലായിടത്തും നാട്ടുഭാഷാ പ്രാഥമിക വിദ്യാലയങ്ങള്‍ (മലയാളം പള്ളിക്കൂടങ്ങള്‍) ആരംഭിക്കാന്‍ ഏറ്റവും ഉറച്ച തീരുമാനത്തോടുകൂടി സര്‍ക്കാര്‍ പരിശ്രമിക്കണമെന്ന് ഈ കോണ്‍ഫറന്‍സ് ആഗ്രഹിക്കുന്നു. അപ്രകാരം ചെയ്‌താല്‍ ജനങ്ങളുടെ ഏറ്റവും വലിയ ഒരാവശ്യം നിറവേറ്റുവാന്‍ സാധിക്കുകയും അവരെ ഇപ്പോഴത്തെ അധഃസ്ഥിതിയില്‍ നിന്നും അജ്ഞതയില്‍ നിന്നും ഉദ്ധരിക്കാന്‍ കഴിയുകയും ചെയ്യും. സര്‍ക്കാരിന് ലഭിക്കുന്ന റവന്യൂ വരുമാനത്തിന്‍റെ ഉത്പാദകരായ അദ്ധ്വാനിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളോട് ചെയ്യുന്ന ഏറ്റവും വലിയ നീതിയായിരിക്കും. അതുമാത്രമല്ല, സര്‍ക്കാര്‍ എടുക്കുന്ന ഏറ്റവും ബുദ്ധിപൂര്‍വ്വമായ നയതീരുമാനം അതായിരിക്കും. സര്‍ക്കാരിന്‍റെ സ്വാധീനം ജനങ്ങള്‍ക്ക്‌ മേല്‍ ശക്തിപ്പെടുത്തുവാനും രാജ്യത്തിന്‍റെ ഭൌതിക വിഭവശേഷി വര്‍ദ്ധിപ്പിക്കുവാനും സാമൂഹികവും ദേശീയവുമായ പുരോഗതി കൈവരിക്കുവാനും അത് സഹായിക്കും.” (C.M.S. Proceedings, 1858: Resolution on the Goverment System of Education, p.211)
മിഷണറിമാരുടെ അഭിപ്രായത്തോട് സര്‍ക്കാരിന് പൂര്‍ണ്ണ യോജിപ്പായിരുന്നു. എന്നാല്‍ പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ല. (കടപ്പാട്: ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം. 435-436)
………
☨ “1887-ല്‍ പള്ളത്ത് നടന്ന ആംഗ്ലിക്കന്‍ സഭാ കൌണ്‍സിലില്‍ റവ. ഉമ്മന്‍ മാമ്മന്‍ അവതരിപ്പിച്ച നിര്‍ദ്ദേശം ഏഴ് കൊല്ലം കഴിഞ്ഞ് പ്രാവര്‍ത്തികമായി. സ.എം.ഐ.യുടെ പ്രിന്‍സിപ്പലും സി.എം.എസ്. മിഷണറിയുമായിരുന്ന റവ. ജെ. ജേക്കബ്‌ തോംസണ്‍ന്‍റെ നേതൃത്വത്തില്‍ 1894 ജനുവരി മൂന്നിന് കോട്ടയത്ത് ഒരു ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ക്രിസ്തുമതം സ്വീകരിച്ച അധ:സ്ഥിത വര്‍ഗ്ഗത്തില്‍പ്പെട്ട യുവാക്കന്മാര്‍ക്ക് ആശാരിപ്പണി, മേശിരിപ്പണി, കൊല്ലപ്പണി തുടങ്ങിയ വിദഗ്ദ തൊഴിലുകളില്‍ പരിശീലനം നല്‍കുകയായിരുന്നു ഉദ്ദേശ്യം.
ബാസല്‍ മിഷന്‍ ഇന്‍ഡസ്ട്രികളും കോട്ടയത്തെ സി.എം.എസ് ഇന്‍ഡസ്ട്രിയല്‍ സ്കൂളും മിഷണറിമാര്‍ നടത്തിയ മറ്റൊരു സാമൂഹ്യവിപ്ലവമായിരുന്നു. ഇന്ത്യയില്‍ ഓരോ തൊഴിലും ഓരോ ജാതിയുടെ പാരമ്പര്യ അവകാശമായിരുന്നല്ലോ. ഒരു ജാതിക്കാരന്‍റെ തൊഴില്‍ മറ്റൊരു ജാതിക്കാരന്‍ ചെയ്യുന്നത് ആചാര ലംഘനമായി കരുതിയിരുന്നു. പ്രത്യേകിച്ച്, ഉയര്‍ന്ന ജാതിക്കാരന്‍റെ തൊഴില്‍ താഴ്ന്ന ജാതിക്കാരന്‍ ചെയ്യാന്‍ ധൈര്യപ്പെട്ടിരുന്നില്ല. ഇങ്ങനെ ജാതി ഘടനയെ ഉറപ്പിച്ചു നിര്‍ത്തിയിരുന്ന പാരമ്പര്യ തൊഴിലുകളാകുന്ന അഷ്ടബന്ധമാണ് കോട്ടയത്തെ ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍ ഇളക്കിയത്.
അശാരിയുടെയും കൊല്ലന്‍റെയും മേശിരിയുടേയും പണിയായുധങ്ങള്‍ എടുത്ത് തൊട്ടുകൂടാത്തവരുടെ മക്കള്‍ വിദഗ്ദപരിശീലനം നടത്തി. ഏതു തൊഴിലും ഏതു ജാതിക്കാരനും ചെയ്യാം എന്നും തൊഴിലിനു ജാതിയില്ല എന്നും അവര്‍ തെളിയിച്ചു.
ബിഷപ്പ്‌ ഹോഡ്ജസിന്‍റെയും (Bishop Hodges) ദിവാന്‍ പേഷ്കാര്‍ സര്‍ ടി. രാമറാവുവിന്‍റെയും സര്‍വ്വ പിന്തുണയും ഇന്‍ഡസ്ട്രിയല്‍ സ്കൂളിനുണ്ടായിരുന്നു. സ്കൂളിന്‍റെ ഉദ്ഘാടന വേളയില്‍ ആധ്യക്ഷം വഹിച്ചത് ദിവാന്‍ പേഷ്കാരായിരുന്നു. അദ്ദേഹം സ്കൂളിന് നല്‍കിയ സംഭാവനത്തുക ‘രാമറാവു ഫണ്ട്’ എന്ന പേരില്‍ സ്ഥിരമായി ബാങ്കില്‍ നിക്ഷേപിച്ചതിന്‍റെ പലിശ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പണിയായുധങ്ങള്‍ വാങ്ങി സമ്മാനിക്കാന്‍ ഉപയോഗിച്ചു. 1895-മുതല്‍ സ്കൂളിന് സര്‍ക്കാര്‍ ഗ്രാന്‍ഡ്‌ അനുവദിക്കുകയും, കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു. ബോര്‍ഡിംഗിലാണ് വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നത്.” (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം.471)
………
☨ “ജാതിയുടെ മതില്‍ക്കെട്ടുകളില്‍ അങ്ങിങ്ങായി വിള്ളലുകള്‍ ഉണ്ടാകാന്‍ തുടങ്ങിയതാണല്ലോ പത്തൊമ്പതാം നൂറ്റാണ്ട് മദ്ധ്യത്തിനു ശേഷം ഉണ്ടായ സുപ്രധാന സംഭവം. കോട്ടയത്തെ മിസ്സിസ് ബേക്കറുടെ ബോര്‍ഡിംഗ് സ്കൂളിനെപ്പറ്റി 1864-65-ലെ റിപ്പോര്‍ട്ടുകളില്‍ ഒരു കാര്യം എടുത്തു പറയുന്നു: ബോര്‍ഡിംഗ് സ്കൂളുകളില്‍ നായര്‍ പെണ്‍കുട്ടികളും ചേര്‍ന്നു. മറ്റു ജാതിക്കാരോട് നായന്മാര്‍ക്കുള്ള മുന്‍വിധി കുറഞ്ഞു തുടങ്ങി. ബോര്‍ഡിംഗ് സ്കൂളിലെ അമ്പതു കുട്ടികളില്‍ സുറിയാനികളോടൊപ്പം നായര്‍, അരയര്‍, ചോഗര്‍ ജാതികളില്‍പ്പെട്ട പെണ്‍കുട്ടികളും താമസിച്ചു പഠിക്കുന്നു. “ക്രിസ്തീയതയില്‍ ഐക്യപ്പെട്ട് ഒരുമിച്ചു വളരുക” എന്ന പുതിയ ആദര്‍ശവാക്യം അക്രൈസ്തവരുടെ ഇടയില്‍ രൂപംകൊണ്ടു.” (C.M.S. Proceedings, 1871)
ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്കൂളുകളില്‍ നായര്‍, സുറിയാനി, ഈഴവ കുട്ടികള്‍ ഒരുമിച്ചു പഠിക്കാന്‍ തുടങ്ങിയിരുന്നു. 1870 ആയപ്പോള്‍ ഗ്രാമീണ സ്കൂളുകള്‍ എല്ലാം തന്നെ ഇത്തരം സ്കൂളുകളായി മാറിയിരുന്നു. 1871-ല്‍ കോട്ടയം മിഷനില്‍ ബേക്കറുടെ (Jr.) മേല്‍നോട്ടത്തില്‍ 42 മലയാളം സ്കൂളുകളും നാല് ഇംഗ്ലീഷ്‌ സ്കൂളുകളും പ്രവര്‍ത്തിച്ചിരുന്നു. അവിടെ ഒരുമിച്ചു പഠിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ആരെല്ലാമെന്ന് നോക്കാം.
“എന്‍റെ മിഷന്‍ ജില്ലകളില്‍ മൊത്തം 42 സ്കൂളുകളുണ്ട്. സുറിയാനി, പ്രോട്ടസ്റ്റന്‍റ്, നായര്‍, ചോഗര്‍, കമ്മാളര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട കുട്ടികള്‍ ഒരുമിച്ചു പഠിക്കുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ ക്ലാസില്‍ പഠിക്കുന്നു. ഒരു സ്കൂള്‍ കോട്ടയം രാജാവിന്‍റെ സമീപപ്രദേശത്താണ്. ഈ സ്കൂളുകളിലെ മാസ്റ്റര്‍മാര്‍ക്ക്‌ മൂന്നര രൂപ മുതല്‍ അഞ്ച് രൂപ വരെയാണ് മാസശമ്പളം. ഇതുകൂടാതെ ഇംഗ്ലീഷ്‌ പഠിപ്പിക്കുന്ന നാല് സ്കൂളുകള്‍ കൂടി എനിക്കുണ്ട്.” (Rev.H.Baker (Sr.) Madras Church Missionary Record; 1871) (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’ പുറം.439, 440)
………
☨ “മിഷണറിമാരാണ് ആദ്യമായി വിദ്യാലയസ്ഥാപനവും അധഃകൃത സംരക്ഷണവും തിരുവിതാംകൂറില്‍ നടപ്പാക്കിയത്. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തല്‍ ചെയ്തത് മിഷണറിമാരുടെ ശ്രമത്താലാണ്. ഹൈന്ദവസമുദായത്തിന്‍റെ ദുരാചാരം നിമിത്തം അവര്‍ണ്ണരെന്നും അധഃകൃതരെന്നും വിളിച്ചിരുന്ന പല ജാതിക്കാര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലായിരുന്നു. ചാന്നാന്മാര്‍, മുക്കുവന്‍, പറയര്‍, പുലയര്‍ തുടങ്ങിയ എല്ലാ അവര്‍ണ്ണര്‍ക്കും ഒരുപോലെ പരിഷ്കൃതമായ വിദ്യാഭ്യാസം നല്‍കി, മറ്റു സമുദായക്കാരോടൊപ്പം അവരെയും മിഷണറിമാര്‍ പരിഷ്കൃതരാക്കിത്തീര്‍ത്തു. തിരുവിതാംകൂര്‍ ഇന്ന് അഭിമാനിക്കുന്ന സകല സംസ്കാരങ്ങള്‍ക്കും എന്നും അവര്‍ ഏറെക്കുറെ മിഷണറിമാരോട് കടപ്പെട്ടവരാണ്.” (കെ.പങ്കജാക്ഷന്‍ നായര്‍: തിരുവിതാംകൂര്‍ ചരിത്രം; പുറം 132)
“ക്രിസ്ത്യന്‍ മിഷണറിമാരുടെ പ്രവര്‍ത്തനവും പാശ്ചാത്യ വിദ്യാഭ്യാസത്തിന്‍റെ പ്രചാരവും കേരളീയ സമുദായത്തില്‍ മൌലിക പരിവര്‍ത്തനമുളവാക്കി.” (ഏ.ശ്രീധരമേനോന്‍: കേരളചരിത്രം; പുറം 318)
പ്രോട്ടസ്റ്റന്‍റ് മിഷണറിമാര്‍ നടപ്പാക്കിയ സാര്‍വ്വത്രികവും സാര്‍വ്വജനികവുമായ വിദ്യാഭ്യാസമാണ് പുതിയ സമൂഹഘടനയുടെ പങ്കു വഹിച്ചതെന്ന് ചരിത്രകാരന്മാര്‍ സമ്മതിക്കുന്നു. ഈ വിദ്യാഭ്യാസസമ്പ്രദായം സര്‍ക്കാരും യാഥാസ്ഥിതിക സമുദായങ്ങളും അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ശ്ലാഘനീയമായ കാര്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു” (ഡോ.സാമുവല്‍ നെല്ലിമുകള്‍: ‘കേരളത്തിലെ സാമൂഹ്യപരിവര്‍ത്തനം’, പുറം.446, 447)

No comments:

Post a Comment