ഹോറസ്: "അദ്ദേഹം ഒരു ഡിസംബർ 25 - ന് ഐസിസ് മെരി(Isis-Meri) എന്ന പേരുള്ള കന്യകമാതാവിന്റെ പുത്രനായി ജനിച്ചു. അദ്ദേഹത്തിൻറെ മനുഷ്യപിതാവിന്റെ പേര് ജോ-സെഫ് (Jo-Seph) എന്നായിരുന്നു. അദ്ദേഹത്തിൻറെ തിരുപ്പിറവിയെക്കുറിച്ച് മെരിക്ക് ഒരു മാലാഖ മുന്നറിവ് കൊടുത്തു. ജനിച്ചത് ഗുഹയിൽ ആണ് . കിഴക്കെ ആകാശത്ത് സൂര്യനൊപ്പം പ്രഭാതനക്ഷത്രമായി സിറിയസ് നക്ഷത്രത്തിന്റെ ഉദയം അദ്ദേഹത്തിൻറെ ജനനം പ്രഘോഷിച്ചു. ആകാശത്ത് നക്ഷത്രത്തോടൊപ്പം ഭൂമിയില് ആട്ടിടയന്മാരും അദ്ദേഹത്തിൻറെ തിരുപ്പിറവിക്ക് സാക്ഷ്യംവഹിച്ചു. ആ നക്ഷത്തത്രെ പിന്തുടർന്ന് കിഴക്ക് നിന്നും മൂന്നു രാജാക്കന്മാർ രക്ഷകനായി ജനിച്ച ആ കുഞ്ഞിനെ കാണാൻ എത്തി. 30-ആം വയസ്സിൽ അദ്ദേഹം സ്നാനപ്പെട്ടു തന്റെ ശുശ്രൂഷ ആരംഭിച്ചു. അദ്ദേഹത്തിനു 12 ശിഷ്യന്മാരുണ്ടായിരുന്നു . അദ്ദേഹം നിരവധി അത്ഭുതങ്ങള് പ്രവര്ത്തിച്ചു. വെള്ളത്തിന് മേല് നടക്കുകയും രോഗികളെ സൗഖ്യപ്പെടുത്തുകയും അന്ധര്ക്ക് കാഴ്ച നല്കുകയും പൈശാചികശക്തികളെ അടിച്ചോടിക്കുകയും ചെയ്തു. സത്യം, ലോകത്തിന്റെ വെളിച്ചം , നല്ല ഇടയൻ (good shepherd), ദൈവത്തിന്റെ കുഞ്ഞാട് (the lamb of god), ജീവന്റെ അപ്പം(the bread of life), മനുഷ്യപുത്രന്(son of man), വചനം (the word), മീന്പിടുത്തക്കാരന് (fisher) തുടങ്ങിയ വിശേഷണവും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിൻറെ ഒരു ശിഷ്യൻ അദ്ദേഹത്തെ ചതിക്കുകയും, അത് പ്രകാരം അദ്ദേഹം ക്രൂശിക്കപ്പെടുകയും അടക്കപ്പെട്ടു മൂന്നാം നാൾ കഴിഞ്ഞപ്പോൾ ഉയിർക്കുകയും ചെയ്തു. "
ഇത് യേശുവിനെ പറ്റിയാണല്ലോ!! എന്ന് പെട്ടെന്ന് തന്നെ നാം ചിന്തിക്കും. പക്ഷെ തെറ്റി. ഇത് യേശുവിനെ പറ്റി അല്ല. യേശുവിനു ആയിരം വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്ന ഹോറസ് (http://en.wikipedia.org/wiki/Horus ) എന്ന ഒരു ഈജിപ്ഷ്യൻ ദേവനെ പറ്റിയാണ് ഇതെന്ന് നിരീശ്വര വാദികൾ ഉൾപ്പെടെ പലരും ആരോപിക്കുന്നു.
ഇതിനു ആക്കം കൂട്ടിയത് 2007-ഇൽ പീറ്റർ ജോസഫ് (Peter Joseph) എന്നൊരാൾ നിർമിച്ചു പുറത്തിറക്കിയ, വളരെ പ്രശസ്തം ആയ സെയ്റ്റ്ഗെയ്സ്റ്റ് (Zeitgeist) എന്ന ഡോക്ക്യുമെന്ററി ഫിലിം ആയിരുന്നു. ഒരു കോണ്സ്പിരസി തിയറി ആയിരുന്ന ഈ ഫിലിമിൽ ആണ്, യേശുവിനെ പറ്റി ആണെന്ന് തോന്നിപ്പിക്കുന്ന മുകളിലത്തെ വിവരണം ശരിക്കും ഹോറസ് ദേവനെ പറ്റി ഉള്ളത് ആണെന്നും അതിനാൽ തന്നെ യേശു എന്നത് ഹോറസ്, ശ്രീകൃഷ്ണൻ തുടങ്ങിയ ദേവന്മാരുടെ കോപ്പി ആണ് എന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ ഉള്ളത്. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനം ആയി പീറ്റർ ജോസഫ് ഈ ഫിലിമിൽ ഉപയോഗിക്കുന്നത് “The Christ Conspiracy: The Greatest Story Ever Sold” എന്ന പുസ്തകം എഴുതിയ ആചാര്യ (Acharya) എന്ന ഒരാളുടെ (ആചാര്യ എന്നത് തൂലിക നാമം ആണ്. ശരിക്കും പേര് Dorothy M. Murdock ) വാദങ്ങൾ ആണ്. ഈ വാദങ്ങൾ ഇവിടെ കിട്ടും ( http://www.stellarhousepublishing.com/zeitgeist.html )
ഇത് വായിക്കുമ്പോൾ യേശുവിൽ വിശ്വസിക്കുന്നവർ ഇത്രയും കാലം പറ്റിക്കപ്പെടുക ആയിരുന്നോ എന്ന ചിന്ത നമുക്ക് സ്വാഭാവികമായും ഉണ്ടാകാം. പുരാതന ഈജിപ്റ്റിലെ, ഫാൽക്കന്റെ തലയും മനുഷ്യന്റെ ശരീരവും ഉള്ള സൂര്യ-ചന്ദ്ര ദൈവമായിരുന്ന ഹോറസിന്റെ ഒരു കോപ്പി ആണോ യേശു ക്രിസ്തു?
ആചാര്യക്ക് സ്വന്തം അഭിപ്രായങ്ങൾ പറയാനുള്ള അവകാശം ഉണ്ട്. പക്ഷെ ആ അഭിപ്രായങ്ങൾ തികച്ചും ചരിത്രപരം ആയി ശരി ആയ വസ്തുതകൾ ആണെന്ന് പറഞ്ഞു തന്റെ ഐഡിയ പ്രചരിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആചാര്യയുടെ വിസ്വസയോഗ്യത (credibility) ആദ്യം നമുക്ക് നോക്കേണ്ടി വരും. അവർ ഈജിപ്റ്റൊളജിയിൽ പണ്ഡിത ആണോ? അവർ തെളിവായി എന്ത് വിസ്വസയോഗ്യം ആയ റെഫെറൻസ് ആണ് തരുന്നത്? അവരുടെ വാദങ്ങൾ ഏതെങ്കിലും peer-reviewed ജേണലുകളിൽ വന്നിട്ടുണ്ടോ അല്ലെങ്കിൽ ഈജിപ്റ്റൊളജിയിൽ പണ്ഡിതർ ആയവർ ഇവരുടെ വാദങ്ങളെ മുഖവിലക്ക് എടുക്കുന്നുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. പണ്ഡിതർ ഇവരുടെ വാദങ്ങളെ മറുപടി പോലും അർഹിക്കുന്നില്ല എന്ന മട്ടിൽ തള്ളിക്കളയുന്നു.
ആചാര്യയെ പോലെ ഉള്ള തല തിരിഞ്ഞ ചിന്താഗതിക്കാരെ യുക്തിവാദികൾ തന്നെ പിന്തുടരുന്നത് അൽഭുതപ്പെടുത്തുന്നതാണ്. ആചാര്യയുടെ ചില വാദങ്ങൾ നോക്കുക. AIDS എന്നത് HIV എന്ന വൈറസ് പരത്തുന്നതെ അല്ല. എയിഡ്സ് എന്നത് ഒരു hoax മാത്രം ആണ്. ലൈംഗികം ആയി സ്വാതന്ത്ര്യം പ്രാപിച്ച, അല്ലെങ്കിൽ തോന്നിയത് പോലെ സെക്സ് ആസ്വദിക്കുന്ന ആളുകളെ പിടിച്ചു കെട്ടാൻ പാടാണ്. അപ്പോൾ ലൈംഗികം ആയി അമർച്ച ചെയ്താൽ ഒരാളെ അല്ലെങ്കിൽ ഒരു സമൂഹത്തിനെ അധികാരികൾക്ക് എളുപ്പം ചൊൽപ്പടിക്ക് നിർത്താം. അതിനു ഫ്രീ ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ നിന്നും ആളുകളെ വിലക്കണം. അതിനു ആളുകളെ പേടിപ്പിക്കാൻ അധികാരികൾ കണ്ടെത്തിയ മാര്ഗം ആണ് എയിഡ്സ് എന്നാ മാരകരോഗം അനിയന്ത്രിതം ആയ ലൈംഗികത വഴി പടരും എന്നത്. അതായതു ചുരുക്കത്തിൽ എയിഡ്സ് എന്നൊരു രോഗമേ ഈ ഭൂമിയില ഇല്ല. ഈ സൈറ്റിൽ ഇവരുടെ ലേഖനം ഉണ്ടായിരുന്നു (http://www.truthbeknown.com/aidslinks.htm) . പക്ഷെ ഇപ്പോൾ കാണുന്നില്ല. ഇവരുടെ മറ്റൊരു വിചിത്രം ആയ വാദം പിരമിഡുകൾ ഈജിപ്തുകാർ അല്ല ഉണ്ടാക്കിയത് എന്നാണ്. അറ്റ്ലന്റിസ് പോലെ ഉള്ള നഷ്ടപ്പെട്ട സംസ്കാരത്തിലെ ആൾക്കാർ ആണത്രേ പിരമിഡുകളും സ്ഫിങ്ക്സുകളും ഉണ്ടാക്കിയത്!
ആചാര്യ തന്റെ വാദങ്ങൾക്ക് റെഫെറൻസ് ആയി തരുന്ന ഒരു പണ്ഡിതൻ ഉണ്ട്- ജേക്കബ് ബ്രയന്റ്. ഇദ്ദേഹത്തിന്റെ വാദങ്ങൾക്ക് മുൻപിൽ നമ്മൾ നാണിച്ചു പോകും. ഇദ്ദേഹത്തിന്റെ ഒരു വാദം ഇങ്ങനെ ആണ്. പൈതഗോരസിന് sonches എന്ന പേരില് ഒരു ഈജിപ്ഷ്യൻ പുരോഹിതൻ ഗുരു ആയി ഉണ്ടായിരുന്നതായി പാരമ്പര്യം ഉണ്ട്. ഇത് ഇത് പ്രകാരം ഈജിപ്ഷ്യൻ പുരോഹിതന്മാരെ sonchin എന്ന് വിളിച്ചിരുന്നതായി അദ്ദേഹം വാദിച്ചു. sonchin = son + chin. son ഇംഗ്ലീഷിൽ sun (സൂര്യൻ) എന്നതുമായി കേൾവിക്ക് സാമ്യം ഉണ്ട്. അപ്പോൾ സൂര്യൻ ആയി. അടുത്തത് chin. chin എന്നത് ഹീബ്രൂവിൽ cohen (പുരോഹിതൻ ) എന്ന വാക്കുമായി കേൾവിക്ക് സാമ്യം. അപ്പോൾ sonchin എന്നാൽ സൂര്യന്റെ പുരോഹിതൻ രണ്ട് ഭാഷകളിലെ വാക്കുകൾ ആണ് താരതമ്യപ്പെടുത്താൻ ഉപയോഗിക്കുന്നത് എന്ന സാമാന്യബുദ്ധി പോലും ഇല്ല എന്നതാണ് വാസ്തവം
ഇവരുടെ ആരോപണങ്ങൾ ഓരോന്നായി നമുക്ക് പരിശോധിക്കാം.
1. ഹോറസിന്റെ മാതാവായ ഐസിസും(Isis) യേശുവിന്റെ മാതാവിനെ പോലെ കന്യക ആയിരുന്നു ---------
ഐസിസ് കന്യക ആണെന്ന് ഒരിടത്തും പറയുന്നില്ല. ഈജിപ്ഷ്യൻ മിത്ത് പ്രകാരം ഒസിരിസ് (osiris) എന്നയാൾ തന്റെ അമ്മയായ Nut എന്ന ആകാശ ദേവതയുടെ ഗർഭപാത്രത്തിൽ ആയിരിക്കുമ്പോൾ തന്നെ, ഗർഭപാത്രത്തിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സഹോദരി ഐസിസും ആയി പ്രണയത്തിൽ ആവുകയും തുടർന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. ഇതിന്റെ ഭലം ആയി ഗർഭപാത്രത്തിൽ വെച്ചു തന്നെ ഉണ്ടായ കുട്ടിയാണ് ഹോറസ്. Nut ദേവത അങ്ങനെ അഞ്ചു പേരെ പ്രസവിച്ചു- ഒസിരിസ്, ഐസിസ്, ഹോറസ്, സേത്ത് (Set) , നെഫ്തിസ്.
മറ്റൊരു കഥ പ്രകാരം ഹോറസിന്റെ ജനനം ഇങ്ങനെ ആയിരുന്നു. സേത്തിന്റെ ഭാര്യ നെഫ്തിസുമായി ഒസിരിസ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിൽ കുപിതൻ ആയ സേത്ത് ഒസിരിസിനെ നൈൽ നദിയിൽ ചതിവിലൂടെ മുക്കിക്കൊന്നു. ദുഖിതയായ ഐസിസ് ഒസിരിസിന്റെ ശവശരീരം കണ്ടെടുക്കുകയും അതുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു ഉണ്ടായ കുട്ടി ആണ് ഹോറസ്. ഇതിന്റെ മറ്റൊരു ഭാഷ്യ പ്രകാരം കഥ ഇങ്ങനെ. ഒസിരിസിന്റെ ശവ ശരീരം സെത്തിൽ നിന്നും ഒളിച്ചുവെക്കാൻ ഐസിസ് ശ്രമിച്ചു എങ്കിലും സേത്ത് അത് കണ്ടുപിടിച്ചു ആ മൃതശരീരത്തെ 14 ആയി മുറിച്ചു പലയിടത്തായി കൊണ്ട് കളഞ്ഞു. ഐസിസ് ആ ഭാഗങ്ങൾ ഒക്കെ കണ്ടെടുക്കുകയും അവയെ കൂട്ടി യോജിപ്പിക്കുകയും ചെയ്തു. പക്ഷെ ലിംഗം മാത്രം കിട്ടിയില്ല. അപ്പോൾ ഐസിസ് മരത്തിൽ ഒരു ലിംഗം ഉണ്ടാക്കി അവിടെ വെക്കുകയും, പിന്നീട് ഒസിരിസുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. അങ്ങനെ ഉണ്ടായതു ആണ് ഹോറസ്.
2. ഹോറസിന്റെ മാതാവിന്റെ പേര് ഐസിസ് മെരി(Isis-Meri) എന്നാണ് ----------
Mr-ee എന്ന ഈജിപ്ഷ്യൻ വാക്കിന്റെ അർഥം beloved (പ്രിയപ്പെട്ട) എന്നാണ്. അത് ഐസിസിന്റെ പേരിന്റെ ഭാഗം അല്ല. യേശുവിന്റെ മാതാവിന്റെ പേര് മറിയം എന്നാണ്.
3. ഹോറസിന്റെ മനുഷ്യപിതാവിന്റെ പേര് ജോ-സെഫ് (Jo-Seph) എന്നായിരുന്നു.-----------
ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നത് ആണോ എന്തോ. ഹോരസിന്റെ പിതാമഹന്റെ പേര് ആയിരുന്നു seb- അതായതു ഒസിരിസിന്റെ പിതാവിന്റെ പേര്. അദ്ദേഹം ഹോരസിനെ മകനായി വളർത്തി എന്ന് ഒരിടത്തും പറയുന്നില്ല. സെബും ജോസെഫും തമ്മിലുള്ള സാമ്യം രണ്ടിലും ഒരു സെ ഉണ്ട് എന്നത് മാത്രം.
4. ഹോറസ് ദേവന്റെ ജന്മദിനം ഡിസമ്പര് 21/22/ 25 ദിവസങ്ങളിലാണ് ----------
യേശു ജനിച്ചത് ഡിസംബർ 25- നു ആണെന്ന് ബൈബിളിൽ പറയുന്നില്ല. അതുപോലെ തന്നെ ഹോറസ് ജനിച്ച ദിവസവും ഒരിടത്തും പറയുന്നില്ല. ക്രിസ്ത്യാനികൾ രണ്ടാം നൂറ്റാണ്ടിൽ തന്നെ ഡിസംബർ 25 യേശുവിന്റെ ജന്മ ദിനം ആഘോഷിച്ചതായി തെളിവുണ്ടെങ്കിലും, വ്യാപകം ആയി ഡിസംബര് 25 ആഘോഷിക്കുന്നത് നാലാം നൂറ്റാണ്ട് മുതൽ ആണ്.
5. ഹോറസ് ജനിച്ചത് ഗുഹയിൽ അല്ലെങ്കിൽ പുൽത്തൊട്ടി പോലെ എന്തോ ഒന്നിൽ ആണ് ---------
ഒരു തെളിവും ഇല്ല എന്ന് മാത്രം അല്ല, ഹോറസ് ജനിച്ചത് ഒരു ചതുപ്പ് നിലത്തു ആണെന്നാണ് ഐതിഹ്യം
6. നക്ഷത്ത്രത്തിൽ നിന്നും സൂചന കിട്ടി കിഴക്ക് നിന്നും മൂന്നു രാജാക്കന്മാർ രക്ഷകനായി ജനിച്ച ആ കുഞ്ഞിനെ കാണാൻ എത്തി -------------
ഏതു നക്ഷത്ത്രത്തിൽ നിന്നും ആർക്കു സൂചന കിട്ടി? മൂന്നു രാജാക്കന്മാര്ക്ക് എന്ന് പീറ്റർ ജോസഫ് പറയുന്നു. ബൈബിളിൽ ഒരിടത്തും മൂന്നു രാജാക്കന്മാർ എന്ന് പറഞ്ഞിട്ടില്ല. ഇവരുടെ വാദപ്രകാരം മൂന്നു രാജാക്കന്മാർ എന്ന് പറയുന്നത് ഓറിയോണ് (orion) ബെൽറ്റിൽ ഉള്ള മൂന്നു നക്ഷത്രങ്ങൾ ആണത്രെ (സിരിയസും ഒരിയോണ് ബെൽറ്റും ഒരേ അലൈന്മെന്റിൽ (alignment) ആയിരിക്കും, ഈ ഒരിയോണ് ബെൽറ്റിൽ ഉള്ള മൂന്നു നക്ഷത്രങ്ങളെ മൂന്നു രാജാക്കന്മാർ എന്ന് വിളിച്ചിരിന്നു അത്രേ). എന്നാൽ ഈ നക്ഷത്രങ്ങളെ മൂന്നു രാജാക്കന്മാർ എന്ന് വിളിച്ചത് 17-ആം നൂറ്റാണ്ടിനു ശേഷം മാത്രം ആണ്. (http://en.wikipedia.org/wiki/Orion's_Belt). മാത്രവും അല്ല ബൈബിളിൽ മൂന്നു രാജാക്കന്മാർ ഉണ്ടായിരുന്നുഎന്ന് പറയുന്നില്ല. പൊന്നും മൂറും കുന്തിരിക്കവും എന്നീ മൂന്നു കാഴ്ച വസ്തുക്കൾ കൊണ്ട് വന്നത് കൊണ്ടാണ് മൂന്നു രാജാക്കന്മാർ ഉണ്ടായിരുന്നത് ആയി അനുമാനിക്കുന്നത്
7. യേശുവിന്റെ ജീവിതം പോലെ തന്നെ 12 വയസ്സിനും 30 വയസ്സിനും ഇടയ്ക്കുള്ള ഹോറസിന്റെ ചരിത്രം അജ്ഞാതമാണ്-------
ഇതിനു ഹോറസിന്റെ വിവരണങ്ങളിൽ ഒരു തെളിവും ഇല്ല.
8. മുപ്പതാം വയസ്സില് എറിഡിനാസ് (Eridinas) നദിയില് വെച്ച് ഹോറസിന് ജ്ഞാനസ്നാനം നല്കപ്പെടുന്നു. സ്നാപക അനുപ്( Anup the baptizer) ആണ് ഹോറസിന് ജ്ഞാനസ്നാനം നല്കുന്നത്---------
ഇതിനും ഒരു തെളിവും ഇല്ല. എറിഡാനസ് (eridanos) എന്ന ഒരു നദി ഉണ്ട്. അത് ഗ്രീസിൽ ആണ്. (http://en.wikipedia.org/wiki/Eridanos_(mythology)) ഹോരസിന്റെ കഥ നടക്കുന്ന ഈജിപ്തിൽ അല്ല. സ്നാപക അനുപ്( Anup the baptizer) എന്നൊരാളെ ഹോരസിന്റെ കഥയിൽ ഉള്ളതായി ഒരിടത്തും പറയുന്നില്ല.
9. ഹോറസിന് 12 ശിഷ്യന്മാരുണ്ടായിരുന്നു ------------
ഹോരസിനു നാല് ശിഷ്യന്മാർ ഉണ്ടായിരുന്നു. അവരെ heru -shemsu എന്ന് അറിയപ്പെട്ടിരുന്നു. ചില ഭാഷ്യങ്ങളിൽ 16 ശിഷ്യരെ പറ്റി പറയുന്നു. മറ്റൊരിടത്ത് ഹോറസിനോടൊപ്പം യുദ്ധം ചെയ്ത ഒരു കൂട്ടം ശിഷ്യരെ (mesnui- blacksmiths) പറ്റിയും പറയുന്നു. 12 എന്ന് ഒരിടത്തും പറയുന്നില്ല.
10. ഹോറസ് വളരെ അധികം അത്ഭുതങ്ങൾ പ്രവര്ത്തിക്കുകയും മരിച്ച el-Azaras (എൽ -അസാറസ് അല്ലെങ്കിൽ el-osiris) നെ ഉയിർപ്പിക്കുകയും ചെയ്തു-----------
ഇവിടെ el-Azaras (എൽ -അസാറസ്) എന്ന പേര് നോക്കുക. ബൈബിളിൽ യേശു ഉയിർപ്പിച്ച ലാസറസിന്റെ പേരിനോട് സാമ്യം വരുത്താനായി ചെയ്തിരിക്കുന്ന കുതന്ത്രം. ഓസിരിസിനെ ഒരിടത്തും el-Azaras അല്ലെങ്കിൽ el-osiris എന്ന് വിളിച്ചിരുന്നതായി ഒരു തെളിവും ഇല്ല. ഉയിർക്കുക എന്നാൽ ഭൌതിക ശരീരത്തിൽ ഉയിര്ക്കുക എന്നാണ്, യേശു ഉയിര്ത്തത് പോലെ. അതായതു reversal of death. ഹോറസ് തന്റെ പിതാവിന്റെ മരണത്തിനു പകരം ചോദിക്കാൻ സെത്തുമായി യുദ്ധം ചെയ്യുകയും അതിൽ ഒരു കണ്ണ് നഷ്ടപ്പെടുകയും ചെയ്തു. ഈ കണ്ണ് അദ്ദേഹം ഒരു വഴിപാടായി ഒസിരിസിന്റെ മമ്മിക്കു സമർപ്പിച്ചു. അപ്പോൾ മരിച്ചവരുടെ ലോകത്ത് ആയിരുന്ന ഒസിരിസിന്റെ ആത്മാവിനു ജീവൻ കിട്ടി. ഹോറസ് ഉയിർപ്പിച്ചതു അല്ല, പക്ഷെ അദ്ദേഹത്തിൻറെ ഒരു പ്രവൃത്തി മൂലം ആണ് ഒസിരിസിന്റെ ആത്മാവിനു പുതു ജീവൻ കിട്ടിയത്. അതും ശരീരത്തിന് അല്ല ജീവൻ കിട്ടിയത്, ആത്മാവിന്നു ആണ്. പുരാതന ഈജിപ്തുകാരുടെ വിശ്വാസ പ്രകാരം മരിച്ചാൽ ശരീരം ഈ ഭൂമിയിൽ തന്നെ അവശേഷിക്കുന്നു, നല്ല പ്രവൃത്തി ചെയ്തവരുടെ ആത്മാവ് മാത്രം സ്വർഗത്തിൽ പോകുന്നു.
11. സത്യം, ലോകത്തിന്റെ വെളിച്ചം , നല്ല ഇടയൻ (good shepherd), ദൈവത്തിന്റെ കുഞ്ഞാട് (the lamb of god), ജീവന്റെ അപ്പം(the bread of life), മനുഷ്യപുത്രന്(son of man), വചനം (the word), മീന്പിടുത്തക്കാരന് (fisher) തുടങ്ങിയ വിശേഷണവും ഹോറസിനുണ്ട് ---------------
ഹോറസിനെ Great god, chief of powers, master of heaven, avenger of his father എന്നൊക്കെ വിളിച്ചതല്ലാതെ സത്യം, ലോകത്തിന്റെ വെളിച്ചം , നല്ല ഇടയൻ (good shepherd), ദൈവത്തിന്റെ കുഞ്ഞാട് (the lamb of god), ജീവന്റെ അപ്പം(the bread of life), മനുഷ്യപുത്രന്(son of man), വചനം (the word), മീന്പിടുത്തക്കാരന് (fisher) എന്നൊക്കെ വിളിച്ചതായി ഈജിപ്ഷ്യൻ മിതോളജിയിൽ ഒരിടത്തും പറയുന്നില്ല.
12. ഹോറസ് യേശുവിനെ പോലെ ക്രൂശിക്കപ്പെട്ടു---
ഹോറസ് ക്രൂശിതൻ ആയെന്നു ഒരിടത്തും പറയുന്നില്ല. കുരിശിൽ തറച്ചു കൊല്ലുക എന്ന സംഭവം തന്നെ BC 600-ൽ ആണ് ആദ്യം ആയി ഉപയോഗിക്കപ്പെടുന്നത്. അതായത് ഹോരസിന്റെ കഥ നടക്കുന്ന BC 30-ൽ നിന്നും വര്ഷങ്ങള്ക്ക് ശേഷം. ആചാര്യ പറയുന്നത് കുരിശിൽ കിടക്കുന്നത് പോലെ രണ്ടു കയ്യും രണ്ടു സൈഡിലേക്കും വെച്ചു നില്ക്കുന്ന ഹോറസിന്റെ പടം ഉണ്ടത്രേ. ക്രൂശീകരണത്തിനു കുരിശു വേണം എന്ന് നിര്ബന്ധം ഇല്ല, കുരിശിൽ കിടക്കുന്നത് പോലെ കൈ രണ്ട് വശത്തേക്കും നീട്ടി വെച്ചാൽ മതി എന്നാണ് അവരുടെ വാദം
13. മരിച്ചു അടക്കപ്പെട്ടു മൂന്നാം നാൾ ഹോറസ് ഉയിർത്തെഴുന്നേറ്റു ------------
സെത്തിനു ഹോറസിന്റെ പിതാവായ ഒസിരിസിനോട് ഉണ്ടായിരുന്ന ദ്വേഷ്യം മൂലം അയാൾ ഹോറസിനെ ഉപദ്രവിക്കുമോ എന്ന് ഭയന്ന് മാതാവായ ഐസിസ് ഹോരസിനെ ഒരു ചതുപ്പിൽ ഒളിപ്പിച്ചു. അവിടെ വെച്ചു ഹോറസിനു ഒരു തേളിന്റെ കടിയേൽക്കുകയും അദ്ദേഹം അവശനിലയിൽ ആവുകയും ചെയ്തു. മരിച്ചതായി പറയുന്നില്ല. ഐസിസ് സൂര്യ ദേവൻ ആയ റാ (Ra) -യോട് പ്രാർത്തിക്കുകയും, അതിൻപ്രകാരം റാ മറ്റൊരു ദേവൻ ആയ തോത്തിനെ (Thoth) അയച്ച് ഹോറസിലുള്ള തേളിന്റെ വിഷം നീക്കുകയും ചെയ്തു. അങ്ങിനെ ഹോറസിനെ തിരികെ ജീവിതത്തിലേക്ക് കൊണ്ട് വന്നു. ഇതിനെ ആണ് ഇവർ യേശുവിന്റെ ഉയിർത്തെഴുന്നെൽപ്പും ആയി താരതമ്യപ്പെടുത്തുന്നത്.
14. അഭിഷിക്തന് അഥവാ ക്രസ്റ്റ് (KRST, the anointed one) എന്ന പേരിലും ഹോറസ് അറിയപ്പെടുന്നു.--------------------
അങ്ങനെ ഈജിപ്ഷ്യൻ മിതോളജിയിൽ ഹോറസിനെ പറ്റി ഒരിടത്തും പറയുന്നില്ല. എന്തായാലും krst എന്ന ഈജിപ്ഷ്യൻ വാക്കിനു ശവമടക്കം എന്നാണ് അർഥം. അതിനു അഭിഷിക്തൻ അഥവാ christ അഥവാ the anointed one എന്നതും ആയി ഒരു ബന്ധവും ഇല്ല.
വിസ്താരഭയത്താൽ നിർത്തുന്നു. യേശു ജീവിച്ചിരുന്ന കാലഘട്ടം വർഷ, മാസ, ദിവസക്കണക്കിനു ഇന്നയാൾക്കാർ ഭരിച്ചിരുന്ന കാലഘട്ടത്തിൽ എന്ന് വരെ കൃത്യം ആയി പറയുന്ന ബൈബിളിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ ഇവർ ചരിത്രത്തെ വളച്ചൊടിച്ചു തങ്ങൾക്കു വേണ്ടുന്ന രീതിയിൽ പുതുക്കി എഴുതാൻ ശ്രമിക്കുന്നു.
( ലൂക്കൊസ്/അദ്ധ്യായം 3- തീബെർയ്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇരൂർയ്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും 2 ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖർയ്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി)
യേശുവിന്റെ കാലഘട്ടത്തിനു മുൻപ് ഉണ്ടായിരുന്ന പേഗൻ മതങ്ങളുടെ ദൈവങ്ങളിൽ നിന്നും ഉള്ള കോപ്പി ആണ് യേശു എന്ന് തെളിയിക്കാനായി അവരും യേശുവും ആയുള്ള വ്യാജ സമാനതകൾ കണ്ടു പിടിക്കുന്ന ഇത്തരം കപട പണ്ഡിതരുടെ ചിന്താഗതിയെ വേദപണ്ടിതൻ ആയ Samuel Sandmel ഇങ്ങനെ വിശേഷിപ്പിക്കുന്നു- parallelomania.
കടപ്പാട്: റെജി കെകെ
No comments:
Post a Comment