Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Friday 22 May 2015

നരകം ഒരു താരതമ്യം



നരകം

500നു അടുത്ത സൂക്തങ്ങള്‍ നരക ശിക്ഷയെ പറ്റി വിവരിക്കാന്‍ ഖുറാന്‍ ഉപയോഗിച്ചിട്ടുണ്ട്. പുതിയനിയമത്തില്‍ 15 നു അടുത്ത വചനങ്ങള്‍ മാത്രമാണ് നരകത്തെ കുറിച്ച് പറയാന്‍ ഉപയോഗിച്ചിരിക്കുന്നത്. നരകം കാണിച്ചു ഭയപ്പെടുത്തുക എന്നത് ഖുരനിന്റെ മുഖ്യ സന്ദേശമാണ് എന്നതിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു. 

എന്തിനു വേണ്ടി നരകം ?

മത്തായി 25 :41: അനന്തരം അവന്‍ തന്റെ ഇടത്തു ഭാഗത്തുള്ളവരോടു പറയും: ശപിക്കപ്പെട്ടവരേ, നിങ്ങള്‍ എന്നില്‍ നിന്നകന്ന് പിശാചിനും അവന്റെ ദൂതന്‍മാര്‍ക്കുമായി സജ്ജമാക്കിയിരിക്കുന്ന നിത്യാഗ്‌നിയിലേക്കു പോകുവിന്‍.
ദൈവം നരകം ശ്രിഷ്ടിച്ചത് പിശാചിനും അവന്റെ ദൂതന്മാർക്കും വേണ്ടി ആണ് അല്ലാതെ മനുഷ്യന് വേണ്ടി അല്ല എന്ന് സ്പഷ്ടം ആയി പ്രതിപതിചിരിക്കുന്നു . പിശാചിന്റെ പ്രവൃത്തി ചെയ്യുന്നവരെ നരകത്തിലേക്ക് അയയ്ക്കും എന്നാണ് പറയുന്നത്.
സൂറ 3:13 നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട്‌ ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക്‌ സ്ഥിരപ്പെട്ട്‌ കഴിഞ്ഞിരിക്കുന്നു
ഖുറാനില്‍ പറഞ്ഞിരിക്കുന്നത് മനുഷ്യനെയും ജിന്നിനെയും നിറയ്ക്കാന്‍ വേണ്ടിയാണ് നരകം പണിതിരിക്കുന്നത് എന്നാണ്.

നിത്യ നരകം

നിത്യമായ ശിക്ഷയായിയാണ് ബൈബിളും ഖുറാനും നരകത്തെ വിശേഷിപ്പിക്കുന്നത്. മത്തായി 25:46 .

മലക്കുകള്‍ നരകത്തിന്റെ മേല്‍നോട്ടക്കാരോ ?

74:31നരകത്തിന്‍റെ മേല്‍നോട്ടക്കാരായി നാം മലക്കുകളെ മാത്രമാണ്‌ നിശ്ചയിച്ചിരിക്കുന്നത്‌.
74:30അതിന്‍റെ മേല്‍നോട്ടത്തിന്‌ പത്തൊമ്പത്‌ പേരുണ്ട്‌.
66:6… അതിന്‍റെ മേല്‍നോട്ടത്തിന്‌ പരുഷസ്വഭാവമുള്ളവരും അതിശക്തന്‍മാരുമായമലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട്‌ കല്‍പിച്ചകാര്യത്തില്‍ അവനോടവര്‍അനുസരണക്കേട്‌ കാണിക്കുകയില്ല. അവരോട്‌ കല്‍പിക്കപ്പെടുന്നത്‌ എന്തും അവര്‍പ്രവര്‍ത്തിക്കുകയും ചെയ്യും.
ബൈബിളില്‍ ഇങ്ങനെ ഒന്നില്ല. മാലാഖമാര്‍ വസിക്കുന്ന ഇടം നരകമെന്നാണോ പറയുക! ഖുറാനില്‍ അങ്ങിനെയാണ്. ദൈവത്തിന്റെ ദേവാലയം പണിയുന്നത് ജിന്നുകള്‍. നരകത്തിന്റെ അധികാരികള്‍ മാലാഖമാര്‍.

നരകത്തില്‍ തിന്നാനും കുടിക്കാനും എന്ത് കിട്ടും?

ബൈബിളിലെ നരകത്തില്‍ തിന്നാനും കുടിക്കാനും ലഭിക്കുന്ന കാര്യങ്ങളെ പറ്റി കാണുന്നില്ല.
ഖുറാനില്‍ ...
  1. ചുട്ടുപൊള്ളുന്ന കുടിനീരും (6:70) (88:5)(44:48)
  2. കൊടുംചൂടുള്ള വെള്ളവും കൊടുംതണുപ്പുള്ള വെള്ളവും(38:57)
  3. കയപ്പുള്ള ളരീഇല്‍ (88:6)
  4. വയറ്റില്‍ കിടന്നു തിളയ്ക്കുന്ന സഖ്ഖൂം (44:43)  (37:62) (56:52)
  5. (മുറിവില്‍ നിന്ന് വരുന്ന) ചലം (69:36)

നരകത്തിന്റെ മറ്റു വിശദാംശങ്ങള്‍

കാലില്‍ ചങ്ങല. 73:12
തൊലികള്‍ കത്തി പോകുമ്പോള്‍ പുതിയ തൊലി കൊടുത്തു വേദനിപ്പിക്കും (4:56)
നരകത്തിലെ വിറകാണ് മനുഷ്യരും കല്ലുകളും (66:6) (21:98)
ഇരിമ്പ് വടി കൊണ്ട് അടി (22:21)
നരകത്തില്‍ വഴക്ക് (38:64)
ഏഴു കവാടങ്ങള്‍ (15:44)
-          ഒരു പക്ഷെ വിവിധ ശിക്ഷകള്‍ ഉള്ള ഏഴു തരം നരകങ്ങള്‍ ആയിരിക്കാം (4:145)
മലക്കുകള്‍ അടിക്കും (മരിക്കുന്ന സമയം) (8:50)
-   അല്ലാഹുവിന്റെ അന്ത്യവിധിക്കും മുമ്പേയാണ് ഈ അടി.
ഭൂരിഭാഗവും സ്ത്രീകളാണ് നരകത്തില്‍ (ബുഖാരി, മുസ്ലിം)
-   ഇക്കാര്യം ഖുറാനില്‍ റെഫറന്‍സുകള്‍ കാണുവാന്നില്ല.

*നരകത്തില്‍ തീയുണ്ടോ?

അകലെ നിന്ന് തന്നെ അതിന്റെ ഇരമ്പല്‍ കേള്‍ക്കാം എന്നാണു ഖുറാന്‍ പറയുന്നത്.
25:11 അല്ല, അന്ത്യസമയത്തെ അവര്‍നിഷേധിച്ചു തള്ളിയിരിക്കുന്നു. അന്ത്യസമയത്തെ നിഷേധിച്ച്‌ തള്ളിയവര്‍ക്ക്‌കത്തിജ്വലിക്കുന്ന നരകം നാം ഒരുക്കിവെച്ചിരിക്കുന്നു.12  ദൂരസ്ഥലത്ത്‌ നിന്ന്‌ തന്നെ അത്‌ അവരെ കാണുമ്പോള്‍ ക്ഷോഭിച്ചിളകുന്നതും ഇരമ്പുന്നതും അവര്‍ക്ക്‌ കേള്‍ക്കാവുന്നതാണ്‌.13  അതില്‍ ( നരകത്തില്‍ ) ഒരു ഇടുങ്ങിയ സ്ഥലത്ത്‌ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടനിലയില്‍ അവരെ ഇട്ടാല്‍ അവിടെ വെച്ച്‌ അവര്‍ നാശമേ, എന്ന്‌വിളിച്ചുകേഴുന്നതാണ്‌.
തീയില്‍ പെട്ടാല്‍ തൊലി കരിഞ്ഞു പോകും എന്നും വീണ്ടും തൊലി ഘടിപ്പിച്ചു കൊടുക്കും എന്നും ഖുറാന്‍ പറയുന്നു. ആഹാരമായി കൊടുക്കുന്നത് പൊള്ളലില്‍ നിന്ന് വരുന്ന ചലമാണ് എന്ന് വ്യക്തമായി ഖുറാന്‍ പറയുന്നു. പോരാത്തതിന് മനുഷ്യരെയും കല്ലുകളെയും നരകത്തിലെ തീ ഉണ്ടാക്കുന്ന ഇന്ധനമായി പറയുന്നു.
ഇതില്‍ നിന്നെല്ലാം ഖുറാനിലെ നരകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ തീയുണ്ട്‌ എന്നാണു അര്‍ഥം.
ബൈബിളിലും നരകത്തെ ഒരു അഗ്നികുണ്ഡമായി പറയുന്നുണ്ട്. പക്ഷെ തീയുടെ ഇരമ്പല്‍ ആരും കേള്‍ക്കുന്നതായി പറയുന്നില്ല. തൊലി കരിഞ്ഞു പോകുന്നതായി പറയുന്നില്ല. തീ കത്താനുള്ള ഇന്ധനത്തെ പറ്റി പറയുന്നില്ല.
പിന്നെയോ?
പുഴു പോലും ചാകാതെ തീയാണ് അവിടെ എന്ന് പറയുന്നു. (മാര്‍ക്കോസ് 9: 48) അവിടെ വിലാപവും പല്ലുകടിയുമായിരിക്കും ഉണ്ടായിരിക്കുക. (മത്തായി 13:50)
യേശു ഉപമകളിലൂടെയാണ് സംസാരിച്ചത്. അതിനാല്‍ തന്നെ തീ/അഗ്നികുണ്ഡം എന്നൊക്കെ പറയുന്നത് പ്രതീകം ആകുവാനെ വഴിയുള്ളൂ. വെളിപാടിന്റെ പുസ്തകവും പ്രതീകങ്ങളുടെ പുസ്തകമാണ്.

വെളിപാട്
14:10 : അവന്‍ ദൈവകോപത്തിന്റെ പാത്രത്തില്‍ അവിടുത്തെക്രോധത്തിന്റെ വീഞ്ഞ് കലര്‍പ്പില്ലാതെ പകര്‍ന്നുകുടിക്കും.വിശുദ്ധദൂതന്‍മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ അഗ്‌നിയാലും ഗന്ധകത്താലുംഅവന്‍ പീഡിപ്പിക്കപ്പെടുകയും ചെയ്യും.
11 :അവരുടെ പീഡനത്തിന്റെ പുകഎന്നെന്നും ഉയര്‍ന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും ആരാധിക്കുന്നവര്‍ക്കും അതിന്റെ നാമമുദ്രസ്വീകരിക്കുന്നവര്‍ക്കും രാപകല്‍ഒരാശ്വാസവും ഉണ്ടായിരിക്കയില്ല.
ദൈവക്രോധത്തിന്റെ വീഞ്ഞ്... പീഡനത്തിന്റെ പുക... എന്നൊക്കെ പ്രതീകാത്മകമായിട്ടാണ് അവിടെയൊക്കെ വിവരിക്കുന്നത്.

*ബൈബിളിലെ നരകത്തില്‍ ശിക്ഷ ഒന്നും ഇല്ലേ?

അക്ഷരാര്‍ത്ഥത്തില്‍ തീ കൊണ്ട് ശിക്ഷ ഒന്നും ഉണ്ടാവില്ല എന്ന് മനസിലാക്കുമ്പോള്‍ അവിടെ ശിക്ഷയെ ഇല്ല എന്ന് വായിക്കാന്‍ ശ്രമിക്കുന്നത് അബദ്ധമാണ്. അവിടുത്തെ ശിക്ഷയെ തീ പോലെ കാഠിന്യം എന്നാണ് വിശേഷിപ്പിക്കുന്നത്.
കണ്ണ് കാണാത്തതും കാത്തു കേള്‍ക്കാത്തതും ആയ കാര്യങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ ഒരുക്കി വച്ചെങ്കില്‍ അതേപോലെയുള്ള ശിക്ഷകള്‍ നരകത്തിലും പ്രതീക്ഷിക്കണം. ഒരു പക്ഷെ തീയെക്കാള്‍ ഭയാനകം. പ്രസവവേദനയാണോ വലുത് അതോ ഒരിക്കലും തനിക്ക് പ്രവസവിക്കാന്‍ പറ്റുകയില്ല എന്ന അറിവാണോ കൂടുതല്‍ വേദന ഉണ്ടാക്കുന്നത് എന്ന് വിവാഹം കഴിഞ്ഞു 20  വര്‍ഷത്തിനു ശേഷം പ്രസവിച്ച ഒരമ്മയോടു ചോദിച്ചു നോക്കുക. പ്രസവ വേദന കുഞ്ഞിന്റെ മുഖം കാണുന്നതോടെ തീരും. അല്ലെങ്കില്‍ ഏറിയാല്‍ ഒരു മാസം അതിന്റെ വേദനയുണ്ടാകും.  മറ്റേതോ?! മനസ്സില്‍ നീറി നീറി ഇരിക്കും.
പാപത്തിന്റെ ശമ്പളം മരണമാണ്. “തിന്നുന്ന ദിവസം നീ മരിക്കും.” (ഉല്‍പത്തി 2:17) ഇവിടെ ശാരീരികമായ മരണമല്ല, ആത്മാവിന്റെ മരണമാണ് സംഭവിച്ചത്. ദൈവത്തിന്റെ സാമീപ്യത്തില്‍ നിന്ന് പുറം തള്ളിയ അവസ്ഥ. അത് നിത്യമായി ലഭിക്കുന്ന സ്ഥലമാണ് ബൈബിളിലെ നരകം. ഒരിക്കലും ദൈവത്തെ കാണുകയില്ല എന്ന ബോധ്യം ഒരു ആത്മാവിനെ എങ്ങിനെ ബാധിക്കും എന്ന് ഒരു പക്ഷെ ഇവിടെ വച്ച് ചിന്തിക്കാന്‍ പറ്റില്ല.
നരകത്തില്‍  വിലാപവും പല്ലുകടിയുമായിരിക്കും ഉണ്ടായിരിക്കുക എന്ന് പറയുമ്പോള്‍ അത് ഒരു പക്ഷെ ഏകാന്തതയില്‍ നിന്ന് വരുന്നതാകാം. പ്രതീക്ഷയില്ലായ്മയില്‍ നിന്ന് വരുന്നതാകാം. സ്നേഹത്തിന്റെ അഭാവത്തില്‍ നിന്ന് വരുന്നതാകാം. തീയെക്കാള്‍ ഭയാനകം ആയിരിക്കും ആ അവസ്ഥ എന്ന് ഉറപ്പ്.

സ്വര്‍ഗ്ഗം

നിത്യജീവനെ സൂചിപ്പിക്കുന്ന ഒന്നാണ് സ്വര്‍ഗ്ഗം. ബൈബിളില്‍ നരകത്തെ പറ്റി വളരെ കുറവ് വിവരണങ്ങള്‍ മാത്രമാണ് ഉള്ളത് പോലെ തന്നെ, സ്വര്‍ഗ്ഗത്തെ പറ്റിയും വിവരണങ്ങള്‍ കുറവ് തന്നെ.

അവര്‍ണ്ണനീയം

സ്വര്‍ഗ്ഗത്തെ പറ്റി വിവരിക്കാന്‍ കഴിയില്ല എന്നാണു പൌലോസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഏശയ്യ (64:4) യും സമാനമായ കാര്യം പറഞ്ഞിട്ടുണ്ട്.
1കൊരീ 2:9 എഴുതപ്പെട്ടിരിക്കുന്നതുപോലെ, ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കായിസജ്ജീകരിച്ചിരിക്കുന്നവ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോമനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല.
ഖുറാനും അത് തന്നെ പറയുന്നുണ്ട്.
32:17എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവര്‍ക്ക്‌ വേണ്ടിരഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാള്‍ക്കും അറിയാവുന്നതല്ല.
ആര്‍ക്കും അറിയില്ല എന്ന് പറഞ്ഞിട്ടും സ്വര്‍ഗ്ഗത്തെ പറ്റി സാമാന്യം നല്ല വിവരണം ഖുറാനില്‍ ഉണ്ട്. ശ്രദ്ധിച്ചാല്‍ കാണാം.മിക്കതും അറേബ്യയില്‍ ഉള്ളവര്‍ക്ക് കിട്ടാകനിയായിരുന്നു അത്. അതുകൊണ്ട് അതൊക്കെ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാകും എന്ന് മുഹമ്മദു കരുതിയതില്‍ തെറ്റൊന്നും ഇല്ല.

നാണം

ആദവും ഹൌവയും ഭൂമിയെ തോട്ടത്തില്‍ ആയിരുന്നപോള്‍ നാണം മറച്ചിരുന്നില്ല. ദൈവത്തിന്റെ സാമീപ്യം അവരെ ജഡിക ചിന്തകളില്‍ നിന്ന് അകറ്റിയിരുന്നു. അപ്പോള്‍ സ്വര്‍ഗ്ഗത്തിലോ! സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കുന്നവര്‍ അങ്ങിനെ ഒന്ന് ആലോചിക്കുകയെ ഇല്ല.
ഖുരാനിലും സമാനമായ കാര്യം കാണാം. ഏദന്‍തോട്ടം സ്വര്‍ഗ്ഗത്തില്‍ ആയിരുന്നു എന്നും വൃക്ഷത്തിലെ ഫലം ഭക്ഷിച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് നാണം വന്നത് എന്നും കാണാം.
7:20 അവരില്‍ നിന്ന്‌ മറച്ചു വെക്കപ്പെട്ടിരുന്ന അവരുടെ ഗോപ്യസ്ഥാനങ്ങള്‍അവര്‍ക്കു വെളിപ്പെടുത്തുവാനായി പിശാച്‌ അവര്‍ ഇരുവരോടും ദുര്‍മന്ത്രണംനടത്തി.
പിശാചിന്റെ പണിയാണ് ഈ ഗോപ്യസ്ഥാനങ്ങളെ കുറിച്ചുള്ള വെളിപെടുത്തല്‍. പക്ഷെ ഇതൊക്കെ സ്വര്‍ഗ്ഗത്തില്‍ ലഭിക്കും എന്ന് ഖുറാന്‍ പറയുന്നു.
78:33   തുടുത്ത മാര്‍വിടമുള്ള സമപ്രായക്കാരായ തരുണികളും.
സ്ത്രീകളുടെ ഗോപ്യസ്ഥാനമായ മാറിടത്തിന്റെ തുടിപ്പിനെ പറ്റി പറയുന്നത് അല്ലാഹുവാണ് എന്ന് ഓര്‍ക്കുക. അത് യഥേഷ്ടം ലഭ്യമാകുന്ന സ്ഥലത്തിന്റെ പേരോ സ്വര്‍ഗ്ഗവും.

വിവാഹം/സ്ത്രീകള്‍

ഖുറാന്‍ പ്രകാരം സ്വര്‍ഗ്ഗത്തില്‍ കല്യാണമുണ്ട്.അവിടെ ലഭിക്കുന്ന ഇണകളെ കുറിച്ച് ഖുറാന്‍ വര്‍ണ്ണിച്ചവയില്‍ ചിലത് കൊടുക്കാം.
44:54   , 2:25, 4:57 അവര്‍ക്കവിടെ പരിശുദ്ധരായ ഇണകളുണ്ടായിരിക്കും.
55:56… അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
55:72 കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!
ബൈബിള്‍ പ്രകാരം സ്വര്‍ഗ്ഗത്തില്‍ വിവാഹം കഴിക്കുന്നും ഇല്ല കഴിപ്പിച്ചു കൊടുക്കപ്പെടുന്നതും ഇല്ല.
മത്തായി 22:30 പുനരുത്ഥാനത്തില്‍ അവര്‍ വിവാഹം ചെയ്യുകയോ ചെയ്തുകൊടുക്കുകയോ ഇല്ല. പിന്നെയോ, അവര്‍ സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കും.
യേശു പറഞ്ഞതിന്റെ കടക വിരുദ്ധമാണ് ഖുര്‍ആനിന്റെ പഠനം. പഴയ നിയമ ഗ്രന്ഥങ്ങള്‍ പരിശോധിചാലും അതില്‍ സ്വര്‍ഗ്ഗത്തിലെ വിവാഹത്തെ പറ്റി പറയുന്നില്ല. സ്വര്‍ഗ്ഗത്തിലും ഭാര്യമാരുണ്ടാകും എന്ന് കരുതിയിരുന്ന ആളുകള്‍ യേശുവിന്റെ കാലത്തും ഉണ്ടായിരുന്നു. അവരോടു മറുപടി പറയുന്ന കൂട്ടത്തിലാണ് യേശു ഇത് പറയുന്നത്
ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ സ്വന്തം ഭാര്യമാര്‍ ലഭിക്കുമോ എന്ന് എടുത്തു പറഞ്ഞതായി കാണുന്നില്ല. ഹദീസില്‍ അതിനുള്ള ശാസ്ത്രവിധികള്‍ ഉണ്ട്. ഒരു സ്ത്രീ മരിക്കുമ്പോള്‍ ആരുടെ ഭാര്യ ആയിരുന്നു അയാളുടെ ഭാര്യ ആയിരിക്കും സ്വര്‍ഗ്ഗത്തിലും എന്നും മറ്റുമൊക്കെ. ഖുറാനില്‍ ഈ സ്ത്രീകളെ കുറിച്ചുള്ള വര്‍ണ്ണനകള്‍ കൂടി കാണാം...കണ്ണിന്റെ വിശാലത, കൃഷ്ണമണിയുടെ കറുപ്പ്, തൊലിയുടെ വര്‍ണ്ണം, മാറിടത്തിന്റെ തുടിപ്പ് മുതലായവ. അമേരിക്കയിലെ ലാസ് വേഗാസില്‍ പോലും ഇങ്ങനെ പരസ്യം കാണുമെന്നു തോന്നുന്നില്ല. അഞ്ചു നേരം നിസ്കരിക്കുന്ന, ഭാര്യ അല്ലാതെ വേറെ ഒരു പെണ്ണിനേയും സമീപിക്കാത്ത ഒരു മുസ്ലീമിന് ഈ സ്വര്‍ഗ്ഗത്തില്‍ എന്തുമാത്രം വീര്‍പ്പു മുട്ടലായിരിക്കും അനുഭവപെടുക. അല്ലെങ്കില്‍ ഇതൊക്കെ കിട്ടുവാന്‍ വേണ്ടി ആണോ മുസ്ലീമുകള്‍ അഞ്ചു നേരം കുമ്പിടുന്നത്!

ഭക്ഷണം / പാനീയം

സ്വര്‍ഗദൂതന്‍മാരെപ്പോലെയായിരിക്കുന്നവര്‍ക്ക് എന്ത് ഭക്ഷണം എന്ത് പാനീയം. ബൈബിളിലെ സ്വര്‍ഗ്ഗത്തില്‍ ദൈവത്തെ കാണുക എന്നതില്‍ കഴിഞ്ഞു ഒരു ഭക്ഷണ പാനീയത്തിന്റെയും ആവശ്യം ഇല്ല. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നത് എന്ന് യേശു പഠിപ്പിച്ചത് ഇത്തരുണത്തില്‍ ഓര്‍ക്കുക.
ഖുറാന്‍ സ്വര്‍ഗ്ഗത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണ പാനീയങ്ങള്‍ ലഭ്യമാണ്.
37:42, 44:55 എല്ലാ വിധ പഴങ്ങള്‍
83:25 കസ്തൂരി ചേര്‍ത്ത ശുദ്ധമായ മദ്യം.
76:5-6 കര്‍പ്പൂരം ചേര്‍ത്ത ഉറവു വെള്ളം
76:18 സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.

മറ്റു വിശേഷങ്ങള്‍

അറേബ്യയില്‍ ഉള്ളവര്‍ വെള്ളകെട്ടുകള്‍ കണ്ടിട്ടുണ്ടാകും എങ്കിലും ഒഴുകുന്ന നദികള്‍ കണ്ടിട്ടുണ്ടാവില്ല എന്നത് കൊണ്ട് താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍(4:13, 4:57) സ്വര്‍ഗ്ഗത്തില്‍ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല..
29:58 ഉന്നത സൌധങ്ങളില്‍ താമസസൌകര്യം
52:24 പരിചരണത്തിനായി ചെറുപ്പക്കാര്‍ ചുറ്റിതിരിഞ്ഞു കൊണ്ടിരിക്കും.
76:13, 83:35 , 83:23 ഇരിക്കാന്‍ സോഫകള്‍
18:31 സ്വര്‍ണ്ണം കൊണ്ടുള്ള വളകള്‍ (സ്ത്രീകള്‍ക്കായി ഒന്നും ഇല്ലെന്നു പറയരുത്)
76:12, 44:53, 18:31 പച്ചപട്ടു വസ്ത്രങ്ങള്‍
76:15 വെള്ളി കോപ്പകള്‍, സ്ഫടിക കോപ്പകള്‍
ഇതൊക്കെയാണോ കണ്ണുകള്‍ കാണുകയോ ചെവികള്‍ കേള്‍ക്കുകയോമനുഷ്യമനസ്‌സു ഗ്രഹിക്കുകയോ ചെയ്തിട്ടില്ല കാര്യങ്ങള്‍ എന്ന് ചിന്തിക്കുക. ആ നാട്ടുകാര്‍ ഇതുവരെ കാണാത്ത കാര്യങ്ങളാണ് ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ ഉള്ളത് എന്ന് പറയുന്നതിലും തെറ്റില്ല.
സ്വര്‍ഗദൂതന്‍മാരെപ്പോലെയാകുക എന്നത് എങ്ങിനെ എന്ന് കാണുവാനോ കേള്‍ക്കുവാണോ ഗ്രഹിക്കുവാണോ ആര്‍ക്കും കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട് യേശു പറഞ്ഞ വാക്കുകള്‍ക്ക് ചെവി കൊടുക്കുക. കേള്‍ക്കാന്‍ ചെവി ഉള്ളവര്‍ കേള്‍ക്കട്ടെ എന്നാണല്ലോ പുള്ളിയുടെ ലൈന്‍.

സ്വര്‍ഗ്ഗത്തിന്റെ സ്ഥാനം/വലിപ്പം

വലിപ്പം:
57:21 ... അതിന്‍റെ വിസ്താരം ആകാശത്തിന്‍റെയും ഭൂമിയുടെയും വിസ്താരം പോലെയാണ്‌.
സ്ഥാനം:
53:13  മറ്റൊരു ഇറക്കത്തിലും അദ്ദേഹം മലക്കിനെ കണ്ടിട്ടുണ്ട്‌.14അറ്റത്തെ ഇലന്തമരത്തിനടുത്ത്‌ വെച്ച്‌15അതിന്നടുത്താകുന്നു താമസിക്കാനുള്ള സ്വര്‍ഗം.16ആ ഇലന്തമരത്തെ ആവരണം ചെയ്യുന്നതൊക്കെ അതിനെ ആവരണം ചെയ്തിരുന്നപ്പോള്‍.
രണ്ടാമത്തെ കാര്യം ആലങ്കാരികമായി പറഞ്ഞതാകാനും വഴിയുണ്ട്. മലക്കിനെ സംബന്ധിചു സ്വര്‍ഗ്ഗം അത്ര അടുത്താണ്, വിശ്വാസികളെ സംബന്ധിചു സ്വര്‍ഗ്ഗം അത്ര അടുത്താണ് എന്നുള്ള ധ്വനി.

സ്വര്‍ഗ്ഗത്തിന്റെ നാശം എന്ന്?

അതെന്താണ് അങ്ങിനെ ചോദിക്കുന്നത്? നിത്യജീവന്‍ എന്ന് പറഞ്ഞാല്‍ നിത്യമായി ഉള്ള കാര്യം ആയിരിക്കെണ്ടേ? അതിനു നാശം സംഭവിക്കുമോ? സംഭവിക്കും എന്നാണു ഖുറാന്‍ പറയുന്നത്.
11:108 എന്നാല്‍ സൌഭാഗ്യം സിദ്ധിച്ചവരാകട്ടെ, അവര്‍ സ്വര്‍ഗത്തിലായിരിക്കും.ആകാശങ്ങളും ഭൂമിയും നിലനില്‍ക്കുന്നിടത്തോളം അവരതില്‍നിത്യവാസികളായിരിക്കും. നിന്‍റെ രക്ഷിതാവ്‌ ഉദ്ദേശിച്ചതൊഴികെ.നിലച്ചുപോകാത്ത ഒരു ദാനമായിരിക്കും അത്‌.
ആകാശവും ഭൂമിയും നില നില്‍ക്കുന്ന കാലത്തോളം മാത്രമേ സ്വര്‍ഗ്ഗം നില നില്‍ക്കൂ എന്നാണു ഖുറാന്‍ പറയുന്നത്. സ്വര്‍ഗ്ഗം പ്രപഞ്ചത്തില്‍ എവിടെയോ ഉള്ള സാധനമാണ് എന്ന് അടിവര ഇടുന്ന പ്രസ്താവന. ഖുറാനിലെ ആദം സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറം തള്ളപ്പെട്ടവന്‍   ആണെന്ന് കൂടി ഓര്‍ക്കണം.
ഈ ആകാശവും ഭൂമിയും നശിക്കുമോ? ഉവ്വ്.
19:90  അത്‌ നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന്‌ വീഴുകയും ചെയ്യുമാറാകും.
ഏതു നിമിത്തമാണ് അത് സംഭവിക്കുക.
19:91 ( അതെ, ) പരമകാരുണികന്‌ സന്താനമുണ്ടെന്ന്‌ അവര്‍ വാദിച്ചത്‌ നിമിത്തം.
അതായത് ക്രിസ്ത്യാനികള്‍ ദൈവത്തിനു സന്താനം ഉണ്ടെന്നു വാദിച്ചത് നിമിത്തം, ആകാശവും ഭൂമിയും ഒരുനാള്‍ നശിച്ചു പോകും എന്ന് ഖുറാന്‍ പറയുന്നു. അന്ന് സ്വര്‍ഗ്ഗവും നശിക്കും. അപ്പോള്‍ പിന്നെ ഖുറാനിലെ സ്വര്‍ഗ്ഗത്തില്‍ ഉണ്ടെന്നു പറയുന്ന തുടുത്ത മാറിടവും നയന മനോഹരികളായ സുന്ദരികളും ഒഴുകുന്ന നദിയും കര്‍പൂരം ചേര്‍ത്ത ഉറവ ജലവും പഴങ്ങളും പട്ടു വസ്ത്രങ്ങളും ഒക്കെ സ്വപ്നത്തില്‍ മാത്രം എന്ന് ചുരുക്കം.
ആകെ അവശേഷിക്കുന്നത് ദൈവം മാത്രം.
55:27 മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.

സ്വര്‍ഗ്ഗത്തില്‍  ദൈവത്തെ കാണുവാന്‍ സാധിക്കുമോ?

അതുമാത്രം ഖുറാന്‍ ഉറപ്പു തരുന്നില്ല. യേശു തരുന്ന ഏറ്റവും മികച്ച ഉറപ്പു അതുമാത്രം. ഹൃദയ ശുദ്ധി ഉണ്ടായാല്‍ ദൈവത്തെ കാണും. (മത്തായി 5:8) . വിശ്വസിച്ചാല്‍ ദൈവമഹത്വം കാണും. (യോഹന്നാന്‍ 11:40)

No comments:

Post a Comment