Menu

Drop Down MenusCSS Drop Down MenuPure CSS Dropdown Menu

Saturday, 9 May 2015

മോശയും മൂസയും ഒരു പഠനം


ഖുര്‍ആനില്‍ പറയുന്നതെല്ലാം ചരിത്രപരമായി കൃത്യതയുള്ളതാണെന്നും ഖുര്‍ആന്‍ ആണ് എല്ലാ സത്യവും വെളിപ്പെടുത്തുന്നത് എന്നുമാണല്ലോ ദാവാക്കാര്‍ ഇവിടെ എപ്പോഴും പറയാറുള്ളത്. ഖുര്‍ആന്‍റെ ചരിത്ര കൃത്യതയുടെ കാര്യം ബ്രദര്‍ Zkaryah Mattityahu ഇട്ട ഇബ്രാഹിമിനെ കുറിച്ചുള്ള പോസ്റ്റില്‍ നമ്മളെല്ലാവരും കണ്ടതുമാണ്! ഇബ്രാഹിം ജീവിച്ചിരുന്ന കാലഘട്ടമേതാണ് എന്നോ ഇബ്രാഹിമിന്‍റെ പിതാവ്‌ ആരാണെന്നോ ഇബ്രാഹിം ജീവിചിരുന്ന സ്ഥലം ഏതാണെന്നോ ഏകമായ അഭിപ്രായത്തില്‍ എത്താന്‍ ദാവാക്കാര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല എന്ന കാര്യം ഇവിടെയുള്ള ബഹുമാന്യ അംഗങ്ങള്‍ എല്ലാവരും കണ്ടതാണ്. ഈ പോസ്റ്റില്‍ നമ്മള്‍ പരിശോധിക്കാന്‍ പോകുന്നത് മൂസാനബി എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളാണ്.

ദാവാക്കാര്‍ പറയുന്നത് ബൈബിളില്‍ ഉള്ള മോശയാണ് ഖുര്‍ആനില്‍ ഉള്ള മൂസാ നബി എന്നാണ്. എന്നാല്‍ ഈ അവകാശവാദത്തിന് പുല്ലിന്‍റെ വില പോലും കല്പിക്കാന്‍ സാധിക്കുകയില്ല. മോശ യഹോവയുടെ പ്രവാചകന്‍ ആണ്, എന്നാല്‍ മൂസാനബി യഹോവ എന്ന പേര് പോലും കേട്ടതായി ഖുര്‍ആനിലോ ഹദീസുകളിലോ ഇല്ല. മോശ മിസ്രയീമില്‍ ചെയ്തത് പത്ത് അടയാളങ്ങള്‍ ആണ് എന്ന് ബൈബിള്‍ പറയുമ്പോള്‍ മൂസാ നബി ചെയ്തത് ഒമ്പത് അടയാളങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു. മോശ ഭൂതലത്തിലുള്ള സകല മനുഷ്യരിലും വെച്ച് അതിസൌമ്യനായിരുന്നു എന്ന് ബൈബിള്‍ പറയുമ്പോള്‍ ഹദീസില്‍ കാണുന്നത് അസാമാന്യ കോപമുള്ള മൂസാനബിയെ ആണ്. ഇങ്ങനെ ഒട്ടനവധി വൈരുദ്ധ്യങ്ങള്‍ ഈ രണ്ട് പേര്‍ക്കും തമ്മില്‍ കാണാന്‍ കഴിയും. നമുക്കതൊന്നു പരിശോധിച്ച് നോക്കാം:

1. യിസ്രായേല്‍ ജാതിയില്‍ ലേവ്യാഗോത്രത്തില്‍ കെഹാത്യകുലത്തില്‍ അമ്രാം എന്ന വ്യക്തിയുടെ മകനായിട്ടാണ് മോശ ജനിച്ചത്‌.

മൂസ ഏതു ഗോത്രത്തില്‍ ഏതു കുലത്തില്‍ ആരുടെ മകനായിട്ടാണ് ജനിച്ചത്‌ എന്ന് അറിയാവുന്ന ഏതെങ്കിലും ദാവാക്കാര്‍ ഉണ്ടെങ്കില്‍ ഒന്ന് പറഞ്ഞിട്ട് പോണേ...

2. മോശെയെ ദത്തെടുത്തത് ഫറവോന്‍റെ പുത്രിയാണ് എന്ന് ബൈബിള്‍ പറയുന്നു:

“അവനെ പിന്നെ ഒളിച്ചു വെപ്പാന്‍ കഴിയാതെ ആയപ്പോള്‍ അവള്‍ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതില്‍ കിടത്തി, നദിയുടെ അരികില്‍ ഞാങ്ങണയുടെ ഇടയില്‍ വെച്ചു. അവന്നു എന്തു ഭവിക്കുമെന്നു അറിവാന്‍ അവന്‍റെ പെങ്ങള്‍ ദൂരത്തു നിന്നു. അപ്പോള്‍ ഫറവോന്‍റെ പുത്രി നദിയില്‍ കുളിപ്പാന്‍ വന്നു; അവളുടെ ദാസിമാര്‍ നദീതീരത്തുകൂടി നടന്നു; അവള്‍ ഞാങ്ങണയുടെ ഇടയില്‍ പെട്ടകം കണ്ടപ്പോള്‍ അതിനെ എടുത്തു കൊണ്ടുവരുവാന്‍ ദാസിയെ അയച്ചു. അവള്‍ അതു തുറന്നാറെ പൈതലിനെ കണ്ടു. കുട്ടി ഇതാ, കരയുന്നു. അവള്‍ക്കു അതിനോടു അലിവു തോന്നി ഇതു എബ്രായരുടെ പൈതങ്ങളില്‍ ഒന്നു എന്നു പറഞ്ഞു. അവന്‍റെ പെങ്ങള്‍ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായ സ്ത്രീയെ ഞാന്‍ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു. ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു. ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തേണം; ഞാന്‍ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തി. പൈതല്‍ വളര്‍ന്നശേഷം അവള്‍ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കല്‍ കൊണ്ടു പോയി, അവന്‍ അവള്‍ക്കു മകനായി. ഞാന്‍ അവനെ വെള്ളത്തില്‍ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവള്‍ അവന്നു മോശെ എന്നു പേരിട്ടു” (പുറ.2:3-10)

എന്നാല്‍ മൂസാനബിയെ ദത്തെടുക്കുന്നത് ഫിര്‍ഔന്‍റെ ഭാര്യയാണ്:

“എന്നിട്ട്‌ ഫിര്‍ഔന്‍റെ ആളുകള്‍ അവനെ (നദിയില്‍ നിന്ന്‌) കണ്ടെടുത്തു. അവന്‍ അവരുടെ ശത്രുവും ദുഃഖഹേതുവും ആയിരിക്കാന്‍ വേണ്ടി. തീര്‍ച്ചയായും ഫിര്‍ഔനും ഹാമാനും അവരുടെ സൈന്യങ്ങളും അബദ്ധം പറ്റിയവരായിരുന്നു. ഫിര്‍ഔന്‍റെ ഭാര്യ പറഞ്ഞു: എനിക്കും അങ്ങേക്കും കണ്ണിന്‌ കുളിര്‍മയത്രെ (ഈ കുട്ടി.) അതിനാല്‍ ഇവനെ നിങ്ങള്‍ കൊല്ലരുത്‌. ഇവന്‍ നമുക്ക്‌ ഉപകരിച്ചേക്കാം. അല്ലെങ്കില്‍ ഇവനെ നമുക്ക്‌ ഒരു മകനായി സ്വീകരിക്കാം. അവര്‍ യാഥാര്‍ത്ഥ്യം ഗ്രഹിച്ചിരുന്നില്ല” (സൂറാ.കഥാകഥനം,28:9,10)

3. മോശെ മിസ്രയീമ്യരുടെ സകല ജ്ഞാനവും അഭ്യസിച്ചിരുന്നു എന്നാണ് ബൈബിള്‍ പറയുന്നത് (അപ്പൊ.പ്രവൃ.7:22).

എന്നാല്‍ മൂസാനബിക്ക് എഴുതാനും വായിക്കാനും അറിയുമായിരുന്നോ എന്നുപോലും ഖുര്‍ആനില്‍ കാണുന്നില്ല.

4. മോശ വിവാഹം കഴിച്ചത് മിദ്യാനിലെ പുരോഹിതനായ, യിത്രോ എന്നും വിളിക്കപ്പെടുന്ന റെഗുവേലിന്‍റെ മകളായ സിപ്പോറയെ ആണ്:

“അവര്‍ തങ്ങളുടെ അപ്പനായ റെഗൂവേലിന്‍റെ അടുക്കല്‍ വന്നപ്പോള്‍: നിങ്ങള്‍ ഇന്നു ഇത്രവേഗം വന്നതു എങ്ങനെ എന്നു അവന്‍ ചോദിച്ചു. ഒരു മിസ്രയീമ്യന്‍ ഇടയന്മാരുടെ കയ്യില്‍നിന്നു ഞങ്ങളെ വിടുവിച്ചു, ഞങ്ങള്‍ക്കു വെള്ളം കോരിത്തന്നു ആടുകളെ കുടിപ്പിച്ചു എന്നു അവര്‍ പറഞ്ഞു. അവന്‍ തന്‍റെ പുത്രിമാരോടു: അവന്‍ എവിടെ? നിങ്ങള്‍ അവനെ വിട്ടേച്ചു പോന്നതെന്തു? ഭക്ഷണം കഴിപ്പാന്‍ അവനെ വിളിപ്പിന്‍ എന്നു പറഞ്ഞു. മോശെക്കു അവനോടു കൂടെ പാര്‍പ്പാന്‍ സമ്മതമായി; അവന്‍ മോശെക്കു തന്‍റെ മകള്‍ സിപ്പോറയെ കൊടുത്തു. അവള്‍ ഒരു മകനെ പ്രസവിച്ചു: ഞാന്‍ അന്യദേശത്തു പരദേശി ആയിരിക്കുന്നു എന്നു അവന്‍ പറഞ്ഞു അവന്നു ഗേര്‍ശോം എന്നു പേരിട്ടു” (പുറ.2:18-22)

മൂസാനബിയുടെ അമ്മായപ്പന്‍റെ പേരോ ഭാര്യയുടെ പേരോ അറിയാവുന്ന ഒരാളും തന്നെ ഇന്ന് ലോകത്തിലില്ല. മാത്രമല്ല, മൂസാനബിക്ക് തന്‍റെ മകളെ കെട്ടിച്ചു കൊടുക്കുന്നതിനു പകരം എട്ടു കൊല്ലം തന്‍റെ വീട്ടില്‍ കൂലിവേല ചെയ്യണം എന്നൊരു കരാര്‍ അമ്മയപ്പന്‍ ഉണ്ടാക്കുന്നുമുണ്ട്! ഇതാ ആയത്ത്:

“ആ രണ്ടുസ്ത്രീകളിലൊരാള്‍ പറഞ്ഞു: എന്‍റെ പിതാവേ, ഇദ്ദേഹത്തെ താങ്കള്‍ കൂലിക്കാരനായി നിര്‍ത്തുക. തീര്‍ച്ചയായും താങ്കള്‍ കൂലിക്കാരായി എടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍ ശക്തനും വിശ്വസ്തനുമായിട്ടുള്ളവനത്രെ. അദ്ദേഹം (പിതാവ്‌) പറഞ്ഞു: നീ എട്ടു വര്‍ഷം എനിക്ക്‌ കൂലിവേല ചെയ്യണം എന്ന വ്യവസ്ഥയില്‍ എന്‍റെ ഈ രണ്ടു പെണ്‍മക്കളില്‍ ഒരാളെ നിനക്ക്‌ വിവാഹം ചെയ്തു തരാന്‍ ഞാന്‍ ഉദ്ദേശിക്കുന്നു. ഇനി പത്തുവര്‍ഷം നീ പൂര്‍ത്തിയാക്കുകയാണെങ്കില്‍ അത്‌ നിന്‍റെ ഇഷ്ടം. നിനക്ക്‌ പ്രയാസമുണ്ടാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം നല്ല നിലയില്‍ വര്‍ത്തിക്കുന്നവരില്‍ ഒരാളായി നിനക്ക്‌ എന്നെ കാണാം. അദ്ദേഹം (മൂസാ) പറഞ്ഞു; ഞാനും താങ്കളും തമ്മിലുള്ള നിശ്ചയം അതു തന്നെ. ഈ രണ്ട്‌ അവധികളില്‍ ഏത്‌ ഞാന്‍ നിറവേറ്റിയാലും എന്നോട്‌ വിരോധമുണ്ടാകരുത്‌. നാം പറയുന്നതിന്‌ അല്ലാഹു സാക്ഷിയാകുന്നു” (സൂറാ.കഥാകഥനം,28:26,27)

(അത്ഭുതമെന്ന് പറയട്ടെ, താന്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കണമെങ്കില്‍ ഏഴു കൊല്ലം അവളുടെ പിതാവിന് വേണ്ടി കൂലിയില്ലാതെ ജോലി ചെയ്യണം എന്ന് കരാര്‍ ചെയ്യുന്ന വേറെ ഒരാളെ നമുക്ക്‌ ബൈബിളില്‍ കാണാം:

“പിന്നെ ലാബാന്‍ യാക്കോബിനോടു: നീ എന്‍റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാല്‍ ലാബാന്നു രണ്ടു പുത്രിമാര്‍ ഉണ്ടായിരുന്നു. മൂത്തവള്‍ക്കു ലേയാ എന്നും ഇളയവള്‍ക്കു റാഹേല്‍ എന്നും പേര്‍. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്‍റെ ഇളയമകള്‍ റാഹേലിന്നു വേണ്ടി ഞാന്‍ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാന്‍ ഞാന്‍ അവളെ അന്യപുരുഷന്നുകൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാര്‍ക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവന്‍ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലം പോലെ തോന്നി” (ഉല്‍പ്പത്തി.29:15-20)

കുട്ടിക്കാലത്ത് പൂര്‍വ്വികന്മാര്‍ കഥ പറഞ്ഞുകൊടുക്കുന്ന സമയത്ത് കഥ കേട്ടുകൊണ്ടിരുന്ന സ്വഹാബി ചിലപ്പോള്‍ ഉറങ്ങിപ്പോയിട്ടുണ്ടാകും, അങ്ങനെ കഥാപാത്രങ്ങള്‍ പരസ്പരം മാറിപ്പോയതാണ് സംഭവം എന്ന് ആര്‍ക്കും മനസ്സിലാകും. അതുകൊണ്ടാണ് യാക്കോബിന്‍റെ ജീവിതത്തില്‍ നടന്ന കാര്യം മൂസയുടെ കഥയില്‍ വന്നിരിക്കുന്നത്. കേട്ടത് പോലെ എഴുതി വെക്കാനല്ലേ അവര്‍ക്ക്‌ പറ്റൂ...)

5. മോശ നാല്‍പതു വര്‍ഷം മിദ്യാനില്‍ ഉണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നു:

“ഈ വാക്കു കേട്ടിട്ടു മോശെ ഓടിപ്പോയി മിദ്യാന്‍ ദേശത്തു ചെന്നു പാര്‍ത്തു, അവിടെ രണ്ടു പുത്രന്മാരെ ജനിപ്പിച്ചു. നാല്പതാണ്ടു കഴിഞ്ഞപ്പോള്‍ സീനായ്മലയുടെ മരുഭൂമിയില്‍ ഒരു ദൈവദൂതന്‍ മുള്‍പടര്‍പ്പിലെ അഗ്നിജ്വാലയില്‍ അവന്നു പ്രത്യക്ഷനായി” (അപ്പൊ.പ്രവൃ.7:29,30)

എന്നാല്‍ ഖുര്‍ആനിലെ മൂസാ നബി കേവലം എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷം മാത്രമാണ് പരദേശിയായിരുന്നത് എന്നാണു ഖുര്‍ആനില്‍ നിന്നും മനസ്സിലാകുന്നത്:

“അങ്ങനെ മൂസാ ആ അവധി നിറവേറ്റുകയും, തന്‍റെ കുടുംബവും കൊണ്ട്‌ യാത്രപോകുകയും ചെയ്തപ്പോള്‍ പര്‍വ്വതത്തിന്‍റെ ഭാഗത്ത്‌ നിന്ന്‌ അദ്ദേഹം ഒരു തീ കണ്ടു. അദ്ദേഹം തന്‍റെ കുടുംബത്തോട്‌ പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ. ഞാനൊരു തീ കണ്ടിരിക്കുന്നു. അവിടെ നിന്ന്‌ വല്ല വിവരമോ, അല്ലെങ്കില്‍ ഒരു തീക്കൊള്ളിയോ ഞാന്‍ നിങ്ങള്‍ക്ക്‌ കൊണ്ടുവന്ന്‌ തന്നേക്കാം. നിങ്ങള്‍ക്ക്‌ തീ കായാമല്ലോ?” (സൂറാ.കഥാകഥനം,28:28)

ഇവിടെ പറയുന്ന അവധി നാം നേരത്തെ കണ്ട എട്ട് അല്ലെങ്കില്‍ പത്ത് വര്‍ഷത്തെക്കുള്ള കരാര്‍ ആണ്. അത് പൂര്‍ത്തീകരിച്ചു കഴിഞ്ഞപ്പോള്‍ മൂസ തന്‍റെ കുടുംബത്തെയും കൊണ്ട് തിരിച്ചു പോകുകയാണ്.

6. മോശ മിദ്യാനില്‍ വെച്ച് തന്‍റെ അമ്മായപ്പന്‍റെ ആടുകളെ മേയ്ച്ചു കൊണ്ട് മരുഭൂമിക്കപ്പുറത്തു ദൈവത്തിന്‍റെ പര്‍വ്വതമായ ഹോരെബില്‍ ചെന്നപ്പോഴാണ് ദൈവത്തിന്‍റെ ദര്‍ശനം ഉണ്ടായത്‌ എന്ന് ബൈബിള്‍ പറയുന്നു (പുറപ്പാട്.3:1-6)

എന്നാല്‍ മൂസാനബി തന്‍റെ അമ്മായപ്പന്‍റെ വീട്ടില്‍ നിന്ന് തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്യുമ്പോള്‍ തൂവാ താഴ്‌വരയില്‍ വെച്ചാണ് അല്ലാഹുവില്‍ നിന്നും ദൂത്‌ കേള്‍ക്കുന്നത് എന്നാണ് ഖുര്‍ആന്‍ പറയുന്നത്:

“മൂസായുടെ വര്‍ത്തമാനം നിനക്ക്‌ വന്നുകിട്ടിയോ? അതായത്‌ അദ്ദേഹം ഒരു തീ കണ്ട സന്ദര്‍ഭം. അപ്പോള്‍ തന്‍റെ കുടുംബത്തോട്‌ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ നില്‍ക്കൂ; ഞാന്‍ ഒരു തീ കണ്ടിരിക്കുന്നു. ഞാന്‍ അതില്‍ നിന്ന്‌ കത്തിച്ചെടുത്തുകൊണ്ട്‌ നിങ്ങളുടെ അടുത്ത്‌ വന്നേക്കാം. അല്ലെങ്കില്‍ തീയുടെ അടുത്ത്‌ വല്ല വഴികാട്ടിയെയും ഞാന്‍ കണ്ടേക്കും. അങ്ങനെ അദ്ദേഹം അതിനടുത്ത്‌ ചെന്നപ്പോള്‍ (ഇപ്രകാരം) വിളിച്ചുപറയപ്പെട്ടു ഹേ; മൂസാ. തീര്‍ച്ചയായും ഞാനാണ്‌ നിന്‍റെ രക്ഷിതാവ്‌. അതിനാല്‍ നീ നിന്‍റെ ചെരിപ്പുകള്‍ അഴിച്ച്‌ വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു” (സൂറാ.ത്വാഹാ.9-12)

7. മോശ ദൈവം കല്പിച്ചത് പോലെ തന്നെയാണ് ഫറവോനോട് സംസാരിച്ചത് എന്ന് ബൈബിളില്‍ നിന്നും കാണാം:

“അതിന്‍റെ ശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു” (പുറ.4:1)

എന്നാല്‍ മുഹമ്മദിനെ പോലെ തന്നെ മൂസാനബിയും അല്ലാഹുവിനെ അനുസരിക്കുന്നതില്‍ വലിയ താല്പര്യമൊന്നും ഉള്ള കൂട്ടത്തിലായിരുന്നില്ല. പുള്ളി അല്ലാഹുവിന്‍റെ വാക്കുകളില്‍ സ്വന്തം ഇഷ്ടപ്രകാരം ചില തിരുത്തലുകള്‍ വരുത്തിയാണ് സംസാരിച്ചിരുന്നത് എന്ന് ഖുര്‍ആനില്‍ നിന്നും കാണാം:

“അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌. അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം. നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു” (സൂറാ.ത്വാഹാ,20:46-48)

ഇതാണ് മൂസയോടു പറയാന്‍ അല്ലാഹു കല്പിക്കുന്നത്. വേറെ ഒരിടത്തും കുറച്ചു വ്യത്യാസത്തോടെ ഈ കല്പന കാണാം:

“അല്ലാഹു പറഞ്ഞു: ഒരിക്കലുമില്ല, നമ്മുടെ ദൃഷ്ടാന്തങ്ങളും കൊണ്ട്‌ നിങ്ങള്‍ ഇരുവരും പോയിക്കൊള്ളുക തീര്‍ച്ചയായും നിങ്ങളോടൊപ്പം നാം ശ്രദ്ധിച്ചു കേള്‍ക്കുന്നുണ്ട്‌. എന്നിട്ട്‌ നിങ്ങള്‍ ഫിര്‍ഔന്‍റെ അടുക്കല്‍ചെന്ന്‌ ഇപ്രകാരം പറയുക: തീര്‍ച്ചയായും ഞങ്ങള്‍ ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു. ഇസ്രായീല്‍ ‍സന്തതികളെ ഞങ്ങളോടൊപ്പം അയച്ചുതരണം എന്ന നിര്‍ദേശവുമായിട്ട്‌” (സൂറാ.കവികള്‍,26:15-17)

എന്നാല്‍ മൂസാനബി എന്താണ് പറഞ്ഞത് എന്ന് നോക്കാം:

“മൂസാ പറഞ്ഞു: ഫിര്‍ഔനേ, തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവിങ്കല്‍ നിന്നുള്ള ദൂതനാകുന്നു. അല്ലാഹുവിന്‍റെ പേരില്‍ സത്യമല്ലാതൊന്നും പറയാതിരിക്കാന്‍ കടപ്പെട്ടവനാണ്‌ ഞാന്‍. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള വ്യക്തമായ തെളിവും കൊണ്ടാണ്‌ ഞാന്‍ നിങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ എന്‍റെ കൂടെ അയക്കൂ” (സൂറാ.ഉന്നതസ്ഥലങ്ങള്‍, 7:104,105)

‘തീര്‍ച്ചയായും “ഞങ്ങള്‍” ലോകരക്ഷിതാവിങ്കല്‍നിന്ന്‌ നിയോഗിക്കപ്പെട്ട ദൂതന്‍മാരാകുന്നു’ എന്ന ബഹുവചനം ഉപയോഗിക്കാനാണ് അല്ലാഹു മൂസയോടു കല്പിച്ചത്. എന്നാല്‍ മൂസ പറയുന്നത് ഞങ്ങള്‍ എന്നല്ല, ഞാന്‍ എന്ന് ഏകവചനത്തിലാണ്. ഹാരൂനിനെ മൂസാനബി ഗെറ്റൌട്ടടിച്ചു എന്ന് ചുരുക്കം!!

8. മോശയുടെ വാക്ക് ഫറവോ അനുസരിക്കാഞ്ഞത് കൊണ്ട് മിസ്രയീമില്‍ ദൈവം പത്ത് ബാധകള്‍ വരുത്തി എന്ന് ബൈബിള്‍ പറയുന്നു. അവ:

1. നൈല്‍ നദിയിലെ ജലം രക്തമായി മാറി (7:20)
2. രാജ്യം മുഴുവന്‍ തവള നിറഞ്ഞു; (8:2)
3. നിലത്തിലെ പൊടി പേനായി മാറി (8:16)
4. ദേശത്ത് നായീച്ച നിറഞ്ഞു (8:21)
5. അതികഠിനമായ വ്യാധികൊണ്ട് മിസ്രയീമ്യരുടെ മൃഗങ്ങളെല്ലാം ചത്തു (9:6)
6. മനുഷ്യരെയും മൃഗങ്ങളെയും പരു ബാധിച്ചു (9:10)
7. കല്മഴയും തീയും ഉണ്ടായി (9:24)
8. വെട്ടുക്കിളി ബാധ (10:14)
9. മൂന്ന് ദിവസത്തെ കൂരിരുട്ട് (10:22)
10. മിസ്രയീമിലെ ആദ്യജാതന്മാരുടെയും കടിഞ്ഞൂലുകളുടെയും സംഹാരം (12:29)

എന്നാല്‍ മൂസാനബി ചെയ്തത് ഒമ്പത് ദൃഷ്ടാന്തങ്ങള്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നു:

“തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക” (സൂറാ.നിശായാത്ര,17:101)

ഇതിന് നിച്ച് ഓഫ് ട്രൂത്ത്‌ പ്രസിദ്ധീകരിച്ച ഖുര്‍ആനില്‍ അടികുറിപ്പ് കൊടുത്തിരിക്കുന്നത് ഇപ്രകാരമാണ്:

“സത്യനിഷേധികള്‍ക്ക് മൂസാനബി(അ)യുടെ പ്രവാചകത്വം ബോദ്ധ്യപ്പെടുത്താനുതകുന്ന ഒമ്പത് തെളിവുകള്‍ അദ്ദേഹം മുഖേന അല്ലാഹു അവര്‍ക്ക് കാണിച്ചു കൊടുക്കുകയുണ്ടായി. ഒന്ന്, അദ്ദേഹത്തിന്‍റെ കൈ തൂവെള്ള നിറമായി മാറുന്നത്. രണ്ട്, അദ്ദേഹത്തിന്‍റെ വടി പാമ്പായിതീരുന്നത്, മൂന്ന് മുതല്‍ ഒമ്പത് വരെയുള്ളവ അദ്ദേഹത്തിന്‍റെ എതിരാളികള്‍ക്ക്‌ അല്ലാഹു അനുഭവിപ്പിച്ച കെടുതികളത്രേ. വരള്‍ച്ച, വിഭവദൌര്‍ഭിക്ഷ്യം, പ്രളയം, വെട്ടുക്കിളി, പേന്‍, തവള, രക്തം എന്നിവ.” (മൂസ ചെങ്കടല്‍ വിഭാഗിച്ചിട്ടില്ല എന്ന് ഇതില്‍ നിന്നും തെളിയുന്നു!)

9. യിസ്രായേല്‍ ജനം മോശെ യഹോവയായ ദൈവത്തില്‍ നിന്നുള്ള പ്രവാചകനാണെന്ന് ജനങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിച്ചിരുന്നു:

“യഹോവ മിസ്രയീമ്യരില്‍ ചെയ്ത ഈ മഹാപ്രവൃത്തി യിസ്രായേല്യര്‍ കണ്ടു; ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു” (പുറ.14:31)

എന്നാല്‍ മൂസയെ ജനം വിശ്വസിക്കാതെ തങ്ങള്‍ക്കു അല്ലാഹുവിനെ കാണിച്ചു തന്നാക്‌ മാത്രമേ വിശ്വസിക്കുകയുള്ളൂ എന്ന് പറയുകയുണ്ടായി:

“വേദക്കാര്‍ നിന്നോട്‌ ആവശ്യപ്പെടുന്നു; നീ അവര്‍ക്ക്‌ ആകാശത്ത്‌ നിന്ന്‌ ഒരു ഗ്രന്ഥം ഇറക്കികൊടുക്കണമെന്ന്‌. എന്നാല്‍ അതിനെക്കാള്‍ ഗുരുതരമായത്‌ അവര്‍ മൂസായോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌ (അതായത്‌) അല്ലാഹുവെ ഞങ്ങള്‍ക്ക്‌ പ്രത്യക്ഷത്തില്‍ കാണിച്ചുതരണം എന്നവര്‍ പറയുകയുണ്ടായി. അപ്പോള്‍ അവരുടെ അക്രമം കാരണം ഇടിത്തീ അവരെ പിടികൂടി. പിന്നെ വ്യക്തമായ തെളിവുകള്‍ വന്നുകിട്ടിയതിന്‌ ശേഷം അവര്‍ കാളക്കുട്ടിയെ (ദൈവമായി) സ്വീകരിച്ചു. എന്നിട്ട്‌ നാം അത്‌ പൊറുത്തുകൊടുത്തു. മൂസായ്ക്ക്‌ നം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു” (സൂറാ.സ്ത്രീകള്‍.4:153)

“ഓ; മൂസാ, ഞങ്ങള്‍ അല്ലാഹുവെ പ്രത്യക്ഷമായി കാണുന്നത്‌ വരെ താങ്കളെ ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല എന്ന്‌ നിങ്ങള്‍ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക.) തന്നിമിത്തം നിങ്ങള്‍ നോക്കി നില്‍ക്കെ ഇടിത്തീ നിങ്ങളെ പിടികൂടി” (സൂറാ.പശു.2:55)

10. മോശയോടു യഹോവയായ ദൈവം കാര്യങ്ങളെല്ലാം എഴുതിവെക്കാനും അത് അടുത്ത തലമുറയ്ക്ക് വായിച്ചു കേള്‍പ്പിക്കാനും ആവശ്യപ്പെടുന്നുണ്ട്:

“യഹോവ മോശെയോടു: നീ ഇതു ഓര്‍മ്മെക്കായിട്ടു ഒരു പുസ്തകത്തില്‍ എഴുതി യോശുവയെ കേള്‍പ്പിക്ക” (പുറ.17:14)

എന്നാല്‍ മൂസയോട് എന്തെങ്കിലും എഴുതി വെക്കാന്‍ അല്ലാഹു കല്‍പ്പിച്ചതായി ഖുര്‍ആനിലോ ഹദീസിലോ ഇല്ല.

11. മോശെ ദൈവത്തോടൊപ്പം പര്‍വ്വതത്തില്‍ ആയിരുന്ന സമയത്ത് ജനം കാളക്കുട്ടിയെ ഉണ്ടാക്കിയപ്പോള്‍ മോശെ താഴെക്കിറങ്ങി വന്ന് തന്‍റെ സഹോദരനായ അഹരോനെ ശാസിക്കുന്നുണ്ടെങ്കിലും ദേഹോപദ്രവമേല്‍പ്പിക്കുന്നില്ല. (പുറ.32:21-24)

എന്നാല്‍ മൂസാ തന്‍റെ സഹോദരനായ ഹാരൂനിനെ തലക്കും താടിക്കും പിടിച്ചു വലിച്ച് ഉപദ്രവിക്കുന്ന ആളായിരുന്നു:

“അദ്ദേഹം (ഹാറൂന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, നീ എന്‍റെ താടിയിലും തലയിലും പിടിക്കാതിരിക്കൂ. ഇസ്രായീല്‍ സന്തതികള്‍ക്കിടയില്‍ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു, എന്‍റെ വാക്കിന്‌ നീ കാത്തുനിന്നില്ല. എന്ന്‌ നീ പറയുമെന്ന്‌ ഞാന്‍ ഭയപ്പെടുകയാണുണ്ടായത്‌” (സൂറാ.ത്വാഹാ.20:94)

“കുപിതനും ദുഃഖിതനുമായിക്കൊണ്ട്‌ തന്‍റെ ജനങ്ങളിലേക്ക്‌ മടങ്ങി വന്നിട്ട്‌ മൂസാ പറഞ്ഞു: ഞാന്‍ പോയ ശേഷം എന്‍റെ പിന്നില്‍ നിങ്ങള്‍ പ്രവര്‍ത്തിച്ച കാര്യം വളരെ ചീത്ത തന്നെ. നിങ്ങളുടെ രക്ഷിതാവിന്‍റെ കല്‍പന കാത്തിരിക്കാതെ നിങ്ങള്‍ ധൃതികൂട്ടിയോ? അദ്ദേഹം പലകകള്‍ താഴെയിടുകയും, തന്‍റെ സഹോദരന്‍റെ തല പിടിച്ച്‌ തന്‍റെ അടുത്തേക്ക്‌ വലിക്കുകയും ചെയ്തു. അവന്‍ (സഹോദരന്‍) പറഞ്ഞു: എന്‍റെ ഉമ്മയുടെ മകനേ, ജനങ്ങള്‍ എന്നെ ദുര്‍ബലനായി ഗണിച്ചു. അവരെന്നെ കൊന്നേക്കുമായിരുന്നു. അതിനാല്‍ (എന്നോട്‌ കയര്‍ത്തു കൊണ്ട്‌) നീ ശത്രുക്കള്‍ക്ക്‌ സന്തോഷത്തിന്‌ ഇടവരുത്തരുത്‌. അക്രമികളായ ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ കണക്കാക്കുകയും ചെയ്യരുത്‌” (സൂറാ.ഉന്നതസ്ഥലങ്ങള്‍,7:150)

12. ജനങ്ങളുടെ മുമ്പാകെ മോശ വളരെയധികം മാന്യതയോടെ തന്നെ പെരുമാറി. ജനം അദ്ദേഹത്തിനെ ബഹുമാനിക്കുകയും ചെയ്തിരുന്നു.

മൂസാനബി ജനങ്ങളുടെ ഇടയിലൂടെ തുണിയില്ലാതെ ഓടാനും മടിയില്ലാത്തവനായിരുന്നു:

“അബു ഹുറയ്റ(റ) പറയുന്നു; തിരുമേനി(സ) അരുളി: “ഇസ്രായീല്യര്‍ നഗ്നരായിട്ടാണ് കുളിച്ചിരുന്നത്; നഗ്നത അവര്‍ അന്യോന്യം നോക്കിക്കൊണ്ടുമിരിക്കും. മൂസ(അ) ഏകനായിക്കൊണ്ടാണ് കുളിച്ചിരുന്നത്.മൂസാക്ക് അണ്ഡവൃദ്ധിയുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം നമ്മോടൊപ്പം കുളിക്കാത്തതെന്നും മറ്റുള്ളവര്‍ കളിയാക്കി. പിന്നീടൊരിക്കല്‍ ഹസ്രത്ത്‌ മൂസാ കുളിക്കാന്‍ പോയി; വസ്ത്രം ഒരു കല്ലിന്മേല്‍ വെച്ചു. ഉടനെ കല്ല്‌ ആ വസ്ത്രവും കൊണ്ടോടി. “കല്ലേ! എന്‍റെ വസ്ത്രം!” “കല്ലേ! എന്‍റെ വസ്ത്രം!” എന്ന് പറഞ്ഞുകൊണ്ട് ഹസ്രത്ത്‌ മൂസ പിന്നാലെയും. അവസാനം ഇസ്രായീല്യര്‍ മൂസായെ നഗ്നരൂപത്തില്‍ നോക്കിക്കണ്ടു. അവര്‍ പറഞ്ഞു: “അല്ലാഹുവാണ, മൂസക്ക് യാതൊരു രോഗവുമില്ല.” മൂസാ അവിടെ വെച്ചു തന്‍റെ വസ്ത്രമെടുത്തു; എന്നിട്ട് കല്ലിനെ അടിക്കാന്‍ തുടങ്ങി. അബുഹുറയ്റ പറയുകയാണ്‌: “മൂസാ അടിച്ചതിന്‍റെ ആറോ ഏഴോ അടയാളം ആ കല്ലില്‍ അവശേഷിച്ചിട്ടുണ്ട്.” (സ്വഹീഹുല്‍ ബുഖാരി, അദ്ധ്യായം 5, ഹദീസ്‌ നമ്പര്‍ 191, പുറം 248,250)

13. ബൈബിളിലെ മോശെ ദൈവത്തെ അറിയുന്നതിന് മുന്‍പുള്ള സമയത്ത് ഒറ്റ അടിക്ക് ഒരു മനുഷ്യനെ കൊന്നിട്ടുണ്ട്. എന്നാല്‍ ദൈവത്തെ അറിഞ്ഞതിനു ശേഷം അദ്ദേഹം സൌമ്യതയുള്ളവനായി മാറുകയാണ് ഉണ്ടായത്:

“മോശെ എന്ന പുരുഷനോ ഭൂതലത്തില്‍ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു” (സംഖ്യാ.12:3)

എന്നാല്‍ മൂസാ നബി വളരെയേറെ കോപിക്കുന്നവനും ദേഷ്യം വന്നാല്‍ മലക്കാണെങ്കിലും ശരി, അടിച്ച് കണ്ണ് പൊട്ടിക്കുകയും ചെയ്യുന്നവനുമായിരുന്നു:

“അബു ഹുറൈറ (റ) പറയുന്നു: മരണമലക്ക്‌ മൂസാ (അ)യെ മരിപ്പിക്കാന്‍ ചെന്നപ്പോള്‍ അവിടുന്ന് മലക്കിന്‍റെ മുഖത്ത് ഒരടി വെച്ചു കൊടുത്തു. (അടി കൊണ്ട് മലക്കിന്‍റെ ഒരു കണ്ണ് പൊട്ടിപ്പോയി.) ആ മലക്ക്‌ തന്‍റെ നാഥന്‍റെ സന്നിധിയില്‍ തിരിച്ചു ചെന്ന് ഇങ്ങനെ ബോധിപ്പിച്ചു; ‘നാഥാ! മരിക്കാന്‍ ഇഷ്ടപ്പെടാത്ത ഒരു ദാസന്‍റെ അടുക്കലേക്കാണ് നീ എന്നെ അയച്ചത്.’ അള്ളാഹു മലക്കിന്‍റെ കണ്ണ് പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തിട്ട് കല്‍പ്പിച്ചു; ‘നീ തിരിച്ചു ചെന്ന് മൂസയോടു തന്‍റെ കൈ ഒരു കാളയുടെ മുതുകില്‍ വെയ്ക്കാന്‍ പറയണം. ആ കൈ കൊണ്ട് മൂടുന്ന ഓരോ രോമത്തിനും ഒരു വര്‍ഷത്തെ ആയുസ്സ്‌ നീട്ടിക്കൊടുക്കുന്നതാണ്...’ മൂസാ (അ) ചോദിച്ചു: ‘എന്‍റെ നാഥാ! അതിന് ശേഷം എന്ത് സംഭവിക്കും?’ ‘പിന്നെ മരണമായിരിക്കും.’ നാഥന്‍ പ്രത്യുത്തരം നല്‍കി. മൂസാ (അ) പറഞ്ഞു: ‘എങ്കില്‍ ഇപ്പോള്‍ത്തന്നെ മരിക്കാന്‍ സന്നദ്ധനാണ്.’ പക്ഷേ ബൈത്തുല്‍മുഖദ്ദസില്‍ നിന്നും ഒരു കല്ലെറിഞ്ഞാല്‍ എത്തുന്ന ദൂരത്ത് എത്തിയ ശേഷമേ തന്നെ മരിപ്പിക്കാവൂ എന്ന് അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ‘ഞാനവിടെ ആയിരുന്നെങ്കില്‍ ചുവന്ന കുന്നിനടുത്തെക്കുള്ള വഴിയില്‍ അദ്ദേഹത്തിന്‍റെ ഖബര്‍ നിങ്ങള്‍ക്ക്‌ കാണിച്ചു തരുമായിരുന്നു’ എന്ന് തിരുമേനി അരുളി. (സഹീഹുല്‍ ബുഖാരി, അദ്ധ്യായം 23, ഹദീസ്‌ നമ്പര്‍ 651, പേജ് 408)
കടപ്പാട്: അനില്‍ കുമാര്‍ വി അയ്യപ്പന്‍

1 comment:

  1. മൂസ യുടെ പിതാവ് ഇമ്രാൻമൂസാനബിയുടെ പിതാവ് ഇമ്രാൻ ആണെന്ന് ഖുർആനിൽ പരാമർശിച്ചിട്ടുണ്ട് ഉണ്ട്

    ReplyDelete